സൈനികൻ
സൈനികൻ
ഇരുപത്തഞ്ചു ലക്ഷം കൗരവപ്പട, ഇരുപതു ലക്ഷത്തിലധികം വരുന്ന പാണ്ഡവപ്പട. ആയിരക്കണക്കിന് ആനകൾ, കുതിരകൾ, അമ്പ്, വില്ല്, കുന്തം, വാൾ, പരിച എണ്ണിയാൽ തീരാത്ത ആയുധങ്ങൾ .
ഒരുവശത്തു വില്ലന്മാരെന്നു മുദ്രകുത്തപ്പെട്ടവർ, മറുവശത്തു വില്ലാളി വീരന്മാരെന്നു കീർത്തികെട്ടവർ.
ശ്രീകൃഷ്ണൻ, പഞ്ചപാണ്ഡവർ എന്നിവർ അടങ്ങുന്ന സൈനൃത്തിന് മുഖാമുഖമായി ഭീഷ്മർ, ദ്രോണർ, കർണ്ണൻ, ദുര്യോധനൻ, ദുശ്ശാസനൻ അടക്കം ഒട്ടനവധി പ്രമുഖർ. ഈ യുഗത്തിൽ അവിശ്വസനീയം എന്നു വിശേഷിപ്പിക്കാവുന്ന സൈന്യം രണ്ടുവശത്തും. അംഗസംഖ്യ കൊണ്ടും വില്ലാളി വീരന്മാരെക്കൊണ്ടും നിറഞ്ഞു കവിഞ്ഞ യുദ്ധഭൂമി.
ഈ നാല്പത്തിയഞ്ചു ലക്ഷത്തിൽ ഒരുവനെ ആരറിയാൻ!
ഈ മനുഷ്യക്കടലിൽ എത്ര പേരുടെ പേരെടുത്തു പറയാനാവും? ഇരുപത്? മുപ്പത്? നൂറ്? കവിഞ്ഞാൽ ഇരുന്നൂറോ മുന്നുറോ പേരുകൾ മാത്രം. പേരറിയാത്ത ലക്ഷക്കണക്കിന് സൈനികർ -ആനകളാൽ ചവിട്ടി മെതിക്കപ്പെടേണ്ടവർ, കുതിരകളാലും, രഥച്രകങ്ങളാലും ചത്തരയേണ്ടവർ. വില്ലാളി വീരന്മാരെ രക്ഷിക്കാൻ, അവർക്ക് കവചം തീർക്കാൻ വിധിക്കപ്പെട്ടവർ. ആരുമാരും അറിയാതെ രണ്ടു വിഭാഗം ജ്യേഷ്ഠാനുജപുത്രന്മാർക്ക് വേണ്ടി ജീവിതം ഹോമിക്കപ്പെട്ടവർ. ആര് ജയിച്ചാലും തോറ്റാലും ഈ ലക്ഷക്കണക്കിന് മനുഷ്യർക്ക് ഒന്നും നേടാനില്ല. ഈ യുദ്ധഭൂമിയിൽ മരിച്ചു വീണാൽ സ്വന്തം ഭാര്യയും മക്കളും അല്ലാതെ ആരും വേദനിക്കാനില്ല. അവരുടെ വേദന ആരും മനസ്സിലാക്കില്ല. ഗീതോപദേശം നൽകിയ ശ്രീകൃഷ്ണൻ പോലും.
അഹംഭാവം കൊണ്ട് ഈ യുദ്ധം തുടങ്ങിയ ദുര്യോധനനോ നൂറോളം വരുന്ന കൗരവരോ അറിയില്ല സാധാരണ ഒരു സൈനികന്റെ വേദന. എല്ലാം അറിയുന്ന എന്നാൽ എല്ലാ അവശ്യ-അനാവശ്യങ്ങൾക്കും കൂട്ടുനിന്ന കൃഷ്ണനോ, ധർമ്മത്തിനും നീതിക്കും വേണ്ടി ജീവിച്ച യുധിഷ്ഠിരനോ, ഭീഷ്മർക്കോ, കൃപർക്കോ, ദാനശീലനെന്നു പേരു കേട്ട കർണനോ, അന്ധതയെ മറയാക്കി ജീവിച്ച ധൃതരാഷ്ട്രർക്കോ , കണ്ണടച്ച് ഇരുട്ടാക്കിയ ഗാന്ധാരിക്കോ, എന്തിനേറെ – വരദാനം കൊണ്ട് മാത്രം പുത്രരെ സൃഷ്ടിച്ച കുന്തിക്ക് പോലും പറ്റിയില്ല ഈ അനാവശ്യ യുദ്ധം ഒഴിവാക്കാൻ. സ്വയം നശിക്കാനും മുഴുവൻ ബന്ധുക്കളെ നശിപ്പിക്കാനും മാത്രമായിട്ടുള്ള ഈ യുദ്ധം, പിന്നെ എന്നെപ്പോലെ ലക്ഷക്കണക്കിനുള്ള സാധാരണ പ്രജകളെ കുരുതി കൊടുക്കാനും.
ഈ ലക്ഷക്കണക്കിന് സൈനികർക്ക് പേരില്ല! ഏതു രാജ്യത്തുനിന്ന് വന്നവരെന്നറിയില്ല! വെറും എണ്ണത്തിനു വേണ്ടി, അംഗബലത്തിനു വേണ്ടി, അവരുടെ ദേശത്തിലെ രാജാക്കന്മാർ യുദ്ധത്തിലേക്ക് തള്ളിവിട്ടവർ- ഈയാം പാറ്റകളെ പോലെ ചത്തൊടുങ്ങാൻ മാത്രം…
ഒരു സാധാരണ സൈനികന് ഇതാണല്ലോ വിധി!