ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകൾ

ഒരു കൂടിക്കാഴ്ചയുടെ ഓർമ്മകൾ

2019 ലെ ജ്ഞാനപ്പാന പുരസ്കാരം നൽകി ഗുരുവായൂർ  ദേവസ്വം ബാലസാഹിത്യകാരി സുമംഗലയെ ആദരിച്ചു.

കഴിഞ്ഞകൊല്ലം 2018 മെയ് 16 നായിരുന്നു സുമംഗലയെന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകം. ആ ആഘോഷത്തിൽ  പങ്കെടുക്കുവാനുള്ള  ഭാഗ്യം എനിയ്ക്കുണ്ടായി. മൂന്നുതലമുറകൾക്കാണ്‌  ആ ബാലസാഹിതൃകാരി കഥകൾ  സമ്മാനിച്ചത്. കുട്ടികൾക്ക് വേണ്ടി മാത്രം  അമ്പതോളം കഥകളും ലഘുനോവലുകളും അവരുടേതായിട്ടുണ്ട്. കേരള ഗവണ്മെണ്ടിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് ‘നെയ്പ്പായസ്ത്തി’നും, ബാലസാഹിതൃത്തിന് കേരള സാഹിത്യ അക്കാദമിയുടെ ശ്രീ പത്മനാഭസ്വാമി അവാർഡ്  ”മിഠായിപ്പൊതി’യ്ക്കും ലഭിച്ചു. കുരുന്നുകളുടെ മനം കവർന്ന  അവരുടെ കഥകളിൽ  ഏതെങ്കിലും തരത്തിലുള്ള വിജ്ഞാനപ്രദമായ ഗുണപാഠവും ഉണ്ടാകും. കേരള കലാമണ്ഡലത്തിൽ  പബ്ലിസിറ്റി വിഭാഗത്തിൽ  ഉദ്യോഗസ്ഥയായിരുന്നു അവർ. മക്കൾക്ക് വേണ്ടി കഥകളെഴുതി പ്രസിദ്ധി നേടിയത് ഒരപൂർവ്വ കഥ തന്നെയാണ്. കാരണം ഒരമ്മ മക്കൾക്ക് കഥകളെഴുതി സാഹിതൃത്തിൽ  പ്രസിദ്ധി നേടിയ ചരിത്രം  ഇതിനുമുൻപ്  കേട്ടിട്ടുപോലുമില്ല. കഥകൾ കേട്ടേ ഉറങ്ങൂ എന്ന് നിർബന്ധമുള്ള ഏഴുവയസ്സുകാരി മകൾക്ക്  കാരൂരിന്റേയും, മാലിയുടേയും കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നുവത്രെ. ഓർമ്മയിലുള്ള കഥകളൊക്കെ തീർന്നപ്പോൾ  സ്വയം കഥകളെഴുതാൻ തുടങ്ങി എന്ന് അവർ  തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പൂച്ചയും, പട്ടിയും, പശുവും അണ്ണാനുമൊക്കെ അവരുടെ കഥകളിലെ നായികമാരായി. ശ്രീകൃഷ്ണന്റേയും, ശ്രീരാമന്റേയും പുരാണകഥകൾക്ക് പുറമെ നെയ്പ്പായസം, മിഠായിപ്പൊതി, മഞ്ചാടിക്കുരു, പഞ്ചതന്ത്രം, തങ്കക്കിങ്ങിണി, മുത്തുസഞ്ചി, ഒരു കുരങ്ങൻ കഥ, അത്ഭുതരമായണം തുടങ്ങി നിരവധി കഥാസമാഹാരങ്ങൾ അവരുടേതായിട്ടുണ്ട്. അങ്ങനെ കുഞ്ഞുങ്ങളുടെ മനസ്സിൽ  അവർ  ഇടം നേടി.

ഏഴുപതിറ്റാണ്ടുകൾക്കുമുമ്പാണ് ഞാൻ  ആദ്യമായി സുമംഗലയെ കണ്ടത്. അന്നവർ  ലീലയാണ്.കലാമണ്ഡലത്തിലെ കഥകളി കാണാൻ  വേദപണ്ഡിതനും കവിയുമായ ഒളപ്പമണ്ണ ഒ.എം.സി.നാരായണൻ
നമ്പുതിരിപ്പാടിന്റെ അവരുടെ പിതാവിന്റെ ഒപ്പമാണ് ഞാനവരെ കാണുന്നത്. അവരുടെ അനുജത്തി
അമ്മിണിയും കൂടെ ഉണ്ടായിരുന്നു. എന്റെ അച്ഛൻ ശ്രീ.എം.ആർ .ബി. കഥകളി കാണാൻ  കലാമണ്ഡലത്തിൽ പോകുമ്പോൾ  എന്നേയും എന്റെ സഹോദരി ലീലേടത്തിയേയും കൂടെ കൂട്ടുമായിരുന്നു. അങ്ങനെ പല തവണ ഇത് ആവർത്തിച്ചിട്ടുണ്ട്. ഇന്നും അതെന്റെ മനസ്സിൽ  മായാതെ കിടക്കുന്ന ചിത്രങ്ങളാണ്. കാലംകടന്നുപോകവേ
കാണാനുള്ള സന്ദർഭം
  വിരളമായി തീർന്നു. എന്നാൽ  ഒളപ്പമണ്ണ കുടുംബവുമായി അച്ഛനുണ്ടായിരുന്ന സഹൃദം കാരണമാകാം എന്റെ മനസ്സിൽ  അത് മായാതെ കിടന്നത്.
തമ്മിൽ
  കാണലോ ഫോൺ  ചെയ്യലോ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും പരസ്പരമുണ്ടായിരുന്ന സൗഹൃദം മനസ്സിൽ  എപ്പോഴുമുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം
1998 ഒ.എം.സി.നമ്പൂതിരിപ്പാടിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ  ദേവിപ്രസാദം ട്രസ്റ്റിന്റെ സാഹിത്യകാരനുള്ള പുരസ്കാരം അച്ഛനുവേണ്ടി വാങ്ങിയത് ഞാനായിരുന്നു. ആ ചടങ്ങു നടന്നത് ഒളപ്പമണ്ണ തറവാട്ടിൽ  വെച്ചായിരുന്നു. കുറേകാലത്തിനുശേഷം അന്നാണ് സുമംഗലയേയും അമ്മയേയും സഹോദരിമാരേയും മറ്റും ഞാൻ  കാണുന്നത്. അതിന് അവസരമുണ്ടാക്കിത്തന്നത് സുമംഗലയുടെ അനുജന്മാരായ ഡോ. വാസുദേവനും എഞ്ചിനീയർ ദാമോദരനുമായിരുന്നു. അതെന്റെ ജീവിതത്തിലെ അനർഘനിമിഷങ്ങളായിരുന്നുവെന്ന് പറയാതെ വയ്യ. പിന്നീട് പലപ്പോഴും സുമംഗലയെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും രണ്ടു പേരുടെയും ജീവിതപ്പാച്ചിലിനിടെ ഒന്നും നടന്നില്ല.

ഒരിടയ്ക്ക് അവർ  ഹോസ്പിറ്റലിലാണെന്നും സുഖമായി വീട്ടിലെത്തിയെന്നും
അറിഞ്ഞതുമുതൽ
  തമ്മിൽ കാണണമെന്നുള്ള എന്റെ ആഗ്രഹത്തിന്
ഒരവസരം 
വന്നുചേർന്നു. ഞാൻ മകളോടൊത്ത് ഒരു വിവാഹ നിശ്ചയത്തിന് പോയി മടങ്ങുംവഴി അവരെ കാണണമെന്ന് നിശ്ചയിച്ചു. അവരുടെ ബന്ധു നാരായണന്റെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. അതും ആ കൂടിക്കാഴ്ചയ്ക്ക് സഹായമായി. അവിടെ ചെല്ലുന്ന വിവരം നാരായണൻ വഴി മുൻകൂട്ടി  അറിയിക്കാനും സാധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നറിഞ്ഞിരുന്നെങ്കിലും കാണലും സംസാരിയ്ക്കലുമൊക്കെ അവർക്കൊരു ബുദ്ധിമുട്ടാകുമോ എന്ന് എനിക്കൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ എന്റെ ആശങ്ക അസ്ഥാനത്താണെന്ന് കണ്ടുസംസാരിച്ചപ്പോൾ  ബോദ്ധ്യമായി. ബാല്യകാലത്ത് കലാമണ്ഡലത്തിൽനിന്ന്   കാണാറൂണ്ടായിരുന്നതും അച്ഛനുവേണ്ടി അവാർഡ് വാങ്ങിയ്ക്കാൻ  ചെന്നപ്പോൾ  കണ്ടതും സന്ദേശം വായിച്ചതും മറ്റുമുള്ള കാര്യങ്ങൾ  ഓർമ്മയിലുണ്ടെന്നും പറഞ്ഞപ്പോൾ  ഞാനും ആ സന്ദർഭങ്ങളെല്ലാം മനസ്സിൽ സൂക്ഷിയ്ക്കുന്നുണ്ടെന്നു പറഞ്ഞൂ. ഞാൻ  അച്ഛനെക്കുറിച്ചെഴുതിയ പുസ്തകം അവരുടെ കൈകളിൽ വെച്ച് നമസ്ക്കരിയ്ക്കാൻ  തുടങ്ങിയപ്പോൾ  അവരുടെ മകൻ  നാരായണൻ  ശ്രദ്ധയോടെ മുറുക്കുന്നതിനിടയിൽ  എന്നോടായി പറഞ്ഞു. ‘നമസ്കരിക്കുകയൊന്നും  വേണ്ട സമപ്രായമല്ലേ’ എന്ന്. ശരിയാണ് എന്നേക്കാൾ  ഒരു വയസ്സുകൂടും, അത്രയേ ഉളളൂ. എന്നാൽ അറിവിന്റെ കാര്യത്തിൽ  അവർ  ഉന്നത സ്ഥാനത്തുതന്നെയാണ് എന്നുപറഞ്ഞ് ഞാനാപാദങ്ങൾ  തൊട്ടു നെറുകയിൽ  വെച്ചു. നല്ലൊരു കൂടിക്കാഴ്ചയായിരന്നു അത്. വളരെക്കാലമായി ആഗ്രഹിച്ചത് സഫലമായതിന്റെ സന്തോഷം എന്റെ ഹൃദയത്തിൽ  നിറഞ്ഞു നിന്നു. സംസാരിച്ച് മതിയായില്ല, ഒന്നും പറഞ്ഞു തീർന്നതുമില്ല എന്നു ഞാൻ  പറഞ്ഞെങ്കിലും – എന്നാലും പോകാം അമ്മേ എന്ന് മകൾ  ശ്യാമ പറഞ്ഞപ്പോൾ അതനുസരിയ്ക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ചൂടിന്റെ കാഠിന്യം കൊണ്ട് ഒട്ടൊന്ന് തളർന്നെങ്കിലും മനസ്സ് സന്തോഷത്തിന്റെ കുളിർമകൊണ്ട്   നിറഞ്ഞുനിന്നു. പുറമെയുള്ള ചൂടിന്റെ കാഠിന്യം കുറഞ്ഞത് സുമംഗലയുടെ മകൻ  നാരായണന്റെ പത്നി ഉഷ തന്ന സംഭാരം കൂടിച്ചപ്പോഴാണ്. രണ്ടാഴ്ച കഴിഞ്ഞ് ശതാ ഭിഷേകവേളയിലാണ് ഞാൻ പിന്നെ സുമംഗലയെ കാണുന്നത്. വടക്കാഞ്ചേരി അനുഗ്രഹ ഹാളിൽ വെച്ചായിരുന്നു ശതാഭിഷേക ആഘോഷങ്ങൾ. സുപ്രസിദ്ധ കഥകളി ഗായകർ  മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും ബാബുനമ്പുതിരിയും കൂടി ആലപിച്ച വന്ദനശ്ലോകത്തോടുകൂടിയാണ് ചടങ്ങ് ആരംഭിച്ചത്. ചാർച്ചക്കാരും സുഹൃത്തുക്കളുമായി ഒട്ടനവധി പേർ അവിടെ സന്നിഹിതരായിരുന്നു.

 സുപ്രസിദ്ധ സിനിമാ നടി കെ.പി.എ.സി. ലളിത, മുൻ സ്പീക്കർ  രാധാകൃഷ്ണൻ, പത്രപ്രവർത്തകരായ ജോർജ്  എസ്. പോൾ ,ചന്ദ്രശേഖരൻ നായർ , മാതൃഭൂമിയിലെ മുരളി, ബന്ധുക്കളായ കവി ഒ.എം.അനുജൻ, കൊച്ചി മുൻ  ദേവസ്വംപ്രസിഡന്റ് തെക്കേടത്ത് രാമൻ ഭട്ടതിരിപ്പാട്, വടക്കാഞ്ചേരി മുന്സിപ്പൽ  കൗൺസിലർ  തുടങ്ങി നിരവധിപേർ ആശംസകളർപ്പിച്ചത് ചടങ്ങിന് മാറ്റുകൂട്ടി. ഏറ്റവും ശ്രദ്ധ ആകർഷിച്ച  മറ്റൊരു വ്യക്തി മുൻ വിദ്യാഭ്യാസ ഡയറക്ടറും ബന്ധുവുമായ പകരാവൂർ ചിത്രൻ  നമ്പൂതിരിപ്പാടാണ്. 100 വയസ്സിലെത്തി നിൽക്കുന്ന അദ്ദേഹം വടിയുടെ സഹായത്താൽ  നടന്ന് മൈക്കിനുമുൻപിൽ ആശംസകളർപ്പിക്കാൻ  നിന്നത് പ്രായത്തെപ്പോലും മറികടന്ന ഊർജ്ജസ്വലതയോടെയാണ്. അങ്ങനെ പല വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

നന്ദിപ്രകടനത്തിൽ  സുമംഗല താൻ  കഥകളെഴുതാനുണ്ടായ സാഹചര്യവും ഇനി തുടർന്നെഴുതാൻ പറ്റാത്ത സാഹചര്യവും വിവരിച്ചു. അവിചാരിതമായി ഒരു ബന്ധു മരിച്ചതിനാൽ  കഥകളിയും, പാട്ടുകച്ചേരിയും മറ്റുമായി പല ആഘോഷങ്ങളും വേണ്ടെന്നു വെച്ചിരിയ്ക്കുകയാണെന്നും പറഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചേപോകാവു എന്നൊരൂ അഭ്യർതഥനയോടെയാണ്  പ്രസംഗം ഉപസംഹരിച്ചത്. ഇതിനിടയ്ക്ക് സൂമംഗലയുടെ ‘നെയ്പായസം’ വിതരണം ചെയ്യുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. എനിയ്ക്കും കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം മനസ്സിൽ തോന്നിയത് ആരോടെങ്കിലും പറയുന്നതിനുമുൻപ് സുമംഗലയുടെ ബന്ധുവും എന്റെ സുഹൃത്തുമായ പയ്യൂരെ സാവിത്രി ‘ഇതാ, ഇത് സരളയ്ക്ക്’ എന്നുപറഞ്ഞ് എന്റെ നേരെ നീട്ടിയപ്പോൾ ‘ഞാൻ  കൊടൂക്കാം എനിയ്ക്കുതന്നെ കൊടുക്കണമെന്നു പറഞ്ഞു’ പാർവ്വതിയാണ് എന്റെ കയ്യിൽ വെച്ചൂതന്നത്. സുമംഗലയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചിരിയ്ക്കുന്നത് അവരുടെ മകനാണെന്നു പറഞ്ഞ് മണിക്കൂറുകൾക്കു മുൻപ്  പരിചയപ്പെട്ടതേയുള്ളൂ ഞാൻ പാർവ്വതിയെ. എന്റെ അച്ഛൻ  ശ്രീ .എം.ആർ.ബിയോടുള്ള ആരാധനയും ബഹുമാനവും ആണ് അവർ എന്നിൽ  ചൊരിഞ്ഞത്. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങൾ  രേഖപ്പെടുത്താൻ  വാക്കുകൾ  പോരാ. സുമംഗലയുടെ നെയ്പ്പായസവും കൈയ്യിൽവെച്ച് അവരുടെ ആദരണീയചടങ്ങിൽ  പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യത്തോടെ നെയ്പ്പായസത്തിലെ കല്ക്കണ്ടത്തിന്റേയും മൂന്തിരിയുടേയും മാധുര്യം നുകർന്നുകൊണ്ടു ഞാൻ  അവിടം വിട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *