പത്താമത്തെ രസം

പത്താമത്തെ രസം

 

(ഗോപിയാശാൻ ലജ്ജയെ പത്താമത്തെ
രസമായി അംഗീകരിച്ചു എന്ന പ്രതവാർത്ത)

ശൃംഗാരത്തിന്റെ ആലിംഗനത്തിൽ
അമർന്നു കിടന്നതിനാൽ
ഒരിക്കലും രസാവിഷ്കാരികൾ
പേരെടുത്തു വിളിച്ചിരുന്നില്ല
ആട്ടപ്പിരിവുകളിൽ, ആടിക്കുഴയലുകളിൽ
തലതാഴ്ത്തിമുഖം കുനിച്ചുള്ള നില്പിൽ
കാൽവിരൽ ചിത്രപടങ്ങളിൽ
വെളിപ്പെടാതെ വെളിപ്പെട്ട്
പേരില്ലാത്തവളായി
നവരസങ്ങളവളെ തഴഞ്ഞു.

നാണമുള്ളവൾ കൂലാംഗനയും
നാണമില്ലാത്തവൾ അഭിസാരികയുമായി
നാണമുള്ള പെണ്ണുങ്ങൾ പാദങ്ങളിൽ ദൃഷ്ടിയൂന്നി
അകത്തേക്കും നാണമില്ലാത്തവർ പുറത്തേക്കും നടന്നു
പേരില്ലാത്തവൾ വാഴ്ത്തപ്പെട്ടവളും പേരെടുത്തവൾ
അവിശുദ്ധയുമായി.

ഇപ്പോഴിവളെ,
കാണുവാനേയില്ലത്രെ
പെണ്ണുങ്ങളുടെ ഉടലിൽ നിന്നും
ഉടൽഭാഷകളിൽ നിന്നുമവൾ
ആത്മരക്ഷാർത്ഥം ഇറങ്ങിപ്പോയത്രെ
ഇല്ലാതായ വയലൂകൾപോലെ
മാറിപ്പോയ ഞൊറ്റുവേലകൾപ്പോലെ
നിവർത്തിയെടുത്ത ചുരുൾമുടിയിഴകൾപോലെ
നേർമ്മയാക്കപ്പെട്ട പുരികക്കൊടിപോലെ

പഴയരൂപമേയില്ലാത്തവളായി
സന്യാസി പുഴയിലൊഴുക്കിയ
പൂർവാശ്രമത്തിലെ സ്വത്വത്തെപ്പോലെ
അപ്രത്യക്ഷയായി
കൂഴിച്ചെടുക്കേണ്ടതുണ്ട്.
പാതാളവരണ്ടിയാൽ
തോണ്ടിയെടുക്കേണ്ടതുണ്ട്

അഗ്നിയാൽ സ്ഫുടം ചെയ്ത്
തിളക്കം വരുത്തേണ്ടതുണ്ട്
വേണ്ടിവന്നാൽ
പത്രപ്പരസ്യം കൊടുക്കേണ്ടതുണ്ട്
തിരയേണ്ടതുണ്ട്

രാഷ്ട്രീയക്കാരിൽ, കലാകാരന്മാരിൽ
അദ്ധ്യാപകരിൽ, സാമൂഹ്യപ്രവർത്തകരിൽ
മുതലാളിമാരിൽ, മതനേതാക്കളിൽ…
ലജ്ജയെന്തെന്നു വിണ്ടും കണ്ടെടുക്കാൻ
ലജ്ജയില്ലാതെ വരേണ്ടതുണ്ട്

Leave a Reply

Your email address will not be published. Required fields are marked *