കൃഷി ചെയ്താലേ ഓണം വിളയൂ
കൃഷി ചെയ്താലേ ഓണം വിളയൂ
ഓണം, വിഷു, തിരുവാതിര എന്ന മൂന്നും ആണ്ടറുതികൾ എന്നാണ് അറിയപ്പെടുന്നത്. മൂന്നും മുന്നു തരത്തിലാണ് കാലപ്രവാഹത്തിലെ അറുതികളും, ഒപ്പം പുനരാരംഭങ്ങളും ആവുന്നത്. മുന്നും കൃഷിയുമായി ബന്ധപ്പെട്ട മഹോത്സവങ്ങളാണ്. ഈ ആഘോഷങ്ങളെ വിശകലനം ചെയ്താൽ പരമ്പരാഗതമായ കാർഷിക സംസ്കൃതിയെക്കുറിച്ച് ഒരുപാട് അറിവുനേടാം. പ്രത്യകിച്ചും ഓണവും വിഷുവും.
ഓണം ഒരു മനോഹരമായ കിനാവിന്റെ ആഘോഷം. ലോകത്ത് മറ്റെങ്ങും ഇങ്ങനെ ഒന്ന് ഇല്ല. മനുഷ്യരെല്ലാം സമന്മാരും സന്തുഷ്ടരും ആയി കഴിയുന്ന ഒരു കാലത്തെ സ്വപ്നം കാണുക മാതമല്ല, ഒരു ദിവസമെങ്കിലും അങ്ങനെ ഒരു അവസ്ഥ യാഥാർഥ്യമാക്കാൻ പരമാവധി ശ്രമിക്കുക കൂടി ചെയ്യുന്ന മഹനീയമഹാമഹം. തിരുവാതിര പ്രകൃതീദേവിയുടെ ലാസവിലാസങ്ങളുടെയും മാംഗലൃത്തിന്റെയും ഉൽഘോഷണം. വിഷുവോ, പ്രപഞ്ചത്തെ മൊത്തമായി ഒരു ഏകകമായി കാണുകയും പഞ്ചഭൂതങ്ങളെയും അവയാൽ നിർമ്മിതമായ എല്ലാത്തിനെയും ഈശാവാസ്യമുരുവിട്ട് ആരാധിക്കുകയും ചെയ്യുന്ന മുഹൂർത്തം. മൂന്നും കൃഷിയുടെ ഋതുപരിണാമങ്ങളെ അടയാളപ്പെടുത്തുന്നു.
വിഷുവിന്റെ പ്രധാനചടങ്ങ് വയലിൽ ചാലെടുക്കലാണല്ലൊ. ഒരാണ്ടത്തെ കാർഷികവൃത്തിയുടെ തുടക്കം. ഒരു മഴയെങ്കിലും പെയ്താൽ ഒരു വെട്ടിന് പുതല്മണ്ണിൽ ഉണ്ടാവും. കൈക്കോട്ടുകൊണ്ട് ആഞ്ഞൊരു കൊത്താണ് ഒരു വെട്ട്. അതൊരു പത്തിഞ്ചുവരെ ആഴത്തിൽ ചെല്ലും. അത്രയുമേ കരിയുടെ കൊഴുവും ചെല്ലു.
കണി കണ്ടാണ് ചാലെടുക്കാൻ പുറപ്പെടുന്നത്.ഐശ്വര്യവും മാംഗല്യവും അഴകേറ്റുന്ന കാഴ്ചയാണ് കണി. ഉരുളിയിലെ കണിയുടെ നടുനായകം ദൈവവിഗ്രഹമാണ്. കണ്ണനാണ് പതിവ്. അദ്ദേഹമാണല്ലൊ ഗോപാലകരുടെയും കർഷകരുടെയും തുണ. ഗോവർദ്ധന പർവ്വതം പൊക്കി കുടയാക്കിപോലും അദ്ദേഹം അതിവർഷത്തെ തടഞ്ഞുനിർത്തിത്തരും. കരി ആയുധമായ സഹോദരൻ ബലരാമൻ കണ്ണന്റെ കൂടെ സഹായത്തിന് എപ്പോഴും ഉണ്ടാവുകയും ചെയ്യും. പേരു പോലെ അതീവ ബലവാനാണ് അദ്ദേഹം.
ആരും കൊണ്ടുവന്നു വെയ്ക്കുന്നതല്ല. നാം തന്നെ ഒരുക്കുന്നതാണ് നമ്മുടെ കണി. അതിലേയ്ക്കു കൺതുറപ്പിക്കുക കാരണവന്മാരാണ്. കണി കണ്ടാൽ അവരുടെ വക അനുഗ്രഹവും ഉണ്ട്. ഒരാണ്ടത്തെ ഫല്രശുതിയാണ് ആ കണി. ദൈവമേ വർഷം മുഴുവൻ ഇങ്ങനെ ആയിരിക്കണേ എന്ന പ്രാർത്ഥനയുടെ മൂർത്തരൂപമാണത്. ഇങ്ങനെ ആക്കാൻ എനിക്കു കഴിവതത്രയും ഞാൻ ചെയ്യുമെന്ന നിശ്ശബ്ദപ്രതിജ്ഞയും ആ കണികാഴ്ചയിൽ ഉണ്ട്,
ചാലെടുക്കുക എന്നാൽ കാലികളെ നുകം വെച്ച് കരി കെട്ടി ഒരു നീളം ഉഴുക എന്ന യാന്ത്രികമായ ജോലിയല്ല. ചാലെടുക്കൽ ഒരു അനുഷ്ഠാനമാണ്.അതിന് മാനസികമായും സാംസ്കാരികമായും ആരാധനാപരമായും ഒരുങ്ങേണ്ടതുണ്ട്. അതൊരു യജ്ഞത്തിന്റെ തുടക്കമാണ്. ഒരുപാടാളുകൾ അതിനു തുണ വേണം. കരിയും നുകവും പണിയുകയും കേടുപാടു തീർക്കുകയും ചെയ്യുന്ന മരപ്പണിക്കാരന്, കൊഴു കാച്ചിച്ചുട്ട് ഊട്ടുറപ്പിക്കുന്ന ഇരിമ്പുപണിക്കാരൻ, നുകം മൂറുക്കി കരി അമച്ചു കെട്ടാനും കാളകളുടെ കഴുത്തിലൂടെ ചൂറ്റിക്കെട്ടാനും ചകിരിനാരു പിരിച്ചു കയർ നൽകുന്നവർ, സംക്രമപുരുഷസ്വഭാവം ഗണിച്ച് ആദ്യത്തെ ചാലെടുക്കാൻ നല്ല നേരം നോക്കി ഓലകുറിച്ചു തരുന്ന ജ്യോത്സ്യൻ, എന്നിങ്ങനെ സഹായികളുടെ നീണ്ട നിര, കരി വലിക്കുന്ന കന്നുകാലികളിലും വയലിലെ സന്തുലിതാവസ്ഥ നിലനിർത്തുന്ന അനേകതരം പ്രാണികളിലൂമേ അവസാനിക്കൂ. ചുരുക്കത്തിൽ ഈ പ്രപഞ്ചം മുഴുക്കെ പങ്കു ചേരുന്ന ഒരു മഹായജ്ഞം തുടങ്ങി വെയ്ക്കുന്നു എന്നാണ് സങ്കല്പം.
കൈ കൂപ്പി പ്രാർത്ഥിചാണ് വയലിലേയ്ക്ക് കൊണ്ടുപോകാനുള്ള വിത്ത് പത്തായത്തിൽ നിന്ന് വാരിയെടുക്കുന്നത്. വിത്തിന്റെ ശബ്ദം കേട്ടാൽ വിളവറിയാം എന്നു കാരണവന്മാർ പറയും. വാരി നിറയ്ക്കുമ്പോൾ മണികൾ പുറപ്പെടുവിക്കുന്ന ചിലമ്പലാണ് ഈ ശബ്ദം. ഉണക്കം, ഉൾക്കനം, സജീവത മുതലായ ഗുണങ്ങൾ ഈ ശബ്ദംകൊണ്ട് അറിയാം. പതിരുണ്ടെങ്കിൽ വേറെയും അറിയാം. വിഷുവിന് വിത്തൂണരുന്നു. അതായത്, മുളയ്ക്കാൻ സമയമായി എന്ന ബോധം ഈ സമയത്ത് വിത്തിൽത്തന്നെ മുളയ്ക്കുന്നു എന്നു നിശ്ചയം!
കൂളിച്ചു ശുദ്ധമായി വേണം വിത്തെടുക്കാൻ. അത് ചാണകം മെഴുകി ഉണക്കി തയ്യാറാക്കിയ പുതിയ കുട്ടയിൽ തലയിലെടുത്ത് രണ്ടു കൈ കൊണ്ടും ആദരവോടെ താങ്ങിപ്പിടിച്ച് ഗുരുകാരണവന്മാരെ വണങ്ങി നടത്തു ചൊല്ലി വേണം വയലിലേയ്ക്ക് കൊണ്ട് പോകാൻ. കാരണവർ കുത്തുവിളക്കും പിടിച്ച് മുന്നിൽ നടക്കണം. ഇളമുറക്കാർ അതിനു പിന്നിൽ നടത്തു ചൊല്ലി ആർക്കണം. പിന്നെ, കാലികൾ മൂക്കുകയറിൽ. അതിനും പിന്നിൽ കരിയും നുകവും ചുമക്കുന്നവൻ . അതിനു പുറകെയാണ് വിത്തിന്റെ ഈഴം. ഏറ്റവും പിന്നിൽ ആത്മരക്ഷയ്ക്കുള്ള ആയുധമേന്തി യോദ്ധാവായ കാവലാൾ .
മുഹൂർത്തം എന്നുമെപ്പോഴും ഏഴര നാഴിക വെളുപ്പിനായിരിക്കും. വിത്ത് വയലിൽ താഴെ ഇറക്കുമുമ്പ് ഭൂമിയെ പൂജിക്കണം. ഇത് വിസ്തരിച്ചുതന്നെ വേണം. വീണുവണങ്ങി സമ്മതം ചോദിക്കണം. കാരണം, കരികോറി മുറിവേല്പിക്കാനാണ് പോകുന്നത്! സമുദ്രവസനേ ദേവി എന്നു തുടങ്ങി ഈ അപരാധം ക്ഷമിക്കണേമേ എന്ന് സമാപനം.
പിന്നെ, ആദിതൃഹൃദയം ജപിച്ച് കിഴക്കോട്ടു തിരിഞ്ഞ് കരി കെട്ടി ചാലെടുക്കണം. ചാലെടുക്കുന്ന മുറയ്ക്ക് ചാലിൽ വിത്തിടണം. സൂര്യനാണ് ജീവന്റെ കാവലാൾ. അന്നദാതാവും സൂര്യൻതന്നെ. എന്തിന്, ഭൂമിയുടെയെന്നല്ല സകല ഗ്രഹങ്ങളുടെയും നിലനില്പും പ്രയാണവും രാപ്പകലുകളും സൂര്യനാണല്ലൊ നിലനിർത്തുന്നത്.
സൂര്യൻ തന്നെയാണ് കാലാവസ്ഥയും നിർണായിക്കുന്നത്. കാലം നോക്കിയാണ് കൃഷി എങ്കിലും ചിലപ്പോൾ കാലം പിഴച്ചാവാം മഴയും വെയിലുമൊക്കെ. ആ പിഴവിനു പിന്നിലും അതിന്റേതായ ഒരു കാരണമൂണ്ടാവും. ന്യായമെന്തെന്ന് നമുക്ക് വൃക്തമല്ല എന്നതിനാൽ അതൊരു പരിഭവഫലമാണെന്ന് പലപ്പോഴും തോന്നാം. ആ തോന്നൽ ശരിയല്ല. അതിലും കാര്യമുണ്ടാവും. അതിനാൽ അതു ക്ഷമാപൂർവം സഹിക്കുക എന്നാണ് രീതി. കൃഷിക്കാരന് ആരോടും പരിഭവമില്ല, ഉണ്ടാവുകയും ഇല്ല. ദൈവനിശ്ചയംപോലെ വരും എന്നാണ് ഉറപ്പ്, ചെയ്യേണ്ടതൊക്കെ മുറപോലെ ചെയ്യുക, കിട്ടിയതൊക്കെ സ്വീകരിക്കുക, ഒരിക്കലും ആരെയും പഴിക്കാതിരിക്കുക, അടുത്ത തവണ കൂടുതൽ മെച്ചമാകും എന്നുതന്നെ എന്നും കരുതുക.
ആയാതമായാതമപേക്ഷണീയം, ഗതംഗതം സർവ്വമുപേക്ഷണീയം – പോയതൊക്കെ ഉപേക്ഷിക്കേണ്ടിയിരുന്നതാണെന്നും വരുന്നതൊക്കെ അപേക്ഷിച്ചു വാങ്ങുന്നതാണെന്നും കരുതിക്കോളുക! പിന്നെ സങ്കടത്തിന്റെ ആവശ്യമൊ പ്രസക്തിയോ ഇല്ലല്ലൊ!
പൂത്തിരിയും മത്താപ്പും പടക്കവും വിഷുവിന്റെകൂടെ എങ്ങനെ വന്നു എന്നു നല്ല നിശ്ചയമില്ല. ഒരു വേള പണ്ട് കൃഷിയിടങ്ങൾ വനമദ്ധ്യത്തിലായിരുന്നിരിക്കാം. അവിടെ പെരുമാറുന്ന ജീവികൾക്ക് ഒരു മുന്നറിയിപ്പായി തുടങ്ങിയ പ്രാകശ-ശബ്ദപ്രയോഗമായിരിക്കാം ഇത്. ഇതാ, ഈ വിള കൊയ്തെടുക്കുവോളം ഇവിടെ വന്ന് വിഷമം ഉണ്ടാക്കരുത് എന്ന ഭംഗ്യന്തരേണയുള്ള അപേക്ഷയും പ്രഖ്യാപനവും.
വിഷുവിന് സദ്യവട്ടമല്ല, ചക്കപ്പുഴുക്കും കഞ്ഞിയുമാണ് വിഭവങ്ങൾ. ചക്ക പറിക്കുന്നതും പ്ലാവിനെ തൊഴുതാണ്. വർഷത്തിലെ ആദ്യത്തെ ചക്കയായിരിക്കുമത്. നെറുകയിൽ ചുമന്ന് നടത്തു ചൊല്ലി ഇടനാഴിയിൽ വെച്ച് പ്രകൃതിയെ ധ്യാനിച്ച് വെട്ടണം. മുത്ത് മഞ്ഞൾനിറമായ ചക്ക ചുള പറിച്ച് വറുക്കാം, എരിശ്ശേരി വെയ്ക്കാം. കുരുവടക്കം പുഴുക്കാക്കാം.
കർഷകസമൂഹത്തിന്റെ ജീവിതത്തിൽ ഒരു താളവട്ടം കാലംകൂടുന്ന സന്ധിയാണ് വിഷു. ഒരു ദർശനത്തോടും സംസ്കൃതിയോടുമുള്ള അടുപ്പവും കടപ്പാടും ഊട്ടുറപ്പിക്കുന്ന അപൂർവ നിമിഷം. ജാതിയൊ മതമൊ ഒന്നും വിഘാതമാകേണ്ടതില്ലാത്ത ഒരു ഉത്സവം. മനുഷ്യൻ പ്രകൃതിയോട് എന്തു സമീപനം സ്വീകരിക്കണമെന്ന പ്രാഥമികപാഠത്തിന്റെ പുനരവതരണം.
ഓണം ഒരാണ്ടത്തെ കൃഷിയുടെ ആദ്യമഹാപ്രസാദത്തിന്റെ ഹൃദ്യമായ രുചി തരുന്നു. പഞ്ഞം കഴിഞ്ഞ് മാനം തെളിയുകയും സ്വർണം വിളയിച്ച് വയലുകൾ പത്തരമാറ്റു ശോഭിക്കുകയും വേലിപ്പടർപ്പിൽപോലും പൂക്കൾ തിരനോട്ടം നടത്തുകയും ചെയ്യുന്ന കാലം. മാലോകരെല്ലാരും ഒരുപോലെ എന്ന സ്വപ്നത്തിന്റെ വിളവുകാലം!
ശരിയായ അറിവെന്തെന്നു നിശ്ചയമില്ലാത്ത ജനകോടികളെ പഠിച്ച കള്ളന്മാർ കയറില്ലാതെ അടിമകളാക്കി തെളിച്ചു നടത്തുന്ന ഈ കാലങ്ങളിൽ ഈ ഉത്സവങ്ങൾ കലണ്ടറിലെ വെറും ചുവപ്പടയാളങ്ങളായി മാറി. കള്ളു മൂതൽ കുള്ളപ്പൊന്നുവരെ കൂടൂതലായി കച്ചവടം ചെയ്യാൻ പറ്റിയ അവസരമായി അസുരരാജാക്കന്മാർ ഈ ദിവസങ്ങളെ കരുതുന്നു. ശാന്തം പാപം!
വിഷു എന്നാൽ എന്താണെന്ന് ചോദിച്ചപ്പോൾ പന്ത്രണ്ടിൽ പഠിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം കുട്ടി പറഞ്ഞു – നല്ല നിശ്ചയമില്ല. സോറി, അങ്കിൾ. ഒരു ക്ളൂ തരാമോ? … ഓ, അല്ലെങ്കിൽ വെയിറ്റ് എ മിനിറ്റ് പ്ളീസ്, ഞാൻ ഗെസ് ചെയ്യാം! ബാറ്റാ ഒക്കെ ഉള്ളതു പോലെ ഏതോ ഒരു തരം ഷൂ!
ഓണമെന്താണെന്നു ചോദിച്ചപ്പോഴോ, ഇതിലേറെ വിചിത്രമായ മറുപടിയാണ് കിട്ടിയത് – ഒരു മഹാതട്ടിപ്പുകാരൻ ഒരു മണ്ടൻരാജാവിനെ കുത്തൂ പാളയെടുപ്പിച്ചതിന്റെ വാർഷികം! – ആനിവേഴ്സറി ഓഫ് എ കോൺ മാൻ ട്രിക്കിങ്ങ് ഏ ഫുളിഷ് കിങ്ങ് ഇന്ടു ഡിത്രോണ്മെന്റ്.
മഹാബലിയെ വാമനൻ വിജയകരമായി വഞ്ചിച്ച കഥയുടെ ഓർമ്മ ഇത്ര ഔദ്യോഗികഗംഭീരമായി ആഘോഷിക്കപ്പെടുന്നതിനാലാവാം കേരളം തട്ടിപ്പുകാരുടെ സ്ഥിരം വിഹാരരംഗമായിരിക്കുന്നത്, അല്ലെ!