Editor's Letter

സുഹൃത്തുക്കളെ,

 കൈരളി ക്ലബ്ബ് രജതജൂബിലി വർഷത്തിൽ പ്രസിദ്ധീകരിക്കുന്ന ചേതനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എൻറെ ചാരിതാർഥ്യം ആദ്യം അറിയിക്കട്ടെ.

ഏതൊരു സംഘടനയും അതിന്റെ സ്ഥാപകരുടെ ദീർഘവീക്ഷണങ്ങളുടെ സംഭാവനയാണ്. കൈരളിയും, പ്രസിദ്ധീകരണമായ ചേതനയും, ഇതിൽ നിന്നും വ്യത്യസ്തമല്ല.  ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന സ്ഥാപകാംഗങ്ങളെയും,  മറ്റു ദേശങ്ങളിലേക്കു കുടിയേറി പോയവരെയും, മണ്മറഞ്ഞവരെയും ഓർത്തുകൊണ്ട്, ചേതനയുടെ ഈ നാഴികക്കല്ല് കൈരളി അംഗങ്ങൾക്കു സമർപ്പിക്കുന്നു.

 2020 ന്റെ ആദ്യപകുതി ലോകത്തിനു സമ്മാനിച്ചത് ഉത്കണ്ഠയുടെയും, നഷ്ടങ്ങളുടെയും, കണ്ണീരിന്റെയും  ഇനിയും നിലയ്ക്കാത്ത കണക്കുകൾ. തെരുവോരങ്ങളിൽ മരിച്ചുവീഴുന്ന നിസ്സഹായരായ മനുഷ്യർ. കാഴ്ചയും കേൾവിശക്തിയും നഷ്ടപെട്ട ഭരണകൂടങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ പല സാമൂഹ്യ-വാണിജ്യ പരിഷ്കാരങ്ങളും, പരിചയിച്ചുപോന്ന ജീവിത വ്യവസ്ഥകളും അന്യം നിന്ന് പോകും എന്ന അവസ്ഥ. ഇതിനിടയിലും രാഷ്ട്രീയ കുടിലതന്ത്രങ്ങളും, കുതിരക്കച്ചവടവും, സൈനികനീക്കങ്ങളും മെനഞ്ഞു ഭരണകർത്താക്കൾ.

ഈ വിപത്തുകളുടെ നടുവിൽ, സമൂഹത്തിനു ആശ്വാസം പകർന്നു നിസ്വാർത്ഥരായ ഡോക്ടർമാർ, നേഴ്സ്മാർ, സന്നദ്ധപ്രവർത്തകർ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നവർ, എന്നിങ്ങനെ ഒരുപറ്റം ആൾക്കാർ, സ്വജീവൻ പോലും പണയപ്പെടുത്തി ഇവർ നൽകുന്ന സേവനം എല്ലാകാലത്തും നമ്മുടെ മനസ്സിൽ ഉണ്ടാവും. ഉണ്ടായിരിക്കണം.

ഈ വർഷത്തെ ചേതനയുടെ വിശേഷങ്ങളിലേക്ക് – നിരവധി കഥകളും, കവിതകളും, ചിത്രങ്ങളും, യാത്രാവിവരണങ്ങളും കൊണ്ട് സമ്പന്നമാണ് ഇത്തവണയും ചേതന. വിവിധ സൃഷ്ടികളിലൂടെ ചേതനയെ സമ്പുഷ്ടമാക്കിയ ഓരോ വ്യക്തികളോടും ഞങ്ങളുടെ അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ. മറ്റൊരു വിശേഷം കൂടിയുണ്ട്, ഇനിമുതൽ വർണശബളമായ ചേതനയുടെ പേജുകൾ പുസ്‌തകരൂപത്തിൽ മാത്രമല്ല, ഓൺലൈൻ എഡിഷൻ ആയി നിങ്ങളുടെ കമ്പ്യൂട്ടറും, മൊബൈൽ ഫോണുകളും വഴി നിങ്ങളുടെ സന്തതസഹചാരിയാവും.  

ഇപ്പോഴത്തെ പരിമിതികളിൽ ഒതുങ്ങാതെ ഊർജ്വസ്വലരായി എന്നോടൊപ്പം പ്രവർത്തിച്ചു ചേതനയ്ക്കു നിറവ് പകരുന്ന റാണി, സച്ചി, ലേഖ, മഞ്ജു, നിഷ, ദിനേശ്, ദീപ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. കൈരളി 2019-20 കമ്മിറ്റിക്കും പ്രസിഡൻറ് മുരളിക്കും ഞങ്ങളുടെ നന്ദി.    
————————————————————————————  ——————-

വരും ദിനങ്ങളിൽ ചേതനയുടെ ഓൺലൈൻ പതിപ്പിൽ ഓഡിയോ കഥകൾ (audio stories), വീഡിയോ ഫീച്ചേഴ്സ് എന്നിവയും ഉണ്ടാവും. ഇവയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ചേതന കമ്മിറ്റിയുമായി ബന്ധപ്പെടുക. ചേതനയിലെ കലാസൃഷ്ടികളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഓൺലൈനിൽ അറിയിക്കാൻ ഓർക്കുമല്ലോ.

Standing L to R: Rani, Deepa, Lekha, Manju, Nisha

Sitting L to R: Dinesh, Venu, Sachidanandan