അൻപതു കൊല്ലങ്ങൾക്ക് മുൻപ്

അൻപതു കൊല്ലങ്ങൾക്ക് മുൻപ് 

നമ്മണ്ടെ സത്യശീലനേ, ആ സത്യവാൻ മാഷിന്റെ മകൻ , ആ ചെക്കൻ മതം മാറിയവേ. 

ഡി.സി.അഥവാ ഡിസ്ട്രിക്ട് കളക്ടർ എന്നവിളിപ്പേരുള്ള ജയനാണ് സംസാരിക്കുന്നത്. സൂര്യന്  കീഴെയുള്ള ഏത് വിഷയത്തെപ്പറ്റിയും എന്തെങ്കിലും
അഭിപ്രായം പറയുന്നവനാണീ ഡി.സി. അതുകൊണ്ടാണ് ഞങ്ങളുടെ നാട്ടുകാര് അവന് ഈ പേര് കൽപ്പിച്ചു
   കൊടുത്തത്.

 ഞങ്ങളുടെ നാട്ടിലെ ഏക പുരുഷ ബ്യൂട്ടിപാരലരായ
“ബോംബെ സലൂണി’ലെ കറങ്ങുന്ന കസേരയിലിരുന്ന് കണ്ണാടിയിലൂടെ ഞാൻ പുറകോട്ട് നോക്കി.അവിടത്തെ ബഞ്ചിൽ , ഒരു കാൽ
  മടക്കി വച്ച്,“ആട്ടോമാറ്റിക്ക്”
എന്ന് വിളിക്കപ്പെടുന്ന കൊല്ലൻ കാശിയും R.P.T.S (രാവും പകലും തെണ്ടി സംഘം)

പ്രസിഡന്റ് രാജനും കാതു കൂർപ്പിച്ച  ജയന്റെ സംസാരം കേൾക്കുന്നുണ്ട്.

 വലിച്ചുകൊണ്ടിരുന്ന നൂർസേട്ട്  ബീഡി ചുണ്ടിൽ നിന്നെടുത്ത് കാശി ഇടപെട്ടു.

 ഓ തന്നേ, നാനും കേട്ടു.”

 “ആ ചെക്കന് എന്തെങ്കിലും കുണ്ടാമണ്ടി കാട്ടീട്ടുണ്ടാകും ന്നേ.” കാശി തുടർന്നു.

 വെള്ളയുടെ, Mr.white  എന്ന് എന്റെ മകൾ വിളിക്കാറുള്ള, ബാർബർഷോപ്പായ “ബോംബെ സലൂണാണ് ഞങ്ങളുടെ നാട്ടിലെ അപ്രഖ്യാപിത കോടതി. ആ നാട്ടിൽ  നടക്കുന്ന എല്ലാ കാര്യങ്ങളും അവിടെ വിശദമായി ചർച്ച  ചെയ്യും. തലനാരിഴകീറി വിശകലനം ചെയ്യും. പലപ്പോഴും നാട്ടിലെപ്രശ്നങ്ങൾ  വിട്ട് അന്താരാഷ്ട്ര  പ്രശ്നങ്ങൾ വരെ അവിടെ ആധികാരികമായി ചർച്ച ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒറ്റക്കാലൻ  സുന്ദരനുണ്ടെങ്കിൽ  പിന്നെ ചർച്ച ചെയ്യാനുള്ള വിഷയമായി സ്പോർട്സും കയറിവരും.

 വെള്ള പതുക്കെ എന്റെ മുടിയിൽ  ചിത്രങ്ങൾ  വരയ്ക്കുകയാണ്. ഞാനാകട്ടെ അറിയാതെ മനോരാജ്യത്തിലേക്ക് വഴുതി വിണു. എന്റെ മനസ്സ് സതൃശീലനെ പിന്തുടർന്ന്. ഞങ്ങളുടെ നാട്ടിലെ എല്ലാവരുടേയും കണ്ണിലുണ്ണി ആയിരുന്നു അവൻ RPTS  പ്രസിഡന്റ് രാജന്റെ ഭാഷയിൽ  പറഞ്ഞാൽ  – കണ്ണിലെ ഉണ്ണിയും ഉണ്ണിലെ കണ്ണിയും – നല്ല സ്വഭാവം, അച്ചടക്കം,മിതഭാഷണം, കൃത്യനിഷ്ഠ എന്നിങ്ങനെ ഇന്നത്തെ യൂവതലമുറയിൽ  നഷ്ടമായികൊണ്ടിരിക്കുന്ന എല്ലാസദ്ഗുണങ്ങളുടേയും വിളനിലം. 

അല്ല, അതെങ്ങിനെ അല്ലാണ്ടാവും. സത്യവാൻ മാഷ്ടെ അല്ലേ മകൻ! എന്റെ മനസ്സ് സതൃശീലനെ വിട്ട് സത്യവാൻ  മാഷിന്റെ പുറകെ കൂടി.

 മാഷ് ഞങ്ങളുടെ നാട്ടിലെ ലോവർ  പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനാണ്. താമസിക്കുന്നത് ഏതാണ്ട് രണ്ടു കിലോമീറ്റർ  അകലെ കല്ലേപ്പുള്ളിയിൽ
.ദിവസവും കാലത്ത് എട്ടുമണിക്ക്
  മാഷ് വീട്ടിൽ  നിന്നിറങ്ങും. വഴിയിൽ  കാണുന്ന എല്ലാവരോടും വിസ്തരിച്ച് കുശലം പറയും. അത് എതിരെവരുന്ന പാല്ക്കാരൻ  സുബ്രഹ്മണ്യനാണെകിലും അകലെ വയൽവരമ്പത്ത് കുടയും പിടിച്ചു നിൽക്കുന്ന 
രാഘവേട്ടനാണെങ്കിലും എന്തെങ്കിലും ചോദിക്കാനും പറയാനും മാഷ്ക്ക് കാണും. എന്നും
ചിരിച്ച് മാത്രമേ ഞാൻ
  മാഷ്നെ കണ്ടിട്ടുള്ളു. ചന്ദനം കൊണ്ടുള്ള ഒരു ഗോപിക്കൂറി മാഷിന്റെ ട്രേഡ്മാർക്കാണ്. ഇതിന് വ്യത്യാസം വരുന്നത് മണ്ഡല മാസക്കാലത്ത് മാത്രമാണ്. മണ്ഡലമാസക്കാലത്ത്., ചന്ദനക്കുറിയുടെ അടിയിൽ  ഭസ്മം കൊണ്ടുള്ളമൂന്നുവരകൾ- അല്ല, ഭസ്മം കൊണ്ടുള്ള മൂന്നു വരകൾക്ക് മുകളിൽ  ചന്ദനക്കുറി, അങ്ങിനെയും
പറയാം – കാണുമെന്ന് മാത്രം.

 ഈ ഭസ്മക്കുറിക്കുമുണ്ട് ഒരു പ്രത്യേകത. പൂലർച്ചെ, സൂര്യോദയത്തിന് മുമ്പ്, സത്യക്കോട്ടുകുളത്തിൽ  മുങ്ങികുളിച്ച്, ഈറനുടുത്ത് അമ്പലത്തിൽ  പോയി തൊഴുന്നതിന് മുമ്പാണീ കുറിയിടൽ.

 കുളി കഴിഞ്ഞ് അല്പം ഭസ്മം കയ്യിലേക്കിടും.പിന്നെ വെള്ളമൊഴിച്ച് നനച്ച് ചെറിയ കുഴമ്പുപരുവത്തിലാക്കും. ധർമ്മശാസ്താവിനെ മനസ്സിൽ ധ്യാനിച്ച് നെറ്റിയിൽ ആദ്യം മൂന്ന് വര വരയ്ക്കും.പിന്നെ നെഞ്ചത്ത്, കഴുത്തിന് രണ്ടുവശത്തും, തോളിൽ  പുറകുവശത്ത്, തുടർന്ന്  രണ്ടു കയ്യിലും. തോളിന് താഴെ, കയ്യുടെ  മുകൾഭാഗത്ത് വസൂരിക്കലക്ക്  മുകളിലൂടെ ആദ്യം വരയ്ക്കും. പിന്നെ കൈമൂട്ടിനടുത്ത്, ശേഷം ശരണം വിളിച്ചാവും അമ്പലത്തിലേക്കുള്ള വരവ്. അമ്പലത്തിലെത്തുമ്പോഴേക്കും ഭസ്മമെല്ലാം ഉണങ്ങി ചാരനിറത്തിലുള്ള വരകളായി മാറിയിരിക്കും.

 ആ, എന്താ ഞാൻ  പറഞ്ഞുവന്നത്? മനസ്സ് സ്വയം ചോദിച്ചു.

 അതെ, മാഷ്ടെ ഗോപിക്കുറീടെ കാര്യം.

മാഷ്ക്ക് ചന്ദനം കൊണ്ടുള്ള ഒരു ഗോപിക്കുറി നിർബന്ധമാണ്. കുളി കഴിഞ്ഞ്, ഒരു ഗോപിക്കുറി തൊട്ടാൽ  കിട്ടുന്ന ആത്മവിശ്വാസം ഒന്ന് വേറെന്നെയാണെന്നാണ് മാഷ്ടെ പക്ഷം. 

മാഷ് സ്കൂളിലെത്തിയാൽ  പിന്നെ എല്ലാവർക്കും  വലിയ തിരക്കാണ്. മാധവേട്ടനാണ് ഏറ്റവും തിരക്ക്. ക്ലാസ്സുമുറികൾ  അടിച്ചു വൃത്തിയാക്കണം, മുറ്റത്തെ നെല്ലിമരത്തിന്റെ ഒടിഞ്ഞ ചില്ലകളുടെ ഇലകളെയൊക്കെ പെറുക്കി കളയണം. അസംബ്ലിക്ക് മുമ്പ് കൊടിമരത്തിന് ചുറ്റും എന്തെങ്കിലും അഴുക്കുമുണ്ടെങ്കിൽ  അതെല്ലാം വൃത്തിയാക്കണം. സ്റ്റാഫ് റൂമിലും, ക്ലാസ്സ്മൂറികളിലുള്ള മൺകൂജകളിൽ വെള്ളം നിറച്ചുവയ്ക്കണം. തീർന്നില്ല, മാഷ് സ്നേഹപൂർവം നട്ടുവളർത്തുന്ന  മുല്ലവള്ളിക്കും റോസാച്ചെടിക്കും, നാലുമണിപൂവിനൂമെല്ലാം വെള്ളമൊഴിക്കണം. ഇതെല്ലാം ഒമ്പതുമണിക്ക് മുമ്പ് ചെയ്തു തീർക്കാൻ നെട്ടോട്ടമോടുന്ന മാധവേട്ടനെയാവട്ടെ കൂട്ടികൾക്ക്  യാതൊരു പേടിയുമില്ല. അവർ  എന്തെങ്കിലും പറഞ്ഞ് മാധവേട്ടന്റെ പുറകെ ഓടിനടക്കും.

 മറ്റൊരു കാര്യം, മാധവേട്ടനും ഒരു ചന്ദനക്കുറിപ്രിയനാണ്. ഷർട്ട്  ഇടാറേ ഇല്ല. ഒരു വെള്ളമുണ്ട് മടക്കിക്കുത്തി, അതിന് മുകളിൽ  ഒരു ഈരെഴതോർത്തും  ആയാൽ  മാധവേട്ടന്റെ വേഷം ആയി. നടന്നുപോകുന്ന മാധവേട്ടനെ എനിക്ക് ഓർക്കാനേ കഴിയുന്നില്ല എപ്പോഴും ഓടിക്കൊണ്ടിരിക്കൂം. അല്ല,ഓടിക്കുകയാവും സത്യവാൻമാഷ്.

 ആ മാഷ്ന്റെയല്ലേ മോൻ. 

മത്തൻ  കുത്തീട്ടാ കുമ്പളം മുളക്കുമോ? നാട്ടിലെ ചൊല്ല് എന്റെ മനസ്സിൽ  ഓടിയെത്തി. സത്യശീലനെക്കുറിച്ച് എല്ലാവർക്കും  നല്ലതെ പറയാനുള്ളൂ. അങ്ങിനെയുള്ള ആളെക്കുറിച്ചാണ് ചർച്ച  നടക്കുന്നത്. അവനെ അവസാനമായി കണ്ട സദർഭം  ഓർത്തെടുക്കാൻ ഞാൻ ശ്രമിച്ചു. മുകുന്ദന്റെ “കൂട്ടംതെറ്റി മേയുന്നവരി”ലെ, പ്രകാശനെപ്പോലെ, ഇനി ഇവനെങ്ങാനും മുടിനീട്ടി വളർത്താനും തൂടങ്ങിയിരുന്നുവോ?  ഞാൻ  ഓർത്തു നോക്കി. ഏയ്, ഇല്ല. മറിച്ച് മുടി പറ്റെ വടിച്ചെടുത്ത് ഊശാൻതാടിയുമായാണ് അവനെ അവസാനമായികണ്ടത്, ഇപ്പോഴത്തെ ചെറുപ്പക്കാരല്ലേ, പരിഷ്ക്കാരത്തിന്റെ പേരിൽ എന്തൊക്കെയാണാവോ കാണിച്ചുകൂട്ടുന്നത്? ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല. 

“തങ്കം പോലത്തെ ചെക്കനാണ്. അവനെന്താണാവോ ഈ പുത്തി തോന്നീത്” കാശിയുടെ വക ഉറക്കെയുള്ള ആത്മഗതം.

“നാനീ കോളേജിലൊന്നും പോയിട്ടില്ല. ന്നാലുംന്റെ ഒരിത് പറയാം.” വലിച്ചുകൊണ്ടിരുന്ന നൂർസേട്ട്  ബീഡി ബഞ്ചിന്റെ ഒരറ്റത്ത് കുത്തിക്കെടുത്തി രാജന്  പറഞ്ഞു തുടങ്ങി.

 “ഒരേ ഒരു കാര്യം, അത് മാത്രം തുടർച്ചയായി പഠിപ്പിച്ചോണ്ടിരുന്ന, നിങ്ങണ്ടെ മനസ്സും പുത്തിയും അതിലേക്ക് ചായും വേറൊന്നും കാണൂല, കേക്കൂല, അറിയൂല. ഏതാണ്ട് നമ്മണ്ടെ കുട്ടികൃഷ്ണേട്ടന്റെ കുതിരനെ മാതിരി.”

 ഞാനാലോചിച്ചു, തികച്ചും പരമമായ സത്യം, എത്ര ലളിതമായാണ് RPTS പ്രസിഡന്റ് എന്ന് എല്ലാവരും കളിയാക്കി വിളിക്കുന്ന രാജൻ  പറയുന്നത്?

വിവേചനബുദ്ധി ഉപയോഗിക്കാതെ പ്രത്യയശാസ്ത്രം മാത്രം പഠിക്കാന് തുടങ്ങിയാല് ഒരാളുടെ പ്രായോഗികബുദ്ധി നശിക്കും. അറിവുണ്ടാകുമായിരിക്കും, പക്ഷേ, തിരിച്ചറിവ് ചിലപ്പോൾ നഷ്ടമാവും.

 എവിടെയോ വായിച്ചത് ഞാനോർത്തു. അഭിപ്രായം ഇരുമ്പലക്കയല്ല. അത് മാറിക്കൊണ്ടിരിക്കണം. മാറ്റം മാത്രമാണ് മാറ്റമില്ലാതെ നിലകൊള്ളുന്നത്. മാറ്റത്തെ മനസ്സിലാക്കാനുംഉൾകൊള്ളാനും കഴിയാതെ വരുമ്പോഴാണ് സംഘട്ടനങ്ങൾ  ഉടലെടുക്കുന്നത്, മനസ്സീനകത്തും പുറത്തും.

 വെള്ള തട്ടി വിളിച്ചപ്പോഴാണ് എന്റെ മൂടിമുറിക്കൽ  കഴിഞ്ഞെന്ന് ഞാന് മനസ്സിലാക്കിയത്. ഞാൻ പുറത്തേക്ക് നോക്കി. കടയുടെ മുൻവശത്തു നിന്ന് ഒരു ഭിക്ഷക്കാരൻ  തന്റെ കയ്യിലുള്ള ചെറിയ ഉടുക്കു കൊട്ടി പാടുകയാണ്;

“അപ്പ ശൊന്നത് മക്കള് കേക്കറ് അന്തക്കാലം

മക്കള് ശെന്നത് അപ്പ കേക്കറ് ഇന്തക്കാലം.

മാമാ ശൊന്നത് മരുമകള് കേക്കറ് അന്തക്കാലം

മരുമകള് ശൊന്നത് മാമ കേക്കറ് ഇന്തക്കാലം

വാദ്ധ്യാര് ശൊന്നത് പുള്ളകള് കേക്കറ് അന്തക്കാലം

പുള്ളകൾ ശൊന്നത് വാദ്യാർ  കേക്കറ് ഇന്തക്കാലം.”

 ഒരു പക്ഷേ എന്റെ ചിന്തകളുടെ തുടർച്ചയാവാം.ഞാൻ  സ്വയം പറഞ്ഞു.

 വെള്ളയ്ക്ക് പൈസ കൊടുത്ത് ബാക്കി വന്ന ചില്ലറ ഭിക്ഷക്കാരന്റെ പാത്രത്തിലും ഇട്ട് പുറത്തേക്ക് നടക്കുമ്പോൾ  മനസ്സിന് വല്ലാത്ത ലാഘവത്വം തോന്നി. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയുമായി പതിയെ മുന്നോട്ടു നടന്നു.

 

  

Leave a Reply

Your email address will not be published. Required fields are marked *