ചിലനേർകാഴ്ചകൾ
ചിലനേർകാഴ്ചകൾ
നമ്മൾ എല്ലാവരും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിക്കണം. അവരുടെ കുറ്റങ്ങളും കുറവുകളും നോക്കാതെ സ്നേഹിക്കുക. ദൈവം എല്ലാവരിലുമുണ്ടെന്നോർക്കണം. നമുക്ക് സുഹൃത്തുക്കൾ വേണമെങ്കിൽ നമ്മൾ എല്ലാവരേയും നിഷ്കളങ്കമായി സ്നേഹിക്കണം. എന്തെങ്കിലും തിരിച്ചുകിട്ടും എന്ന ഉദ്ദേശത്തോടെ ആവരുത്. നമ്മോടു ശ്രതുതയോ, അവഗണനയോ കാണിക്കുന്നവരായാൽക്കൂടി അവരെ മനസ്സുകൊണ്ട് സ്നേഹിക്കണം . കുറെ കഴിയുമ്പോൾ അവർ താനെ ശരിയായിക്കൊള്ളും. നമ്മളിൽ എപ്പോഴും ദൈവികചിന്ത ഉണ്ടായിരിക്കണം. അപ്പോൾ നമുക്കൊരു മാഗ്നെറ്റിക് പവർ ഉണ്ടാകും. ഈ ശക്തി നമ്മളിൽ ഉണ്ടാകണമെങ്കിൽ നമ്മൾ എല്ലാവരെയും സ്നേഹിക്കണം.
മറ്റുള്ളവർ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നമ്മൾ ഒരുപാടു സംസാരിക്കരുത്. ഒരുപാടു സംസാരിക്കുമ്പോൾ ചിലരെ ചിലപ്പോൾ വേദനിപ്പിച്ചു എന്ന് വരാം. ഒരിക്കൽ പുറത്തുവന്ന വാക്ക് നമുക്ക് തിരിച്ചെടുക്കുവാൻ പറ്റില്ല. അതുകൊണ്ടു ആവശ്യമില്ലാതെ വെറുതെ സംസാരിക്കരുത്. മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുവാൻ ശീലിക്കണം. പോസിറ്റീവായി ചിന്തിക്കുവാൻ ശീലിക്കണം. നേരെമറിച്ചു നെഗറ്റീവായി ചിന്തിച്ചാൽ നെഗറ്റീവ് കാര്യങ്ങൾ നമ്മളിലേക്ക് ആകർഷിക്കപ്പെടുകയാണ് ചെയ്യുക. പോസിറ്റീവായി ചിന്തിച്ചാൽ എല്ലാം നന്നായി വരും.
ആരോടും അതിയായ അടുപ്പം നല്ലതല്ല. അത് പലപ്പോഴും നമ്മളെ സങ്കടത്തിൽ ആഴ്ത്തും. മക്കളിൽ നിന്നായാലും സുഹൃത്തുക്കളിൽ നിന്നായാലും നമ്മൾ ഉദ്ദേശിച്ചതുപോലെ സ്നേഹം തിരിച്ചു കിട്ടിയില്ലെങ്കിൽ നമ്മൾ സങ്കടത്തിലാകും. നേരെമറിച്ചു ഒന്നും പ്രതീക്ഷിക്കാതിരുന്നാൽ അവരിൽ നിന്ന് എന്ത് കിട്ടിയാലും അതൊരു ബോണസ് ആയിരിക്കും. എപ്പോഴും എന്തും വിട്ടുകൊടുക്കാൻ ശീലിച്ചാൽ ജീവിതത്തിൽ താനെ സന്തോഷം വരും. മനസ്സ് നല്ല പവർഫുള്ളാണ്. “Mind is more powerful than a machine gun” എന്ന് സായിബാബ പറഞ്ഞിട്ടുണ്ട്. അത് വളരെ ശരിയാണ്. മനസ്സിന് അതിർത്തികളില്ല. നമ്മൾ എന്തെങ്കിലും ചെയ്യണമെന്ന് ഉറച്ചു വിശ്വസിച്ചാൽ അത് നമുക്ക് ചെയ്യുവാൻ സാധിക്കും. ഞാൻ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ് എന്ന് ചിന്തിച്ചാൽ ആ വ്യക്തി സന്തോഷവാനായിരിക്കും. പക്ഷെ ഉറച്ചു വിശ്വസിക്കണം. എനിക്ക് അസുഖങ്ങൾ ഒന്നും വരികയില്ല എന്ന് ഉറച്ചു വിശ്വസിച്ചാൽ അസുഖങ്ങൾ വരികയില്ല. എപ്പോഴും സന്തോഷത്തോടെ ഇരുന്നാൽ, കാണുന്നവർക്കും
സന്തോഷം തോന്നും. നേരെമറി ച്ച് ഒരു സന്തോഷവുമില്ലാത്ത മുഖവുമായി നമ്മുടെ ആവലാതികൾ മാത്രം പറഞ്ഞാൽ മറ്റുള്ളവർക്ക് അത് കേള്ക്കുവാൻ വലിയ താല്പര്യം ഉണ്ടാകുകയില്ല. മറ്റൊന്ന്, നമ്മുടെ കുട്ടികളുടെ കാര്യമോ, നമ്മുടെ കാര്യമോ, മാത്രം മറ്റുള്ളവരോട് പറഞ്ഞാൽ അവർകതുകേൾകുവാൻ വലിയ താല്പരൃമുണ്ടാകില്ല എന്നതാണ്. നേരെമറിച്ചു അവരുടെ സുഖസൗകര്യങ്ങളും, കൂട്ടികളുടെ വിശേഷങ്ങളും തിരക്കിയാൽ അവർക്ക് വളരെ സന്തോഷമായിരിക്കും.
മറ്റുള്ളവരുടെ നന്മ കണ്ടാൽ അതുകണ്ടു പഠിക്കുവാൻ നോക്കുക. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളുമല്ല നമ്മൾ തേടിപ്പിടിക്കേണ്ടത്. അവരുടെ നന്മയാണ്. നല്ലതു കണ്ടാൽ അതുപറയുവാൻ മടിക്കരുത്. ഒരു നല്ല വാക്ക് ആരെയും സന്തോഷിപ്പിക്കും. ഒരാൾ നല്ലൊരു ഭക്ഷണം തന്നാൽ അത് നന്നായിരുന്നു എന്ന് പറയാൻ മടിക്കരുത്. അത് കേൾക്കുമ്പോൾ ആ വ്യക്തിക്ക് വലിയ ചാരിതാർഥ്യമായിരിക്കും. എപ്പോഴും നല്ലത് കാണുവാനും നല്ലത് പറയുവാനും ശ്രമിക്കണം.
മനസ്സ് ശുദ്ധമായിരിക്കുവാൻ ശ്രമിക്കണം. എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുക. എല്ലാ കാര്യങ്ങളും ദൈവത്തിൽ അർപ്പിക്കുക. അപ്പോൾ സന്തോഷവും സമാധാനവും താനെ വന്നോളും.