നിത്യയൗവ്വനം
നിത്യയൗവ്വനം
കഥാപാത്രങ്ങൾ
1 കൃഷ്ണൻ നായർ – 55 വയസ്സ്
2 മഹേഷ് – 28 വയസ്സ്
3 ഉണ്ണി -25 വയസ്സ്
4 അനുപമ -32 വയസ്സ്
5 അമ്മിണി -50 വയസ്സ്
6 ലക്ഷ്മി -24 വയസ്സ്
7. രാഘവൻ – 60 വയസ്സ്
രംഗം ഒന്ന്
(കൃഷ്ണൻ നായരുടെ വീട്. എൺപതുകളിലെ ഗൾഫ് പ്രവാസിയുടെ വീട് ആണെന്ന് ഓർമ്മപ്പെടുത്തുന്ന രീതിയിൽ ഉള്ള അലങ്കാരങ്ങൾ കാണാം. ബാറ്ററി മാറ്റേണ്ടാത്ത ഒരു കുക്കു ക്ലോക്ക്, ഇത് വരെ ഒരു അതിഥിക്ക് പോലും സേവനം അനുഷ്ഠിക്കാൻ കഴിയാതെ പോയ പ്ലേറ്റുകളും, ഗ്ലാസ്സുകളും നിറഞ്ഞ മങ്ങിയ നിറമുള്ള ഷോകേസ്, പിന്നെ തന്നെ പൂർവികൻ ആക്കി മാറ്റിയ LED യും LCD യും ഈ ലോകത്തു ഉണ്ടെന്നു പോലും അറിയാതെ തല ഉയർത്തി നില്ക്കുന്ന പഴയ ഒരു 25 ഇഞ്ച് നാഷണൽ ടീവി. സ്വീകരണ മുറിയിൽ ആയി രണ്ടു ചൂരൽ കസേര കാണാം. അതിൽ പുതിയ കസേരയിൽ പൊടി പറ്റാതെ ഇരിക്കുവാൻ 30 വർഷം മുമ്പ് വിരിച്ച നരച്ച ടവൽ. അതിൽ ഒരു കസേരയിൽ പത്രം തുറന്നു വായിക്കുന്ന കൃഷ്ണൻ നായരെയും കാണാം. ഒരു 55-60 വയസ്സ് തോന്നിക്കും. മെലിഞ്ഞ ശരീരപ്രകൃതം, ചായം അടിച്ചു കറുപ്പിച്ച കറുത്ത മുടിയുടെ ബലത്തിൽ ചെറുപ്പക്കാരനായി ഇരിക്കുന്നു. (വീട്ടിലേക്കു മകന്റെ കൂട്ടുകാരനായ മഹേഷ് കടന്നു വരുന്നു.)
മഹേഷ് : ഗുഡ് മോർണിംഗ് അങ്കിൾ, ഉണ്ണി ഇല്ലേ ഇവിടെ?
(കൃഷ്ണൻ നായർ പതുക്കെ തല ഒന്ന് ഉയർത്തി നോക്കി കൊണ്ട്)
കൃഷ്ണൻ നായർ : ആരിതു, മഹേഷോ? ഉണ്ണി രാത്രി സഞ്ചാരം കഴിഞ്ഞു വൈകിയാണ് വന്നത്. കുറച്ചു മുമ്പ് എഴുന്നേറ്റു ബാത്റൂമിൽ പോകുന്നത് കണ്ടു. മൊബൈൽ ഫോണിലെ ഫേസ്ബുക്കും വാട്സ്ആപ് മെസ്സേജുക ളും വായിച്ചു കഴിയുമ്പോൾ താനെ ഇറങ്ങി വരുമായിരിക്കും. നീ ഇരിക്ക്.
മഹേഷ് : ടീവിയിലൽ ന്യൂസ് ഒക്കെ ഉള്ളപ്പോൾ എന്തിനാ അങ്കിൾ ഈ പത്രം എപ്പോളും വായിക്കുന്നത് ?
കൃഷ്ണൻ നായർ : അത് നിങ്ങളുടെ ഇപ്പോളത്തെ തലമുറക്ക് പറഞ്ഞാൽ മനസ്സിൽ ആകില്ല. പത്രവും ചൂട് ചായയും അതിരാവിലെ മുറ്റമടിക്കുന്ന ശബ്ദവും, അമ്പലത്തിൽ നിന്നും ഒഴുകി എത്തുന്ന സുപ്രഭാതവും ഒരു സംസ്കാരം ആണ്, ഒരു അനുഭവവും. അതിനെ മാറ്റിവയ്ക്കാൻ ഈ വിഡ്ഡിപ്പെട്ടിക്കു ആവില്ല.
മഹേഷ് : എന്നിട്ടു എന്തുണ്ട് ചൂട് വാർത്തകൾ?
കൊലപാതകവും ബലാത്സംഗവും തന്നെ അല്ലെ?
കൃഷ്ണൻ നായർ : എടാ അതിന് ഞാൻ അതൊന്നും നോക്കാനല്ല പത്രം വായിക്കുന്നത്, മാട്രിമോണി കോളം നോക്കാനാ.
മഹേഷ് : അല്ല അതിനു ഉണ്ണിക്കു പത്തിരുപത്തഞ്ചു വയസ്സ് അല്ലെ ഉള്ളു? ഇത്രനേരത്തെ പിടിച്ചു കെട്ടിക്കാൻ പോകുവാണോ ?
കൃഷ്ണൻ നായർ : അവന് അതിനു പ്രായം ആയിട്ടില്ല!. ഇത് എനിക്കു വേണ്ടി ആണ്.
(മഹേഷ് അത്ഭുതത്തോടെ നോക്കുന്നു)
എടാ എന്റെ ഭാര്യ മരിച്ചിട്ടു പത്ത് പതിനഞ്ചു വർഷം കഴിഞ്ഞു. ഉണ്ണി ആണെങ്കിൽ വലുതുമായി, ഞാൻ ഇനി ഒരു കൂട്ട് ആഗ്രഹിക്കുന്നത് തെറ്റാണോ?
മഹേഷ് : എന്നല്ല! എങ്കിലും ഈ വയസ്സ് കാലത്തു പെണ്ണ് കിട്ടുമോ?
കൃഷ്ണൻ നായർ : വയസ്സു ശരീരത്തിന് മാത്രമല്ലേ, മനസ്സിൽ എന്നും ഞാൻ യൗവ്വനം സൂക്ഷിക്കുന്നു.
അങ്ങനെ നോക്കിയാൽ എനിക്കും ഉണ്ണിക്കും ഒരേ പ്രായം. പിന്നെ, പെണ്ണ് കിട്ടുമോ എന്ന്?? ഈ കാലം അത്രയും ഞാൻ പെണ്ണ് കെട്ടിയിലെങ്കിലും എന്നെ ഓർത്തു ജീവിക്കുന്ന എത്ര ആരാധികമാർ ഉണ്ടെന്നു നിനക്കു അറിയാമോ?
മഹേഷ് : സത്യമോ അങ്കിൾ? അത് അത്ഭുതം തന്നെ! ഇവിടെ ഫേസ്ബുക്കും വാട്സാപ്പും കൊണ്ട് ചൂണ്ട ഇട്ടിട്ടു നമുക്ക് ഒക്കെ ഒരു ചെറുമീന് പോലും കൊത്തുന്നില്ല.
കൃഷ്ണന് നായര് : ഹൃദയത്തിന്റെ ഭാഷ നേരിട്ട് പറഞ്ഞാൽ ഏതു വമ്പൻ സ്രാവും കൊത്തും. അതിനു ഒരു ഫോണിന്റെയും ആവശ്യം ഇല്ല!
മഹേഷ് : സത്യം തന്നെ! അല്ല, എന്നിട്ട് മാട്രിമോണി കോളത്തിൽ ഇന്ന് വല്ല കോളും ഉണ്ടോ?
കൃഷ്ണൻ നായർ : ഉണ്ടല്ലോ! ഇന്ന് ഞാൻ ഒരു പരസ്യം കൊടുത്തിട്ടുണ്ട്.
മഹേഷ് : ആഹാ, എന്നാൽ ഒന്ന് നോക്കട്ടെ.
കൃഷ്ണൻ നായർ : ഞാൻ വായിച്ചു കേൾപ്പിക്കാം …..“സുന്ദരനും, സുമുഖനും, സുശീലനും, സുജാതനും’’ആയ വിഭാര്യനായ നായർ ചെറുക്കന് അനുയോജ്യരായ യുവതികളിൽ നിന്ന് വിവാഹ ആലോചന ക്ഷണിക്കുന്നു. ജാതി ,മതം ,കുലം ഒന്നും ഒരു പ്രശ്നമല്ല. പങ്കജം വില്ല, പാറോട്ടുകോണ്ണം പി.ഒ.
മഹേഷ് : ഒരു പാട് “സു” ഉണ്ടല്ലോ പരസ്യത്തിൽ… അല്ല അങ്കിൾ വിഭാര്യൻ എന്ന് അല്ലാതെ താങ്കളുടെ വയസ്സ് കൊടുത്തിട്ടില്ലലോ, ആലോചന ക്ഷണിച്ചതോ, യുവതികളിൽ നിന്നും !
കൃഷ്ണൻ നായർ : ഞാൻ പറഞ്ഞില്ലേ മനസ്സ് കൊണ്ട് ഞാൻ ഒരു ചെറുപ്പക്കാരനാണ്. എന്നാലും പരസ്യത്തിൽ വയസ്സ് കൊടുത്താൽ വരുന്ന ആലോചന എല്ലാം ആ പ്രായക്കാർ ആയിരിക്കും. ഒടുവിൽ എന്നെ നോക്കാൻ കൊണ്ട് വന്നവളെ ഞാൻ നോക്കേണ്ടി വരും.
മഹേഷ് : അതുകൊണ്ടാണോ തെക്കേത്തൊടിയിലെ അമ്മിണിയെ അങ്കിൾ കല്യാണം കഴിക്കാത്തത്?
കൃഷ്ണൻ നായർ : തെക്കേത്തൊടി അമ്മിണിയോ?
അവളെ ഞാൻ എന്തിനു വിവാഹം ചെയ്യണം? അതും 50 വയസ് ആയ ആ കിളവിയെ !
മഹേഷ് : അല്ല, നിങ്ങൾ ചെറുപ്പകാലത്തേ ഇഷ്ടത്തിൽ ആയിരുന്നവെന്നും, വീട്ടുക്കാർ സമ്മതിക്കാത്തത് കൊണ്ട് കല്യാണം കഴിച്ചില്ല എന്നും, അങ്കിളിനെ ഓർത്തു അമ്മിണി ഇന്നും വിവാഹം കഴിക്കാതെ ജീവിക്കുന്നു എന്നുമൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് .
ആന്റി മരിച്ചതിനുശേഷം അങ്കിൾ അവർക്കു വിവാഹവാഗ്‌ദാനം കൊടുത്തിട്ടുണ്ട് എന്ന് വരെ പലരോടും പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.
കൃഷ്ണൻ നായർ : ആഹാ അവൾ അങ്ങനെ പറഞ്ഞു നടക്കുവാന്നോ? അത് അവളുടെ വെറും സ്വപ്നം മാത്രം! ഞാൻ പറഞ്ഞില്ലേ നേരത്തെ, ആരാധകരുടെ ശല്യം എന്ന് … ഈ അമ്മിണി അതിന്ന് ഒരു ഉദാഹരണം മാത്രം.
നീ ഇരിക്കൂ ഞാൻ നമ്മുടെ അബുവിന്റെ കടയിൽ നിന്നും സിഗരറ്റ് മേടിച്ചിട്ടു വരാം… ഉണ്ണി ഇപ്പോൾ വരും.
(കൃഷ്ണൻ നായർ പുറത്തേക്കു പോകുന്നു.)
ഇവിടെ ആരും ഇല്ലേ??
(മഹേഷ് വിളി കേട്ട് നോക്കിയപ്പോൾ വാതുക്കൽ ഒരു യുവതി. ഒരു 30-35 വയസ്സ് തോന്നിക്കും. അല്പം തടിച്ച ശരീര പ്രകൃതം.)
മഹേഷ് : ആരാ അവിടെ?
അനുപമ : ഞാൻ അനുപമ. ഇവിടുന്നല്ലേ വധുവിനെ ആവശ്യം ഉണ്ട് എന്ന് പറഞ്ഞ് പത്രത്തിൽ പരസ്യം കൊടുത്തത്?
മഹേഷ് : അതെ, പക്ഷെ …..അങ്കിൾ ഇപ്പോൾ …….
അനുപമ: തുറന്നു പറയാമല്ലോ? നിങ്ങളുടെ സുതാര്യമായ സമീപനം എനിക്കു നന്നേ ബോധിച്ചു. ജാതിവ്യവസ്ഥയും മതങ്ങളുടെ മതിൽ കെട്ടുകളും തകർക്കുന്ന ഈ ചിന്താഗതി എന്നെ ഒരുപാടു ആകർഷിച്ചു. നിങ്ങളെ പോലെയുള്ള ഒരു ചെറുപ്പക്കാരനെ ആണ് ഞാൻ തേടി നടന്നത്.
മഹേഷ് : അല്ല… പക്ഷെ ഞാൻ അത് …..
അനുപമ : ഒരു പെൺകുട്ടി തനിച്ചു ഈ വീട്ടിൽ വന്നു സ്വന്തം കല്യാണ ആലോചന നടത്തൂന്നതിന്റെ ആശ്ചര്യം ആയിരിക്കും. ഞാൻ അത് പ്രതീക്ഷിച്ചു. തുറന്നു പറയാമല്ലോ, ഞാൻ ഒരു പുരോഗമനവാദി ആണ്. സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞ് എടുക്കുന്നതിന് വീട്ടുകാരെ ആശ്രയിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. നമ്മുടെ പങ്കാളിയെ നമ്മൾ സ്വയം കണ്ടെത്തണം. പക്ഷെ ഞാൻ പരസ്യം കണ്ടപ്പോൾ കുറച്ചുകൂടി പ്രായം പ്രതീക്ഷിച്ചു. എന്താണ് താങ്കളുടെ പേര്? എത്ര വയസ്സ് ആയി?
മഹേഷ് : എന്റെ പേര് മഹേഷ്, പേരൂർക്കടിയിൽ ആണ് വീട്, എനിക്കു ….28 വയസ്സായി
അനുപമ : ഓക്കേ! എനിക്കു 32 വയസ്സായി ജാതിയുടെയും മതത്തിന്റെയും കാര്യത്തിൽ ഉള്ള ആ പുരോഗമന വാദം വയസ്സിന്റെ കാരൃത്തിലും ഉണ്ടെന്നു കരുതട്ടെ. എനിക്കു നിങ്ങളെ ഇഷ്ടമായി, നിങ്ങൾക്ക് എന്നെയോ?
(അപ്രതീക്ഷിതമായ ചോദ്യം കേട്ട് മഹേഷ് ഒന്ന് പകച്ചു. എന്നിട്ടു അല്പം ലജ്ജയോടെ മറുപടി പറഞ്ഞു)
മഹേഷ് : എനിക്കും!
അനുപമ : വെരി ഗുഡ് ! എന്നാൽ ഇനി ഞാൻ എന്റെ വീട്ടുകാരോട് വരാൻ പറയാം
(കൃഷ്ണൻ നായർ വീട്ടിലേക്കു പ്രവേശിക്കുന്നു. അനുപമയെ കണ്ട് ആശ്ചര്യപ്പെട്ടു കൊണ്ട് ചോദിച്ചു)
കൃഷ്ണൻ നായർ : ആരാ, മനസ്സിലായില്ല.
മഹേഷ് : കല്യാണ പരസ്യം കണ്ടു വന്നതാണ് … പേര് അനുപമ.
(കൃഷ്ണൻ നായർ അതീവ സന്തോഷവാനായി അനുപമയെ അടി മൂടി ഒന്ന് നോക്കി)
കൃഷ്ണൻ നായർ: കൊള്ളാം ..നല്ല നാടൻ പൂവൻപഴം പോലത്തെ പെണ്ണ്. എനിക്കു നൂറുവട്ടം സമ്മതം! നീ എവിടുന്നാ കൊച്ചെ? നമ്മൾ തമ്മിൽ നല്ല ചേർച്ച ആയിരിക്കും .
അനുപമ : നമ്മൾ തമ്മിലോ? എടോ കിളവാ മര്യാദയ്ക്ക് സംസാരിക്കണം! ഞാൻ ഈ നില്ക്കുന്ന ചെറുപ്പക്കാരനെ ആണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്.
(കൃഷ്ണൻ നായർ ആശ്ചര്യപെട്ടുകൊണ്ട്)
കൃഷ്ണൻ നായർ : ഒരു പെണ്ണിന് ഇത്ര അഹങ്കാരമോ പോരാത്തതിന് നിങ്ങൾ തമ്മിൽ എപ്പോൾ ഇഷ്ടത്തിലായി എടാ മഹേഷേ, എന്താടാ ഇതൊക്കെ?
മഹേഷ് : അയ്യോ അങ്കിൾ ഞാൻ ഇപ്പോളാണ് ഈ സ്ത്രീയെ ആദ്യമായി കാണുന്നത്.
അനുപമ : എനിക്കു സംസാരിച്ചു കളയാൻ സമയം ഇല്ല.
(മഹേഷിനെ നോക്കി കൊണ്ട് ഒരു ബിസിനസ് കാർഡ് എടുത്തു നീട്ടി)
ഞാൻ പോകുന്നു, ഇതാണ് എന്റെ മേൽവിലാസവും ഫോൺ നമ്പറും, എന്നെ ബന്ധപ്പെടുക. നിങ്ങൾ വിളിക്കുന്നതും കാത്തു ഞാൻ ഇരിക്കും.
(കൃഷ്ണൻ നായരെ തുറിച്ചു നോക്കിക്കൊണ്ട് അനുപമ പടിയിറങ്ങി.)
കൃഷ്ണൻ നായർ : അവളെ കണ്ടാൽ അറിയാം അവൾ ഒരൂ തന്നിഷ്ടക്കാരിയും തന്റേടിയും പുരൂഷന്മാരെ വിലയില്ലാത്തവളും ആണെന്ന്. ഞാൻ കാത്തു സൂക്ഷിച്ച നിതൃയൗവ്വനം ഇതുപോലെത്തെ ഒരു ഫെമിനിച്ചിയുടെ മുമ്പിൽ അടിയറവുവെക്കാനുള്ളതല്ല.
(സ്വീകരണ മുറിയിലെ സംഭവവികാസങ്ങൾ ഒന്നും അറിയാതെ പകുതി നനഞ്ഞ മുടിയുമായി ഷർട്ടിലെ ബട്ടൻസ് ഓരോന്നായി ഇട്ടുകൊണ്ട് ഉണ്ണി രംഗപ്രവേശം ചെയ്യുന്നു)
കൃഷ്ണൻ നായർ: എന്തോന്ന് കുളിയാടാ ഇത്? മഹേഷ് വന്നിട്ട് എത്ര നേരമായി. നിന്റെ ദേഹത്ത് പായൽ പിടിച്ചു കാണുമല്ലോ?
ഉണ്ണി : എന്താ ഇവിടെ ഒരു ഒച്ചയും ബഹളവും ഒക്കെ കേട്ടത് ? ആരുടേതായിരുന്നു ഒരു സ്ത്രീ ശബ്ദം?
കൃഷ്ണൻ നായർ : ആരോ മേൽവിലാസം തെറ്റിവന്നതാ. എനിക്കു ഇന്ന് തപാൽ വഴി ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്. നീ അവിടെ വരെ പോയി ആ പെണ്ണിനെ ഒന്ന് കാണണം. നിനക്കു ബോധ്യപ്പെട്ടാൽ മാത്രം ഞാൻ പോയി കണ്ടാൽ മതിയല്ലോ.
ഉണ്ണി : അച്ഛാ ഞാൻ പറഞ്ഞിട്ടുണ്ട്, എന്നെ ഈ പണിക്കു പറ്റില്ല എന്ന്. കൂട്ടുകാർ എല്ലാം എന്നെ കളിയാക്കി തുടങ്ങി, അച്ഛനെ കെട്ടിക്കാൻ നടക്കുന്നവന് എന്ന് പറഞ്ഞ്.
കൃഷ്ണൻ നായർ : പറയുന്നവർ പറയട്ടെ, നീ അവരൂടെ ചിലവിൽ അല്ലല്ലോ ജീവിക്കുന്നത്, എന്റെ ചിലവിൽ അല്ലെ? നീ ഇന്ന് തന്നെ പോയി ആ പെണ്ണിനെ കാണണം.
മഹേഷ് : ഞാൻ ഇതു വഴി പോയപ്പോൾ ഒന്ന് കയറി എന്നെ ഉള്ളു. നിങ്ങളുടെ പെണ്ണ് കാണൽ പരിപാടി നടക്കട്ടെ. ഉണ്ണി അത് കഴിഞ്ഞു എന്റെ വീട് വഴി, വരാമോ? പക്ഷെ, പറഞ്ഞ പോലെ നീ ഇതു വരെ എന്റെ വീട്ടിൽ വന്നിട്ടില്ലല്ലോ?
നീ നമ്മുടെ കവലയിൽ ചെന്ന് ആരോടെങ്കിലും ചോദിച്ചാൽ മതി വഴി പറഞ്ഞു, തരും.
ഉണ്ണി : ഓക്കേ !
(മഹേഷ് പുറത്തേക്കു പോകുന്നു)
ഉണ്ണി : ശരി, പെണ്ണിന്റെ മേൽവിലാസം തരൂ, ഇപ്പോൾ തന്നെ പോയി നോക്കിയേക്കാം.
കൃഷ്ണൻ നായർ : ഇന്നാ പിടിച്ചോ മേൽവിലാസവും ഫോട്ടോയും. പെൺകുട്ടിയുടെ പേര് ലക്ഷ്മി, വീട്ടിൽ അമ്മു എന്ന് വിളിക്കും.
(ഉണ്ണി കൃഷ്ണനായരുടെ കയ്യിൽ നിന്നും മേൽവിലാസം എഴുതിയ കടലാസും, ഫോട്ടോയും മേടിച്ചു കൊണ്ട് പുറത്തേക്കു പോകുന്നു. കൃഷ്ണൻ നായർ വീണ്ടും കസേരയിൽ ഇരിപ്പായി. അപ്പോൾ പുറത്തു നിന്ന് സ്ത്രീ ശബ്ദം )
ഇതു മിസ്റ്റർ കൃഷ്ണൻ നായരുടെ വീടല്ലേ?
കൃഷ്ണൻ നായർ : നല്ല കേട്ട പരിചയമുള്ള ശബ്ദം !
ആരാ അപ്പുറത്ത്? ഇങ്ങട്ട് കയറി പോന്നോളു.
(അമ്മിണി വീടിനുള്ളിലേക്ക് പ്രവേശിക്കുന്നു)
അമ്മിണി : ഈ ശബ്ദം അത്ര പെട്ടെന്ന് ഒന്നും മറക്കാൻ സാധ്യത ഇല്ല. പഴയ അമ്മിണി തന്നെ, തെക്കേത്തൊടിയിലെ അമ്മിണി!
(കൃഷ്ണൻ നായർ പരിഭ്രമത്തോടെ)
കൃഷ്ണൻ നായർ : അമ്മിണിയോ? നീ എന്താ ഇവിടെ? നമ്മൾ തമ്മിൽ ഇനി കാണില്ലെന്ന് ഞാൻ പറഞ്ഞില്ലേ.
അമ്മിണി : പറഞ്ഞു! അത് അക്ഷരം പ്രതി അമ്മിണി ഇത്രയും കൊല്ലം അനുസരിക്കുകയും ചെയ്തു.
നിങ്ങളോടു എനിക്കു എപ്പോഴും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഞാൻ കേൾക്കുന്നു നിങ്ങൾ വേറെ പെണ്ണ് കെട്ടാൻ നടക്കുകയാണെന്ന്.
കൃഷ്ണൻ നായർ: അതിനു നിനക്കെന്താണ്? എനിക്കൂ ഇഷ്ടമുള്ളത് ഞാൻ ചെയ്യും.
അമ്മിണി : നിങ്ങൾ എന്നെങ്കിലും വന്നു വിളിക്കും എന്ന് കരുതി ഞാൻ ഇത്രയും നാൾ കാത്തിരുന്നു, മൂത്തു നരച്ചു. ഒടുവിൽ നിങ്ങൾ വിവാഹ പരസ്യം കൊടുത്തു ഒരു ചെറുപ്പക്കാരിയെ കെട്ടാൻ നടക്കുന്നു. അങ്ങനെ വല്ലതും നടന്നാൽ ഈ വീടിന്റെ മുമ്പിൽ ഞാൻ കെട്ടിതൂങ്ങും.
കൃഷ്ണൻ നായർ : എന്നാൽ നീ ഇവിടെ കിടന്നു വാഴക്കുല പോലെ ആടത്തേ ഉള്ളൂ. ഒത്തു വന്നാൽ ഈ ചിങ്ങത്തിന് തന്നെ ഞാൻ എന്റെ കെട്ടു നടത്തും.
അമ്മിണി : അത് എനിക്കു ഒന്ന് കാണണം. സ്കൂളിലും കോളേജിലും പോകൂന്ന വഴിയിൽ എല്ലാം എന്നെ കാത്തൂ നിന്ന് പണ്ട് എന്നെ നോക്കി പാടിയ ഒരു പാട്ടു ഓർമ്മയുണ്ടോ?
“കായാമ്പൂ കണ്ണിൽ വിടരുംകമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ നിന്ന് ആലിപ്പഴം പൊഴിയും”
കൃഷ്ണൻ നായർ : എനിക്കു അതൊന്നും ഇപ്പോൾ ഓർമ്മയില്ല വേറെ എന്തൊക്കെ ഉണ്ട് ജീവിതത്തിൽ ഓർക്കാൻ
അമ്മിണി : ഞാൻ ഇപ്പോൾ പോകുന്നു, ഇനിയും വരും. ഒന്നുകിൽ ഈ വീട്ടിലെ കുടുംബിനി ആയിട്ട് അല്ലെങ്കിൽ ശവമായിട്ട്
(അമ്മിണി ദേഷ്യത്തോടെ ഇറങ്ങി പോകുന്നു)
രംഗം ഒന്ന് അവസാനിക്കുന്നു
രംഗം 2
(ലക്ഷ്മിയുടെ വീട്. വലിയ പ്രൗഢി ഒന്നും ഇല്ലെങ്കിലും വളരെ വൃത്തിയും ചിട്ടയും ഉള്ള ഒരു സ്വീകരണമുറി. ചുവരിൽ ഏതോ കാരണവന്മാരുടെ ചിത്രങ്ങൽ മാലയിട്ടു തുക്കി ഇരിക്കുന്നത് കാണാം. മുറിയുടെ ഒരു മൂലയിൽ ആയി പുസ്തകങ്ങൾ നിറഞ്ഞ ഒരു അലമാരയും, അതിന്റെ സൈഡിൽ ആയി ഒരു ചെറിയ ടീപ്പോയിൽ പ്ലാസ്റ്റിക് ജമന്തി പൂക്കൾ നിറച്ച ഒരു ഫ്ളവർ വേസും – കാണാം. ലക്ഷ്മിയുടെ അച്ഛൻ രാഘവൻ എന്തോ അടുക്കി പെറുക്കി കൊണ്ട് നില്പുണ്ട്.
ഉണ്ണി (പവേശിക്കുന്നു)
ഉണ്ണി :ഇത് ലക്ഷ്മിയുടെ വീടാണോ?
രാഘവൻ : അതെയെല്ലോ. ഞാൻ ലക്ഷ്മിയുടെ അച്ഛനാണ്. രാഘവൻ . ആരാ മനസ്സിലായില്ല.
ഉണ്ണി : പത്രത്തിൽ വന്ന വിവാഹ പരസ്യത്തിന് അയച്ച മറുപടി കണ്ട് വന്നതാണ്, ലക്ഷ്മിയെ ഒന്ന് കാണാൻ . എന്റെ പേര് ഉണ്ണി.
രാഘവൻ : അയ്യോ കണ്ടിട്ട് ആളെ എനിക്കു മനസിലായില്ല ! ഇരിക്ക് പ്ളീസ്. ഉണ്ണി എന്ത് ചെയ്യുന്നു?
ഉണ്ണി : ബി ടെക് കഴിഞ്ഞു.. പണി ഒന്നും ഇത് വരെ ആയില്ല, ചെറിയ ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയുടെ പണിപ്പുരയിലാണ്.
രാഘവൻ : ബേഷ് ! ഇന്നത്തെ കാലത്തു അലെങ്കിലും ഒരു ശമ്പളക്കാരൻ ആയി ഇരിക്കുന്നതിനേക്കാൾ നല്ലത് സ്വന്തമായി എന്തെങ്കിലും സംരംഭം ചെയ്യുന്നത് തന്നെ ആണ്. ഞാൻ മകളെ വിളിക്കാം.
ലക്ഷ്മി…..ലക്ഷ്മി..
(അകത്തു നിന്നും പച്ച നിറത്തിൽ ഉള്ള ചുരിദാർ ധരിച്ചു ലക്ഷ്മി പുറത്തേക്കു ചത്തു. വലിയ കണ്ണുകൾ , ഗോതമ്പിന്റെ നിറമുള്ള ശരീരം, പിന്നെ പരിഷ്കാരി ആണെന്ന് വിളിച്ചറിയിക്കുന്ന കൃത്യമായി അടിച്ചു നിവർത്തിയ കാർകൂന്തൽ, ഹൈഹീൽ ചെരുപ്പുകൾ, പിന്നെ മുഖത്തു ആരുടേയും രക്തസമ്മർദ്ധം കൂട്ടുന്ന പുഞ്ചിരി.
ലക്ഷ്മിയെ കണ്ടതും ആദ്യമായി തൃശൂർ പൂരത്തിന്റെ വെടിക്കെട്ടു കണ്ടു പകച്ചു നില്ക്കുന്ന കുട്ടിയുടെ മുഖഭാവമായി ഉണ്ണിയുടേത്) .
രാഘവൻ : ഇനി ഞാൻ ഒരു കട്ടുറുമ്പവുനില്ല, നിങ്ങൾ പരസ്പരം സംസാരിച്ചിരിക്കു.. ഞാൻ ഇപ്പോൾ വരാം.
(രാഘവൻ എഴുന്നേറ്റു അകത്തേക്ക് പോകുന്നു. ഉണ്ണി അപ്പോഴും ആശ്ചര്യം വിടാതെ ലക്ഷ്മിയെ നോക്കി നിൽക്കുന്നു.)
ഉണ്ണി : ലക്ഷ്മി.ആർ.നായർ , ലിറ്റൽ ഫ്ലവർ കോൺവെന്റ് 9ബി!
ലക്ഷ്മി : അതെ ..നമ്മൾ മുമ്പ് പരിചയപ്പെട്ടിട്ടുണ്ടോ ?
എവിടെയോ കണ്ടു മറന്ന ഒരു മുഖം!
ഉണ്ണി : ഉണ്ണികൃഷ്ണൻ നായർ. ക്ലാസ് 10 എ അങ്ങനെ പറഞ്ഞാൽ പെട്ടെന്ന് ഓർമ്മ വരാൻ സാധൃത ഇല്ല. ലക്ഷ്മിക്ക് പ്രേമലേഖനം തന്നതിന് പ്രിൻസിപ്പലിന്റെ കൈയിൽ നിന്നും ചുരല് കഷായം കൂടിച്ച ഒരു പതിനഞ്ചുകാരൻ ബസ് സ്റ്റോപ്പിലും ട്യൂഷൻ ക്ലാസ്സിലും നിരന്തരം പിറകെ നടന്നിരുന്ന അസ്സൽ ഒരു പൂവാലൻ !
(ലക്ഷ്മി ചിരിക്കുന്നു)
ലക്ഷ്മി : ആഹാ! അത് താൻ ആയിരുന്നേ?..ആകെ മാറിപ്പോയല്ലോ. അന്ന് മെലിഞ്ഞു ഉണങ്ങി പൊക്കം. കുറഞ്ഞ ഒരാളുടെ രൂപം ആണ് എന്റെ മനസ്സിൽ…
ഇതിപ്പോൾ താൻ ഒരു സിനിമ താരത്തെ പോലെ ആയല്ലോ!
ഉണ്ണി : പറഞ്ഞാൽ ചിരിക്കരുത്! ലക്ഷ്മി പിന്നീട് മാർ ഇവാനിയോസ് കോളേജിൽ അല്ലെ പഠിച്ചത്? ഞാൻ അവിടെ ഇടയ്ക്ക് വരുമായിരുന്നു ഒന്ന് കാണാൻ .
ലക്ഷ്മി : ആണോ?…എന്നിട്ടു ഞാന് കണ്ടില്ലല്ലോ? എന്നോട് വന്നു മിണ്ടിയില്ലല്ലേ?
ഉണ്ണി : പ്രിൻസിപ്പലിന് പണ്ട് ഒറ്റിക്കൊടുത്ത യൂദാസിന്റെ മുമ്പിലേക്കോ? അയ്യോ! അതിനുള്ള ധൈര്യം ഇല്ലായിരുന്നു. എന്റെ പ്രണയം കടലിൽ ചേരുന്ന മഴത്തുള്ളി പോലെ ആരും അറിയാതെ അലിഞ്ഞു അലിഞ്ഞു ചേരട്ടെ എന്ന് കരുതി…
(ശ്രീലക്ഷ്മി വീണ്ടും ചിരിച്ചു കൊണ്ട്)
ലക്ഷ്മി : പഴയ പൂവാലൻ തല പൊക്കുന്നോ എന്ന് ഒരു സംശയം. എന്തായാലും ഈ സമാഗമം വിചിത്രം തന്നെ.. ഈ പെണ്ണുകാണലോ .. പെണ്ണിനെ ഇഷ്ടമായോ എന്നിട്ടു അതോ, പണ്ടാരോ പറഞ്ഞ പോലെ കാലത്തിന്റെ ഇടവഴിയിലൂടെ നടന്നു നീങ്ങിയപ്പോൾ വീണ്ടും കാലിടറിയോ?
ഉണ്ണി : ഇല്ല ഇല്ല ! വൺ ആന്ഡ് വണ്ലി വൺ-വേപ്രേമം. പിന്നെ കാലും ഇടറിയില്ല, മനസ്സും. ഒരു വസന്തം മുഴുവൻ സ്വപ്നം കണ്ടിട്ടും, ഒരു പൂവിതൾ പോലും തരാതെ മാഞ്ഞു പോയിട്ടും, ഇന്നും ഈ നെഞ്ചിൽ മായാതെ ലക്ഷ്മി നിൽക്കുന്നു.
ലക്ഷ്മി : കൊള്ളാം ..എന്തായാലും പഴയ പ്രേമലേഖനം എഴുതിയപ്പോൾ ഉള്ള കവിഭാവന ഉപ്പോളും ജീവിച്ചിരിക്കുന്നു.
(ഉണ്ണിയും ലക്ഷ്മിയും പൊട്ടിച്ചിരിക്കുന്നു. അതുകേട്ട് കൊണ്ട് രാഘവൻ തിരിച്ചു വരുന്നു.)
രാഘവൻ : രണ്ടു പേരും നന്നായി പരിചയപ്പെട്ടത് പോലെ ഉണ്ടല്ലോ.
(പുറത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേൾക്കുന്നു)
രാഘവൻ : ഇവളുടെ ആങ്ങള ആയിരിക്കും… ഉണ്ണി ഉരിക്ക്.
(പുറത്തു നിന്നും ഒരു കി _ചെയിൻ കറക്കി കൊണ്ട്
മഹേഷ് കയറി വരുന്നു. മഹേഷിനെ കണ്ടതും കസേരയിൽ നിന്നും ഞെട്ടി ഉണ്ണി എഴുന്നേറ്റു. മഹേഷ് ഉണ്ണിയെ കണ്ടു ആശ്ചര്യത്തോടെ)
മഹേഷ് : നീ ഇത്ര പെട്ടെന്നു വീട് കണ്ടു പിടിച്ചു എത്തിയോ? വഴി കണ്ടു പിടിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ?
രാഘവൻ : നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ? അതേതായാലും നന്നായി. ലക്ഷ്മിക്ക് ആണെങ്കിൽ ചെറുക്കനെ ബോധിക്കൂകയും ചെയ്തു.
(മഹേഷ് അമ്പരപ്പോടെ)
മഹേഷ് : ചെറുക്കനെ ബോധിക്കുകയോ? മനസ്സിലായില്ല!
രാഘവൻ : എടാ ഉണ്ണി, നമ്മുടെ ലക്ഷ്മിയെ പെണ്ണ്കാണാൻ വന്നത് ആണ് ഇയാ ൾ.
(മഹേഷ് അത് കേട്ടതും ക്ഷുഭിതനായ് ഉണ്ണിയുടെ കോളറിൽ കയറി പിടിച്ചു)
മഹേഷ് : എടാ വൃത്തികെട്ടവനെ, നിന്റെ കിളവൻ തന്തയെ എന്റെ പെങ്ങളെ കൊണ്ട് നിനക്കു കെട്ടിക്കണം അല്ലേടാ?
ഉണ്ണി : മഹേഷ് എന്നോട് ക്ഷമിക്കണം, ഞാൻ അറിഞ്ഞില്ല, ലക്ഷ്മി നിന്റെ പെങ്ങൾ ആണെന്നും ഇത് നിന്റെ വീടാണെന്നും.
രാഘവൻ : തന്തക്കൂ വേണ്ടിയോ? എന്ത് തോന്ന്യാസം ഒക്കെ ആണ് നീ പറയുന്നത്. ഇവിടെ വന്നു എന്റെ മോളെ സംസാരിച്ചു മയക്കി നീ നിന്റെ അച്ഛന്
പെണ്ണ് ആലോചിക്കുന്നോ? നിനക്കു എങ്ങനെ ധൈര്യം വന്നു ഇവിടെ കയറി വന്നു ഈ പോക്രിത്തരം കാണിക്കാൻ? നിന്റെ മുട്ടുകാൽ ഇന്ന് അടിച്ചു ഒടിക്കും ഞാൻ.
ഉണ്ണി : അയ്യോ എന്നെ ഒന്നും ചെയ്യരുത് ! അച്ഛന് വേണ്ടി പെണ്ണ് നോക്കാൻ വന്നു എന്നത് സത്യം തന്നെ. പക്ഷെ ലക്ഷ്മിയെ എന്നിക്കൂ വിവാഹം ചെയ്തു തരണം.
മഹേഷ് : എന്ന്? നീ ആലോചിച്ചു തന്നെ ആണോ ഇതു പറയുന്നത്. അതോ ഇവിടുന്ന് തടി തപ്പാനുള്ള അടവാണോ?
ഉണ്ണി : അല്ല ! ലക്ഷ്മിയെ എനിക്കു ഇഷ്ടമാണ്, എന്ത് തന്നെ സംഭവിച്ചാലും അവളെ ഞാൻ വിവാഹം കഴിച്ചിരിക്കും! ഇത് സത്യം, സത്യം, സത്യം !
(ലക്ഷ്മി പുഞ്ചിരിയോടെ ഉണ്ണിയെ നോക്കി മഹേഷും രാഘവനും പരസ്പരം മുഖത്തോടു മുഖം നോക്കി നിൽകുന്നു.)
( രംഗം രണ്ടൂ അവസാനിക്കുന്നു)
രംഗം 3.
(കൃഷ്ണൻ നായരുടെ വീട്, അക്ഷമനായി ഫോണും നോക്കി കൊണ്ട് തെക്കു വടക്കു ഉലാത്തുന്ന കൃഷ്ണൻ നായർ )
കൃഷ്ണൻ നായർ : ഒരുത്തൻ രാവിലെ ഇറങ്ങിയതാണ് എനിക്കു പെണ്ണ് നോക്കാൻ , ഒരു വിവരവും ഇല്ല ! അത് വഴി അവൻ കവല നിരങ്ങാൻ പോയി കാണും.
ആ ചിലപ്പോൾ ജാതകം കൂടി ഒത്തു നോക്കിയിട്ടേവരുള്ളൂ ആയിരിക്കും. ഇനി……. പെണ്ണിന് വല്ല ചൊവ്വാ ദോഷവും കാണുമോ ആവോ?
(പൂറത്തു ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം)
കൃഷ്ണൻ നായർ : ഇത് ആരാണ് കാറിൽ ഒക്കെ ഇങ്ങോട്ട്?
(പുറത്തു നിന്നും കൈയിൽ ഒരു മാലയും ബൊക്കെയുമായി ഉണ്ണി കയറി വരുന്നു)
കൃഷ്ണൻ നായർ : ഇതെന്താടാ, നീ കല്യാണവും ഉറപ്പിച്ചു മാലയും ബൊക്കെയും ഒക്കെ നേരത്തെ വാങ്ങിച്ചോ?
ഉണ്ണിയുടെ പുറകിലായി ലക്ഷ്മിയും പ്രവേശിക്കുന്നു.തലയിൽ മുല്ലപ്പുവും ചൂടി, കാഞ്ചിപുരം സാരിയും ഉടൂത്തു കൊണ്ട് നമ്രമുഖി ആയി ചെറു ചുവടുകളും വച്ച്കൊണ്ട്)
ഉണ്ണി : അച്ഛാ ഇതാണ് ലക്ഷ്മി!
കൃഷ്ണൻ നായർ : നീ ആള് കൊള്ളാമല്ലോ പെണ്ണേ ! എന്നെ കുറിച്ച് കേട്ടതും നീ കൂടെ പോന്നോ?
കല്യാണത്തിന് മുമ്പേ ചെറുക്കന്റെ വീട്ടിൽ സാധാരണ പെണ്ണ് വരാറില്ല 1 പക്ഷെ എന്നോടു പെണ്ണുങ്ങള്ക്കുള്ള ഈ തീക്ഷണമായ ഇച്ഛ എനിക്കു മനസിലാകും. ഈ സൗന്ദര്യം ചിലപ്പോൾ എനിക്കു ഒരു ശാപമാണോ എന്ന് തോന്നി പോകും !
(ഉണ്ണി മുന്നോട്ടു നീങ്ങി കൃഷ്ണൻ നായരുടെ കാല് തൊടുന്നു)
ഉണ്ണി : അച്ഛൻ എന്നോട് ക്ഷമിക്കണം. ഞങ്ങൾ കുറച്ചു മുമ്പ് വിവാഹിതരായി. ഞങ്ങളെ അനുഗ്രഹിക്കണം !
കൃഷ്ണൻ നായർ: ഇന്ന് രാവിലെ എനിക്ക് വേണ്ടി പെണ്ണ് കാണാൻ പോയ നില ആയപ്പോഴേക്കും അവളെയും കെട്ടി എന്റെ വീട്ടിലേക്കു തന്നെ കൂട്ടി കൊണ്ടു വന്നോ ? അച്ഛൻ തന്നെ നീ പണി തന്നൂവല്ലേ,സ്വന്തം രക്തത്തെ പോലും വിശ്വസിക്കാൻ പറ്റാത്തകാലം!
ഉണ്ണി : അച്ഛന്റെ പിന്നാലെ ഒരുപാടു സുന്ദരിമാർ വേറെയും ഉണ്ടല്ലോ, നമുക്ക് അതിൽ നിന്നും ഒന്നിനെ തപ്പി എടുക്കാം,
കൃഷ്ണൻ നായർ : നീ ഇനി ഒരക്ഷരം മിണ്ടരുത് ആ അനുപമ നല്ല കൂട്ടി ആയിരുന്നു, ഞാൻ ആണെങ്കിൽ പെട്ടെന്ന് ഉള്ള ദേഷ്യത്തിന് അവളെ എന്തൊക്കെയോ പറഞ്ഞു. അവളുടെ മേൽവിലാസം മഹേഷിന്റെ കൈയിൽ കൊടുത്തായിരുന്നു. അത് മേടിച്ചു അവളെ തന്നെ ഒന്ന് പോയി കാണാം.(കൃഷ്ണൻ നായർ പുച്ഛത്തോടെ ലക്ഷ്മിയെ നോക്കി കൊണ്ട്)
അല്ലെങ്കിലും അവൾ തന്നെ ആയിരുന്നു സുന്ദരി.എനിക്കു ഇത്തിരി കൂടി നല്ല ചേർച്ച അവൾ തന്നെ !
(പുറത്തു ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേൾകാം . മഹേഷ് അനുപമയുമായി പ്രവേശിക്കുന്നു)
കൃഷ്ണൻ നായർ: ആഹാ ! നിങ്ങള്ക്ക് നൂറ് ആയുസ്ലാണ്, ഇപ്പോൾ നിങ്ങളുടെ കാര്യം പറഞ്ഞ് നാക്ക് വായിലോട്ടു ഇട്ടതേ ഉള്ളു. അല്ലെങ്കിലും ചിലപ്പോൾ മക്കളെക്കാളും നമ്മുടെ മനസ്സറിയുന്നതു അവരുടെ ചില കൂട്ടുകാർ ആയിരിക്കും.
മഹേഷേ നീ അനുപമയെ കൂടി കൊണ്ട് വന്നത് നന്നായി. ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞു.
എന്നോട് പിണക്കം ആണോ അനുപമേ?
അനുപമ : ഒരു പിണക്കവുമില്ല അങ്കിൾ . ഞാനും എന്തൊക്കെയോ പറഞ്ഞു എന്നോട് ക്ഷമിക്കണം.
കൃഷ്ണൻ നായർ : അങ്കിളോ??
അനുപമ : ഇന്ന് ആയിരുന്നു ഞങ്ങളുടെയും വിവാഹം പരസ്പരം മനസ്സ് കൊണ്ട് ഇഷ്ടപെടുന്ന രണ്ടു പേര് കൂടി ചേരുന്നതിന് നാട്ടുകാരെ മുഴുവന് സാക്ഷ്യപ്പെടുത്തി ഒരു വലിയ ചടങ്ങിനൊന്നും എനിക്ക്താലപര്യം ഇല്ല. അത് കൊണ്ട് ഞങ്ങള് ആറ്റുകാൽ ഭഗവതിയെ സാക്ഷ്യം നിർത്തി ഞങ്ങളുടെ ഹൃദയം ഒരു പൂമാലയുടെ രൂപത്തിൽ കൈമാറി.
(കൃഷ്ണൻ നായർ ഇടിവെട്ടു ഏറ്റത് പോലെ ഞെട്ടി നിന്നു, പതുക്കെ വിഷമത്തോടെ മുമ്പോട്ടു നടന്നു)
കൃഷ്ണൻ നായർ : എന്റെ വിധി ! നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം നമ്മൾക്ക് കിട്ടണം എന്ന് ഇല്ല. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട പോയി എന്ന് ചൊല്ല് എന്താന്നെന്നു ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് .
മഹേഷ് : അങ്കിൾ വിഷമിക്കരുത്. നമ്മൾ ചിലപ്പോൾ മനസ്സിൽ ആഗ്രഹിക്കുന്നത് തന്നെ ആയിരിക്കില്ല നമ്മൾക്ക് വേണ്ടത്. അത് തിരിച്ചറിയാൻ ചിലപ്പോൾ കാലങ്ങളും കാതങ്ങളും വേണ്ടി വരും, പക്ഷെ ഒടുവിൽ നമ്മൾ തിരിച്ചറിയും. ഞങ്ങളുടെ കൂടെ ഇന്ന് ഒരാൾ കൂടി ഉണ്ട്.
(മഹേഷ് പുറത്തേക്കു നോക്കി കൊണ്ട്)
ആന്റീ, അകത്തേക്ക് കയറി വരു.
(അമ്മിണി പ്രവേശിക്കുന്നു. ഉണ്ണിയും, മഹേഷും, അനുപമയും, ലക്ഷ്മിയും അകത്തേക്ക് കയറി പോകുന്നു)
അമ്മിണി : കല്യാണ ആലോചനകൾ ഒക്കെ കഴിഞ്ഞോ? അതോ ഇനിയും ഉണ്ടോ നിങ്ങളുടെ ആരാധികമാരുടെ നീണ്ട നീര?
കൃഷ്ണൻ നായർ :ശവത്തിൽ കുത്തരുത് ! എന്റെ പിന്നിലെ ഒരു ആരാധികമാരാരുമില്ല! എല്ലാം എന്റെ വെറും ഒരു മോഹനനെ ജീവിതത്തിൽ മനസറിഞ്ഞു ഇഷ്ടമാണെന്നു പറഞ്ഞതും കാത്തിരുന്നതും നീ മാത്രമേ ഉള്ളു. എന്നിട്ടും നിന്നെ ഞാൻ അവഗണിച്ചു, വാക്കുകൾ കൊണ്ട് കൂത്തി നോവിച്ചു.
എന്നിട്ടും നീ എന്നെ മറന്നില്ല, ഉപേക്ഷിച്ചില്ല. അതെങ്ങനെ സാധിക്കുന്നു നിനക്ക് അമ്മിണി?
അമ്മിണി : അവഗണന വളരെ മൂർച്ച ഏറിയ ഒരു ആയുധം തന്നെ .ഓരോ തവണയും എന്റെ ഹൃദയത്തിൽ നിങ്ങൾ കത്തി ആഴ്ത്തുമ്പോൾ ഞാൻ ചിരിക്കാറേ ഉള്ളൂ …. നിങ്ങളുടെ കത്തിയാൽ മൂറിവേക്കുന്നതു നിങ്ങള്ക്ക് തന്നെ ആണ് …കാരണം എന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നത് നിങ്ങൾ തന്നെആണല്ലോ
കൃഷ്ണൻ നായർ : എന്നോട് നീ ക്ഷമിക്കണം,
മനസിന്റെ വാർദ്ധകൃത്തെ മറക്കാൻ നിതൃയൗവനം പുറമേ ചമഞ്ഞു നടന്ന് എനിക്കു മതിയായി. സത്യത്തിൽ ദുർബലമായി ഒരു ഹൃദയവും അപകർഷതാബോധവും മാത്രമാണ് എനിക്കുള്ളത്.
അമ്മിണി.. നിന്നിലേക്കുള്ളത് തന്നെ ആയിരുന്നല്ലോ നാളിതുവരെ എനിക്കു തെറ്റിയ വഴികൾ !
ഈ ജീവിതത്തിൽ ഒരു താങ്ങായി അമ്മിണിയെ വിളിച്ചാൽ വരുമോ?
(അമ്മിണി ചിരിച്ചുകൊണ്ട്)
അമ്മിണി : ജീവിതത്തിലേക്ക് വരാൻ ഒരു നിബന്ധന ഉണ്ട്.
കൃഷ്ണൻ നായർ : എന്താണ് അത്?
അമ്മിണി : ആ പഴയ പാട്ട് ഒന്നും കൂടി പാടണം. ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തിൽ ആണെങ്കിലും നാടകത്തിലാണെങ്കിലും ഒരു പാട്ടു നല്ലതാണ്.
(കൃഷ്ണൻ നായരും അമ്മിണിയും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് കൈകൾ പിടിച്ചു അടുക്കുന്നു. പശ്ചാത്തലത്തിൽ നിന്നും കായാമ്പൂ കണ്ണിൽ വിടരും കമലദളംകവിളിൽ വിടരും എന്ന ഗാനം ഒഴുകി എത്തുന്നു)
– ശൂഭം–