പ്രണയത്തിന്റെ ചതുരനെല്ലിക്കകൾ

പ്രണയത്തിന്റെ ചതുരനെല്ലിക്കകൾ

എഴുത്തിലും ജീവിതത്തിലും ഒറ്റയാളായിരുന്നു എപ്പോഴും മാധവിക്കുട്ടി. കഥകളിലെന്നപോലെ അവർക്ക്‌  ലോകത്തോടും മനുഷ്യരോടും ആർദ്രതയും  സ്നേഹാതുരയുമായിരുന്നു. മാധവിക്കുട്ടിയെന്ന മഹാവ്യക്തിത്വത്തിന്റെ
പ്രകാശമനുഭവിച്ച ഒരു സൗഹൃദകാലത്തെക്കുറിച്ച് ഓർക്കുകയാണ് ജോയ് മാത്യു.

വിപ്ലവാനന്തരകാലത്ത് ഞാൻ  പൂനെയിലും മുംബൈയിലുമൊക്കെയായി ജോലി, പഠനം എന്നൊക്കെപ്പറഞ്ഞ് യൗവ്വനം കൊണ്ട് പന്താടുന്ന കാലം. ആയിരത്തിത്തൊള്ളായിരത്തി
എൺപത്തിനാല്, കൂടിവന്നാൽ  അഞ്ച്. ഒരു ദിവസം നട്ടുച്ചയ്ക്ക് മുംബൈയിലെ സ്ട്രാൻഡ്  തിയേറ്ററിനടുത്തുകൂടെ നടന്നു പോകുമ്പോൾ  രണ്ട് മലയാളികൾ  മാധവിക്കുട്ടിയെപ്പറ്റി സംസാരിച്ചുകൊണ്ടുപോകുന്നതായി ഞാൻ കേട്ടു. അപ്പോൾ  മുതൽ മാധവിക്കുട്ടിയുടെ
മണം എനിക്ക് കിട്ടി. അതെ, മാധവിക്കുട്ടി ഒരു മണമാണ്. പ്രണയത്തിന്റെയും ഏകാന്തതയുടെയും ഉന്മാദത്തിന്റെയും ഗന്ധം.

ആരാണ് ഈ ഗന്ധം ഇപ്പോൾ  എന്നിലേക്ക്
കൊണ്ടുവന്നതെന്ന് ഞാൻ തിരിഞ്ഞുനോക്കി, അത് വേറെയാരുമായിരുന്നില്ല. എന്നെപ്പോലെ തന്നെ വിപ്ലവാനന്തരകേരളത്തിൽനിന്ന് സ്വയം നാടുകടത്തപ്പെട്ട 
രണ്ട് സഖാക്കൾ. ഒരാൾ  വിപ്ലവപാർട്ടിയുടെ  മുഖപത്രം  ‘കോമ്രേഡിന്റെ’ പ്രതാധിപരായിരുന്ന പി.സി.ജോസ് , മറ്റെയാൾ  വാടാനപ്പള്ളിക്കാരനും, വിദ്യാർത്ഥി സംഘടനയുടെ സജീവപ്രവർത്തകനും  സർവോപരി നാടകക്കാരനുമായ പ്രേംപ്രസാദ്‌. നാടുകടത്തപ്പെട്ട ഒളിപ്പോരാളികൾ  വൻനഗരത്തിന്റെ ഏകാന്തതയിൽ കണ്ടുമുട്ടിയപ്പോൾ ഉണ്ടാകുന്ന സന്തോഷം ഞങ്ങൾ ആഘോഷമാക്കി. അന്നത്തെ
രാത്രി  പ്രേംപ്രസാദിന്റെ മലാഡിലുള്ള ചേട്ടന്റെ, അഴുക്കുവെള്ളം കുതിച്ചൊഴുകുന്ന ഓവുചാലിന് മുകളിലിട്ട സ്ലാബിൽ കെട്ടിയുയർത്തിയ വാടകമുറിയിലെ ഒുറ്റപ്പായിൽ ഞങ്ങൾ ഒരു കൂപ്പി ദേശീയദാരുവുമായി” വിപ്ലവത്തിന്റെയും സാഹിതൃത്തിന്റെയും ജാതകങ്ങൾ  കൂട്ടിക്കെട്ടിനേരം വെളുപ്പിച്ചു. മാധവിക്കുട്ടിയെ മാത്രം  അവരിൽ നിന്ന് മാറ്റിനിർത്തി  ഞാൻ  സ്വാർത്ഥനായി: എന്തോ എനിക്കങ്ങനെ തോന്നി.

മാധവിക്കുട്ടിയെ കാണണം എന്ന ആഗ്രഹം പൊടിതട്ടിയെടുക്കാൻ  ഈ സംഗമം ഒരു നിമിത്തമായി. മുംബൈയിൽത്തന്നെയുള്ള മാധവിക്കുട്ടിയെ പോയി കാണണം എന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ, അവർ  അപ്പോഴേക്കും കേരളത്തിലേക്ക് സ്വയം
നാടുകടത്തിയവളായിക്കഴിഞ്ഞിരുന്നു. മുംബൈജന്മം കഴിഞ്ഞ് ഞാൻ
  കോഴിക്കോട്ടങ്ങാടിയിൽ  തെക്കുംവടക്കുമായി നടന്നു.

 പത്രമാപ്പീസുകളിൽ  പണിക്ക് അപേക്ഷിച്ചെങ്കിലും എന്നെ അവർക്ക്  വേണ്ടിവന്നില്ല. അതിനവർ ഖേദിക്കുമെന്ന് ഞാൻ  മനസ്സിൽ പറഞ്ഞു.

പിന്നീട് അത് യാഥാർഥ്യമാകുകയും ചെയ്തു. വിദ്യാഭ്യാസം നൽകി വളർത്തിവലുതാക്കിയ മക്കൾ തെക്കുവടക്ക് നടക്കുന്നത് സഹിക്കാൻ  ഒരു മാതാ പിതാകൾക്കും കഴിയില്ലല്ലോ. അതുപോലെയായിരുന്നു എന്റെ അച്ഛനും. പഠിച്ച പണി ചോദിച്ചുവാങ്ങുന്നതിൽ
തെറ്റില്ലെന്ന് പറഞ്ഞ്, ആരോടെങ്കിലും ശുപാർശ പറയുന്നതിൽ  അപാകതയില്ല എന്ന് എന്റെ അച്ഛൻ  താത്വികമായി സാധുകരിച്ചെങ്കിലും, ഭാവിയിൽ  ശുപാര്ശനെ കാണുമ്പോൾ  കസേരയിൽനിന്ന് ചാടിയെണീറ്റ് വിനയാന്വിതകുനിന്ൻ ആകേണ്ടിവരുമല്ലോ എന്നോർത്തു   ഞാൻ  അത് വേണ്ടെന്നുപറഞ്ഞ് ഒഴിവായി.

പിന്നീടുള്ളകാലം അഞ്ചോ ആറോ അതിലധികമോ എപ്പിസോഡുകളായി താഴെപ്പറയുന്ന രീതിയിൽ തരംതിരിക്കാവുന്നതാണ്. തെക്കുവടക്ക് നടത്തം–വാടാനപ്പള്ളിയിലെ പാരലൽ ക്കോളേജ് – മന്ത്രവാദപഠനം – ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്ന നാടകം – വീണ്ടും മുംബൈ – ഫ്രീ പ്രസ് ജേണൽ  – ജയ്ക്കോ
പബ്ലിക്കേഷൻസ് – മുംബൈ പ്രസ് ക്ലബ്ബ് – “അമ്മ അറിയാൻ” – ബോധി ബുക്സ്.

അതിനിടയിൽ  ഒരു ചെറിയ എപ്പിസോഡുകൂടി. അച്ഛന്റെ നിർബന്ധം  കാരണം അദ്ദേഹത്തിന്റെ ഒരകന്ന ബന്ധുനടത്തിയിരുന്ന കോഴിക്കോട്ടെ ഏറ്റവും വലിയ സായാഹ്ന പത്രത്തിന്റെ  ആപ്പീസിൽ ഞാൻ ചെന്നു. ശുപാർശ ഒരു തെറ്റല്ലാത്തതിനാൽ  അത് ഫോൺവഴി അച്ഛൻ നേരത്തേ അവിടെ എത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ കച്ചവടകേന്ദ്രം തന്നെയായിരുന്നു പത്രമാപ്പീസും.

 ചെരുപ്പുകൾക്കും കുടകൾക്കും ഘടികാരങ്ങൾക്കും നടുവിലിരുന്ന് പത്രാധിപനും മുതലാളിയുമായ ബന്ധു എന്നോട് പുസ്തകങ്ങൾ  വായിക്കാറുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ചോദ്യം കേട്ട് ആ മുറിയിൽ  ആകെയുണ്ടായിരുന്ന പുസ്തകമായ ടെലിഫോൺ  ഡയറക്ടറി ഒരു ചിരി ചിരിച്ചു. പുസ്തകമല്ലാതെ മറ്റെന്താണ്   ഇയാൾ  വായിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാൻ  വേഗം അവിടെ  നിന്ന് വണ്ടിവിട്ടു. തുടർന്നാണല്ലോ  പുസ്തകങ്ങൾ വായിക്കുവാനായി ഞാൻ  ഒരു പുസ്തകശാലതന്നെ തുടങ്ങിയത്. ബോധി ബുക്സ് എന്ന സ്ഥാപനം. സർക്കാർ  ജോലിയിൽ കയറിപ്പറ്റുകയും എസ്റ്റാബ്ലിഷ്മെന്റിനെ പുലഭ്യം പറയുകയും ചെയ്യുന്നവരായ നിരവധി വിപ്ലവകാരികൾ  കയറിയിറങ്ങിപ്പോകുന്ന ഒരിടമായിരുന്നു ചരിത്രത്തിൽ ബോധി ബുക്സ്. അവരിൽ  പലർക്കും  ഞാൻ  കച്ചവടം ചെയ്ത് (അതും പുസ്തകം) ജീവിക്കുന്നതിനോട് പരമപുച്ഛവും പുസ്തകം കടം വാങ്ങി പൈസ തരാതിരിക്കുന്നത് ഒരു ശീലവും ആയിരുന്നു (ബുദ്ധിജീവികൾ  കരുതിയിരിക്കൂക, അന്ന് കടം വാങ്ങി മുങ്ങിയവരുടെ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്).

 പൂസ്തകക്കച്ചവടത്തിന്റെ ഇടവേളകളിൽ  തിരുവനന്തപുരം ദൂരദർശന്റെ വീണുകിട്ടുന്ന ചില പണികളുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഒ.വി.വിജയനുമായുള്ള അഭിമുഖം. ശ്യാമ്രപസാദായിരുന്നു പരിപാടിയുടെ പ്രൊഡ്യൂസർ . സഹായിയായി ദൂരദർശനിലെ രഞ്ജിത്ത്. രഞ്ജിത്തും ഞാനുമായുള്ള ബന്ധം പൂനെയിൽ  തുടങ്ങിയതും നിരവധി അധ്യായങ്ങളാൽ  സമ്പന്നവുമാണ്. അഭിമുഖത്തിന്റെ ഇടവേളകളിൽ എവിടെയോവെച്ച് മാധവിക്കുട്ടിയുടെ ഗന്ധം എനിക്ക് വീണ്ടും കിട്ടി. ഞാൻ  രഞ്ജിത്തിനോട് കാര്യം പറഞ്ഞു. അവനാണെങ്കിൽ  മലയാള സാഹിത്യത്തിൻറെ എൻസൈക്ലോപീഡിയയാണ്. ഔചിത്യബോധമുള്ള എഴുത്തുകാരനായതിനാൽ കഥയെഴുത്തിൽനിന്ന്  സ്വയം വിരമിച്ചവനാണ്. നിലവാരമുള്ള എഴുത്തുകാരുമായി ഊഷ്മളബന്ധം നിലനിർത്തുക  അവന്റെ ഒരു ബലഹീനതയാണ്. അവരൂടെ കയ്യൊപ്പ് ചാർത്തിയ  പുസ്തകങ്ങളല്ലാതെമറ്റൊന്നും ആഗ്രഹിക്കാത്ത ഒരാളായതു കൊണ്ടായിരിക്കാം വിജയന്റെയും വി.കെ.എന്നിന്റെയും മാധവിക്കുട്ടിയുടെ യുമൊക്കെ പുസ്തകങ്ങൾ  പുതിയപതിപ്പുകൾ ഇറങ്ങുമ്പോൾ അവരുടെ കയ്യൊപ്പ് ചാർത്തിയ കോപ്പികൾ  സൂക്ഷിക്കുന്ന ഒരു അപാരൻ.

വയലാറിലെ വീട്ടുവളപ്പിൽ  വെടികൊണ്ട് തുളഞ്ഞ തെങ്ങ് സ്വന്തമായുള്ളവൻ  അങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളു. അപ്പോൾ  അവനോടുതന്നെ ഞാൻ  മാധവിക്കുട്ടിയെ കാണുന്ന കാര്യം പറഞ്ഞു. പിറ്റേന്ന് ഞങ്ങൾ ശാസ്തമംഗലത്തുള്ള വീടിനുമുമ്പിൽ  ഓട്ടോയിറങ്ങി. സ്ഥലം കണ്ടുപിടിക്കാൻ  തീരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അരിസ്റ്റോ ബാറിന് മുൻവശം  ബാറുകൾക്ക്  പൊതുവായുള്ള മദ്യത്തിന്റെയും ബീഫ്  വരട്ടിയതിന്റെയും ഗന്ധം കണ്ണ് മൂടിക്കെട്ടിയാൽ പ്പോലും ഏത് മദ്യപാനിക്കും തിരിച്ചറിയാനാകും. അതാണ് മദ്യശാലകളുടെ ഭൂമിശസ്ത്രപരമായ  അടയാളം, അതിന് മുൻപിൽലായിട്ടായിരുന്നു മാധവിക്കുട്ടിയുടെ വീട്. അപ്പോൾ  കണ്ടുപിടിക്കാനും എളുപ്പം. ആ വിദ്യയിൽ  ഞങ്ങൾ  വഴിതെറ്റാതെ അവരുടെ വീട്ടിലെത്തി. ശരിക്കും രാജകീയ വാസ്തുവിദ്യ പ്രകടമാക്കുന്ന കെട്ടിടം. ബെല്ലടിച്ചപ്പോൾ   പരിചാരിക വന്ന് വാതിൽ  തുറന്നു.  രഞ്ജിത്ത് പരിചിതനായതു കൊണ്ട് വാതിലുകൾ  മലർക്കെ തുറന്നു കിട്ടി. വിശാലമായ പൂമുഖത്ത് സന്ദർശകർക്ക്  ഇരിക്കാൻ സോഫകൾ  ഒറ്റപ്പെട്ട ഒരു കസേര മാത്രം ഏകയായിരിക്കുന്നു. ചില ഇരിപ്പിടങ്ങൾ  കണ്ടാൽതന്നെ  നമുക്ക് ബോധ്യപ്പെടും, അത് നമുക്ക് ഇരിക്കാനുള്ളതല്ല എന്ന്. ഒരു അര സിംഹാസന ലുക്ക്  അതിനുണ്ടായിരുന്നു. ആശാൻ  പ്രൈസ്, സായിബാബ, എനിക്കറിയാത്ത ഏതോ ബന്ധുവിന്റെ ഫോട്ടോ തുടങ്ങിയവ ചുവരിൽ  തൂങ്ങുന്നു. നിശ്ശബ്ദതയും തൂങ്ങുന്നു. അപ്പോൾ  ഞാൻ  രഞ്ജിത്തിനോട് സ്വകാര്യം ചോദിച്ചു. “നമുക്ക് പെട്ടെന്ന് പോയി ഓരോ നില്പൻ അടിച്ചുവന്നാലോ?”

 ഇത്തരം കാര്യങ്ങളിൽ  അവൻ  മറുപടി പറയാറില്ല. കേട്ടപാട് മുൻപേ  ഗമിക്കാറാണ് പതിവ്. ഞങ്ങൾ നേരെ പോയി നിരത്തിനപ്പുറമുള്ള ഹൈനസ് ബാറിൽനിന്ന്  ഓരോ നില്പൻ അടിച്ച് ചിറിതുടച്ച്  വീണ്ടും സിംഹാസനത്തിന് മുന്നിലെത്തിയപ്പോഴേക്കും അവർ  സിംഹാസനാരുഡയായിരുന്നു. ചുകന്ന കോട്ടൺ സാരിയിൽ പൊതിഞ്ഞ് ചുകന്ന വലിയപൊട്ടും തൊട്ട്, മുടിയഴിച്ചിട്ട് ഞങ്ങളെ നോക്കിയിരിക്കുന്നു. ആർക്കും   പ്രണയം തോന്നിപ്പിക്കുന്ന ഭദ്രയല്ലാത്ത കാളി. ആദ്യകാഴ്ചയിൽത്തന്നെ അവരുടെ എഴുത്തുപോലെ മോഹിപ്പിക്കുന്ന ദർശനം.“നിങ്ങളെ കാണാഞ്ഞപ്പോൾ  എനിക്ക് മനസ്സിലായി നിങ്ങൾ  വിസ്കി കഴിക്കാൻ പോയിട്ടുണ്ടാവുംന്ന്. 

ഞാൻ  ശരിക്കും ഞെട്ടിച്ചിതറി. വർഷങ്ങൾക്ക് മുൻപ്  എന്റെ ബിരുദപഠനകാലത്ത് ഒരു നട്ടുച്ചയ്ക്ക് സഹപാഠികളായ ഞങ്ങൾ കുറച്ചുപേർ  കോളേജിൽനിന്ന് അധികം അകലെയല്ലാതെ ബേപ്പൂരിൽ  താമസിക്കുന്ന സാക്ഷാൽ വൈക്കം മുഹമ്മദ്ബഷീറിനെ കാണാൻ  പോകുന്നു. ഇന്ന് പത്രപ്രവർത്തകലോകത്തുള്ള എ.സജീവൻ ,സോമനാഥൻ, മധുശങ്കർ, പപ്പൻ  ചേലിയ തൂടങ്ങി കഥയെഴുത്തുകാരായിക്കൊണ്ടിരിക്കുന്ന സിബി മേരിയും വിലാസിനിയും സാക്ഷികൾ. വൈലാലിലെ ബഷീറിന്റെ പടികയറുമ്പോൾ  കഥയിലെ സുൽ ത്താൻ  അകത്തേക്ക് നോക്കി വിളിച്ചുപറയുന്നു “ഇതാ കുറെ നക്സലേറ്റുകൾ  നമ്മുടെ തലയെടുക്കാൻ  വരുന്നു.” ഞങ്ങൾ  ഞെട്ടിപ്പോയി. കാരണം ഞങ്ങളിൽ  പലരും നക്സലെറ്റ് ആഭിമുഖ്യമുള്ളവരോ അല്ലെങ്കിൽ  അതിന്റെ പ്രവർത്തകരോ ആയിരുന്നു. ആദ്യമായി അകലെനിന്നും ഞങ്ങളെക്കണ്ട ബഷീറിന് അതെങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞു എന്ന അതേ അദ്ഭുതം പോലെ മാധവിക്കുട്ടിയുടെഈ പ്രവചനചോദ്യവും.  അതോർത്തു  തരിച്ചിരുന്നുപോയ എന്നെ രഞ്ജിത്ത് മാധവിക്കുട്ടിക്ക് പരിചയപ്പെടുത്തി.അവർ  എന്നെ നോക്കി പുഞ്ചിരിച്ചു. പക്ഷേ, ഒന്നെനിക്കുറപ്പായിരുന്നു. അവർ  എന്നെയല്ല നോക്കിയത്. എന്റെ തലയ്ക്ക് മുകളിലൂടെ മറ്റെവിടെയോ. അനന്തതയിലേക്കെന്നപോലെയായിരുന്നു നോക്കിയത്.

 അതെ, പിന്നീടുള്ള എല്ലാ സന്ദർശനങ്ങളിലും ഞാൻ  ആ സത്യം മനസ്സിലാക്കി. അവർ  നോക്കുന്നത് നേരെ മുൻപിലുള്ള മനുഷ്യരെയോ വസ്തുക്കളെയോ അല്ല അതിനപ്പുറമുള്ള എന്തിനെയോ ആണ്. ഒരു മുനിമാനസ്സിൻ നോട്ടം. എനിക്കതിൽ  മനസ്താപം തോന്നിയതുമില്ല, കാരണം ഞാൻ  മനസ്സിൽ സ്വരൂപിച്ചുവെച്ചിരുന്ന ആ ന്ധം തിലുണ്ടായിരുന്നു. പ്രണയത്തിന്റെയും കാന്തതയുടെയും ഉന്മാദത്തിന്റെയും ഗന്ധം.

അന്ന് ചുമ്മാ എന്തൊക്കെയോ സംസാരിച്ചു എന്നല്ലാതെ ഒന്നും ഓർമ്മയില്ല. ഞാനൊരു മാന്ത്രികവലയത്തിലായിപ്പോയിരുന്നല്ലോ. കലാപകാരിയായ എഴുത്തുകാരിയെ അങ്ങനെനോക്കിയിരുന്നുപോയി.

 കേരളരാഷ്ട്രീയത്തിൽ  അജിത അഴിച്ചുവിട്ട കൊടുങ്കാറ്റി  സമമായിരുന്നല്ലോ നമ്മുടെ സാഹിത്യത്തിൽ  മാധവിക്കുട്ടി നൽകിയ  ചാട്ടവാർ പ്രഹരങ്ങൾ. അന്നത്തെ കൂടിക്കാഴ്ചയിൽ എന്തൊക്കെയാണ് സംസാരിച്ചതെന്ന് ഒരു ഓർമ്മയും കിട്ടുന്നില്ല. കാരണം ഞാൻ  വേറൊരു ലോകത്തായിരുന്നു.ഒരു വാചകം മാത്രം ഇപ്പോഴും ഓർമ്മയിലുണ്ട്.

ആരെയോ പരാമർശിച്ച് പറഞ്ഞപ്പോൾ  “ചില ആളുകൾ അങ്ങനെയാ, ശരിക്കും നക്ഷത്രങ്ങൾ  തേച്ചുകുളിച്ച്  വരുന്നപോലെ.” എന്നൊരു ഉപമ.

 കാപ്പി വേണോ എന്ന് ചോദിക്കുകയും അല്ലെങ്കിൽ  വേണ്ട വിസ്കിയും കാപ്പിയും ചേരില്ല എന്നും അവർതന്നെ തീരുമാനിക്കുകയും നടപ്പിൽ  വരുത്തുകയും ചെയ്തത് പെട്ടെന്നായിരുന്നു. രഞ്ജിത്ത് തിരുവനന്തപുരം എന്ന രാജ്യത്തിലെ സാഹിതൃജീവിതങ്ങളും വീട്ടുവിശേഷങ്ങളും ചോദിച്ചും പറഞ്ഞും ചിരപരിചിതനായി. 

 ഞാൻ  പുസ്തകപ്രസാധനം ആരംഭിക്കുന്നുണ്ടെന്നും ആമിയുടെ ഒരു പുസ്തകം കിട്ടിയാൽ  കൊള്ളാമെന്നും പറഞ്ഞു. ആദ്യം തന്നെ അവർ  എന്നെ തിരുത്തി. “ആമി എന്ന് എന്റെ അനുജൻ  മോഹൻദാസ് മാത്രമേ വിളിക്കുള്ളു. ചേച്ചീന്നാ അതിനർത്ഥം. കമല എന്നാണ് എന്നെ എല്ലാവരും വിളിക്കാറ്. കുട്ടി വേണെങ്കിൽ  കമലേടത്തി എന്ന് വിളിച്ചോളു.

അതിനൊരു ചന്തോക്കെ ഉണ്ട് ഇല്ലേ?”

ആമി എന്ന വിളിയിലെ ഓമനത്വം ആദ്യമേഅവർ  എടുത്തുകളഞ്ഞു. പിന്നെ കുട്ടി എന്ന വിളിയിൽ  ഞാൻ  നിലം പരിശാകുകയും ചെയ്തു. കമലേടത്തി എന്ന് വിളിച്ചാലും ആമി എന്ന് വിളിച്ചാലും ഒന്നല്ലേ, ഞാൻ  ഓർത്തു, പിന്നെ രഞ്ജിത്ത് എന്താണ് വിളിക്കുന്നതെന്ന് നിരീക്ഷിച്ചു. അവൻ  ബഹുമാനപൂർവ്വം  നിങ്ങൾ  എന്നും ചിലപ്പോഴൊക്കെ ചേച്ചി എന്നുമാണ് വിളിക്കുന്നത്. എന്തായാലും ഞാനും അങ്ങനെത്തന്നെയാവട്ടെ എന്ന് തീരുമാനിച്ചു. അവനോളം അടുപ്പം അവരോട് എന്തായാലും എനിക്കില്ലല്ലോ.

 ഞാൻ  നാടകം എഴുതിയിട്ടുണ്ടെന്ന് രഞ്ജിത്ത്  പറഞ്ഞപ്പോൾ, കോഴിക്കോട്ടുകാർക്ക്  നാടകം ഭയങ്കര ഇഷ്ടമാണെന്നും കോഴിക്കോട്ടുള്ള സംഗമംതിയേറ്റേഴ്സിനുവേണ്ടി താൻ  ഒരു നാടകം എഴുതിയിട്ടുണ്ടെന്നും അവർ  പറഞ്ഞു. 

ശരിയാണ് എനിക്കോർമ്മവന്നു. വിത്സൺ  സാമുവൽ സംവിധാനം ചെയ്ത “മാലതി വർമ്മ”’എന്നനാടകം. അപ്പോൾ  എന്നിലെ പ്രസാധകനും നാടകക്കാരനും ഒരുമിച്ച് ഒരാളായി.

“അത് ആരാ അച്ചടിച്ചത് എവിടെ കിട്ടും?” എന്നായി ഞാൻ. “അത് അച്ചടിക്കാൻ  ആർക്കും താല്പര്യം ഇല്ല. നാടകം വിറ്റുപോവില്ലാത്രേ. കുട്ടിക്ക് വേണെങ്കിൽ  എടുത്തോ. അവസാനം നഷ്ടം പറ്റീന്നു  പറയരുത് ട്ടോ.” പിന്നെയും പല സന്ദർങ്ങളിലും ഞാൻ  കേട്ട ഒരു വാക്കാണത്.

“അവസാനം നഷ്ടം പറ്റീന്നു പറയരുത്ട്ടോ”’ (ഷട്ടർ എന്ന എന്റെ സിനിമയിൽ  നായിക കഥാപാത്രമായ തങ്കം എന്ന ലൈംഗിക തൊഴിലാളി ഇതേ വാചകം പറയുന്നുണ്ട്. എന്തദ്ഭുതം!).

പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി അന്നുമുതൽ  അവർ  തിരയാൻ  തുടങ്ങിയതാണ്. ഇതുവരെ കിട്ടിയിട്ടില്ല.

എന്റെ തിരുവനന്തപുരം യാത്രകളിലെ ഒഴിച്ചുകൂടാനാകാത്ത
സന്ദർശനകേദ്രമായി പിന്നീടവിടം. മിക്കവാറും രഞ്ജിത്തും കുടെയുണ്ടാവും.

ഒന്നിനുമല്ലെങ്കിലും അവിടെ പോകുന്നത്
പറയാനാവാത്ത ഒരു നിശ്ശബ്ദ ഊർജ്ജം എന്നിൽ  നിറച്ചിരൂന്നു.

ഒരിക്കൽ ഞങ്ങൾ  അവിടെ ചെന്നപ്പോൾ  ദാസേട്ടനും കൂടെയിരിക്കുന്നുണ്ട്.

ദാസേട്ടൻ  സന്ദർശകരെ വലിയ ഇഷ്ടമില്ല എന്ന് അവർ  തന്നെ  ഒരിക്കൽ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എല്ലാവരും പറ്റിക്കാൻ  വരുന്നവരാണെന്നാണ് അദ്ദേഹം കരുതുന്നതത്രെ. കുറെയൊക്കെ അത് സത്യവുമാണ്. പക്ഷേ, ഞങ്ങളോടെന്തോ ഒരു പ്രത്യേക പരിഗണന ദാസേട്ടൻ  കല്പിച്ചുതന്നിരുന്നു. പ്രത്യേകിച്ചും രഞ്ജിത്തിനോട്, അവനെ അവരിരുവരും അവരുടെ ഒരു ഗുണകാംക്ഷിയായിട്ടാണ് കണ്ടിരുന്നത്. അതിന്റെ പങ്ക്: ഞാനും പറ്റി എന്ന് മാത്രം. അതായത് ഗുണകാംക്ഷ പങ്ക്.  ഞങ്ങളെ കണ്ടപ്പോൾ  അവർ  ആശ്വാസത്തോടെ പറഞ്ഞു: “നിങ്ങൾ  വന്നത് നന്നായി. ലെനിൻ  രാജേന്ദ്രൻ എന്ന ഒരാളില്ലേ. സിനിമയെടുക്കുന്ന ആളാണത്രെ. അറിയോ?”

ഞാനും രഞ്ജിത്തും ലെനിൻ  രാജേന്ദ്രന്റെ സിനിമകളെപ്പറ്റി ഒരു ലഘുവിവരണം നൽകി.

“അയാൾക്ക്‌ എന്റെ നീർമാതളം  വേണത്രേ.”“സിനിമയാക്കാനാണോ?”‘  ഞാൻ  ചോദിച്ചു.

അല്ല ടെലിവിഷനിൽ  കാണിക്കാനാണനത്രെ. എനിക്കാണെങ്കിൽ  അതിനെപ്പറ്റിയൊന്നും അറിയില്ല.

അതൊക്കെ ആളൂകൾ  കാണുമോ?”

 “ഇപ്പൊ അതേ ആൾക്കാർ കാണുന്നുള്ളു” എന്ന് ദൂരദർശൻകാരനായ രഞ്ജിത്ത്.

 അടുത്തിരുന്ന ദാസേട്ടൻ  പറഞ്ഞു: “കമല യു കാൻ  ആസ്ക് ഗുഡ്മണി.”’

 “ആണോ? അതിനൊക്കെ പൈസ കിട്ടുമോ?”കൂട്ടികൾക്കറിയമായിരിക്കും,   രഞ്ജിത്തിന്റെയല്ലേ ടെലിവിഷൻ ?” മാധവിക്കുട്ടി ചോദിച്ചു. 

“ഏയ് എന്റെയൊന്നുമല്ല, ഞാനവിടത്തെ ഒരു തൊഴിലാളിയല്ലേ’” അവൻ  പറഞ്ഞൊഴിയാൻ  നോക്കി “എന്നാലും യു നോ ഹൌ മച്ച്  വി ക്യാൻ ആസ്ക്” ദാസേട്ടൻ  അപ്പഴേക്കും കണക്കിന്റെ ലോകത്തെത്തി. 

മാധവിക്കുട്ടി വീണ്ടും സംശയിച്ചു.
“നീർമാതളംമാത്രം ഒരൊറ്റ സിനിമയാക്കാൻ  പറ്റുമോ?”

 അപ്പോൾ  രഞ്ജിത്ത് ഇടപെട്ട് വിശദീകരിച്ചു.

 അദ്ദേഹം തന്റെ വിരലുകൾ കൊണ്ട് മാധവിക്കുട്ടിയുടെ കൈകളിൽ  തെരുപ്പിടിപ്പിച്ചു കൊണ്ടിരുന്നു. അത് പതിവുള്ള കാഴ്ചയായിരുന്നു. അവർ  സിംഹാസനസ്ഥയായിരുന്നു . അടുത്ത് നിന്നു കൊണ്ടും സോഫയിൽ  ഇരിക്കുമ്പോൾ കൂടെയിരുന്നുകൊണ്ടും അവരുടെ കൈകൾ തന്റെ വിരലുകളാൽ സ്നേഹാർദ്രമായി  തഴുകുമായിരുന്നു.

“പത്തോ ഇരുപതോ എപ്പിസോഡ് ആയി കാണിക്കുവാനായിരിക്കും.
ഇപ്പോൾ  അങ്ങനെയൊരു ഏർപ്പാടുണ്ട്.” അക്കാലത്ത് ദൂരദർശനിൽ  സീരിയൽ  എന്നപേരിൽ പതിമൂന്ന് എപ്പിസോഡുകളിലായി വന്നിരുന്ന ഒരിടപാടുണ്ടായിരുന്നു. പ്രസ്തുത കൃഷിയിൽ  മധുമോഹൻ
എന്നൊരു വല്ലഭനായിരുന്നു പുലി, കൂടെ ദൂരദർശനിലെ  പല ഉദ്യോഗസ്ഥന്മാരും ആ ഇടപാടിൽ കൊയ്ത്തും മെതിയും
നടത്തിക്കൊണ്ടിരുന്നു. ഒടുവിൽ  പ്രസ്തുത പുലിയെപ്പേടിച്ച് പ്രേക്ഷകർ ഓടി കിണറ്റിൽ  ചാടിയ ഒരു കാലമുണ്ടായിരുന്നു
വി.കെ.
എൻ ഈ പുലിയെപ്പറ്റിയാണ്
“ഘാതുകൻ ”എന്ന കഥ കാച്ചിയത്.

അതിനിടയിലാണ് ലെനിൻ  രാജേന്ദ്രനെപ്പോലെയുള്ള പ്രതിഭാധനന്മാർ  മലയാളത്തിലെ മികച്ചകൃതികൾ  ദൂരദർശനിൽ പ്രദർശിപ്പിക്കാൻ തുനിയുന്നത്. എഴുത്തുകാരൻ  കൂടിയായ കുഞ്ഞികൃഷ്ണൻ ഡയറക്ടറായിരുന്ന കാലമായിരുന്നു
അത്  “ഞങ്ങള് ഇറങ്ങട്ടെ” എന്ന് ചോദിച്ച് എഴുന്നേറ്റ ഞങ്ങളെ മാധവിക്കുട്ടി പിടിച്ചിരുത്തി.

“നിങ്ങൾ  അവിടെയിരിക്ക്, അവർ  വന്നു പോട്ടെ, എനിക്കിതൊന്നും സംസാരിക്കാൻ  അറിയില്ല.”

 അപ്പോൾ  സീരിയലിന് എത്ര രൂപാ ചോദിക്കാം എന്നായി ദാസേട്ടൻ.

ഞാനും രഞ്ജിത്തും എന്തുപറയണമെന്നറിയാതെ കുഴങ്ങി.

അവസാനം ഒരു എപിസോഡിന് പതിനായിരമൊക്കെ
ചോദിക്കാമെന്നായി ഞങ്ങൾ. അപ്പോഴേക്കും മാധവേട്ടൻ
ഇരുപത് എപ്പിസോഡിന് ലഭിക്കാവുന്ന
തുക കണക്കുകൂട്ടികഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ
മുഖം സന്തോഷംകൊണ്ട് വിടർന്നു. അദ്ദേഹം
തന്റെ ചെറുതായി വിറയ്ക്കുന്ന വിരലുകൾകൊണ്ട്  മാധവിക്കുട്ടിയൂടെ കൈകളിൽ  തെരുപ്പിടിപ്പിച്ചു കൊണ്ടിരുന്നു. അത് പതിവുള്ള
കാഴ്ചയായിരുന്നു. 
അവർ സിംഹാസനസ്ഥയായിരിക്കുമ്പോൾ  അടുത്ത് നിന്നുകൊണ്ടും സോഫയിൽ  ഇരിക്കുമ്പോൾ കൂടെയിരുന്നുകൊണ്ടും അവരുടെ കൈകൾ  തന്റെ വിരലൂകളാൽ  സ്നേഹാർദ്രമായി  തഴുകുമായിരുന്നു. അന്നേരം അവർ  ഇഷ്ടത്തോടെത്തന്നെ തന്റെ നീണ്ടതും മനോഹരവുമായ പച്ചനിറമാർന്ന  ഞരമ്പുകളോടുന്ന കൈകൾ  വെച്ചുകൊടുക്കുമായിരുന്നു.

 അങ്ങനെ ലെനിൻ  രാജേന്ദ്രൻ വന്നു. കൂടെ രണ്ടുപേർ വേറെയുണ്ടുമായിരുന്നു. രഞ്ജിത്തിന് ലെനിനെ നേരത്തേ അറിയാം. ഞാൻ  ആദ്യമായി കാണുകയാണ്. ചില്ലില്ലുടെയും വേനലിലൂടെയും ഒക്കെയേ അതിനുമുൻപ് എനിക്ക് ലെനിനെ അറിയാമായിരുന്നുള്ളൂ.

മാധവിക്കുട്ടി ഞങ്ങളെ അവർക്ക്  പരിചയപ്പെടുത്തി.

ലെനിൻ  കാര്യങ്ങൾ  പറഞ്ഞു. ദാസേട്ടന്റെ ക്ഷമനശിച്ചുതുടങ്ങി.

“എനിക്ക് നിങ്ങൾ  എത്ര പൈസ തരും.?” മുഖവുര ഒഴിവാക്കി മാധവിക്കുട്ടി
ചോദിച്ചു.

ലെനിനും സംഘവും എന്തുപറയണമെന്നറിയാതെ ഒന്ന് സംശയിച്ചു.

“ചേച്ചിതന്നെ പറഞ്ഞാമതി” ലെനിൻ.

ദാസേട്ടൻ ജാഗരുകനായി. ഉടൻ  മാധവിക്കുട്ടി പറഞ്ഞു. “ഒരു ഭാഗത്തിന് പതിനയ്യായിരം വേണം.”

ഞങ്ങൾ  ഞെട്ടി, ദാസേട്ടനും ഞെട്ടി.

റിസേർവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന
തന്നെ കണക്കിന്റെ കാര്യത്തിൽ  ഇവൾ മലർത്തിയടിച്ചല്ലോ
എന്ന ഭാവദീപ്തിയിൽ  ആ മുഖം വിടർന്നു.

 ഒരൂ നിമിഷം അദ്ദേഹത്തിന്റെ ശരീരവിറയൽ നിന്നു. ലെനിനും കൂടെയുള്ളവരും പരസ്പരം നോക്കി. പിന്നെ കൂടെയുള്ള സുന്ദരനായ ആൾ  ആ തുക അധികമാണെന്നും തങ്ങള്ക്ക് ഒരു എപ്പിസോഡിന് മുപ്പത്തി അയ്യായിരമേ കിട്ടുകയുള്ളു എന്നും ഷൂട്ടിംഗ്  തൂടങ്ങി എല്ലാ കാര്യങ്ങളും ആ തുകയിൽ തീർക്കണമെന്നും പറഞ്ഞു.

“അപ്പോൾ  നിങ്ങൾക്ക് നഷ്ടമാവുമല്ലോ” മാധവിക്കൂട്ടി.

“ഞങ്ങൾ  ലാഭം നോക്കിയല്ല ചേച്ചി ഇത് ചെയ്യുന്നത്. ആ പുസ്തകത്തിനോടുള്ള
ഇഷ്ടം കൊണ്ടാണ്” ഏതെഴുത്തുകാരനും കേൾക്കാൻ  കൊതിക്കുന്ന
ഈ വാക്കിൽ  മാധവിക്കുട്ടിയും സുഖിച്ചു.

ഉടൻ  വന്നു മാധവിക്കുട്ടിയുടെ പ്രതികരണം :“എന്നാൽ നിങ്ങള്ക്ക്
നഷ്ടം വരാത്ത ഒരു തുക 
തന്നോളൂ…”

അടുത്തിരുന്ന ദാസേട്ടൻ അരുതേ അരുതേ എന്ന് കൈവിരലുകളാൽ  സംവദിക്കൂന്നത് ഞാൻ കണ്ടു.

 അവർ  വീണ്ടും കുഴങ്ങി. അപ്പോൾ  മാധവിക്കുട്ടിതന്നെ പ്രശനം അവസാനിപ്പിച്ചു:

 “നിങ്ങൾ  ഒരു അയ്യായിരം രൂപ വെച്ച് തന്നാ മതി, അത് നിങ്ങക്ക് നഷ്ടാവോ? ഇനി അതിനും പറ്റില്ലെങ്കിൽ  ഒരു മൂവായിരം മതി.”

 ദാസേട്ടൻ  തലയിൽ  കൈവെച്ചു.

ഞങ്ങളും അന്തംവിട്ടു. പതിനയ്യായിരത്തിൽ
നിന്ന് നേരെ വന്നത് മൂവായിരത്തിലേക്ക്.

ലെനിനും പ്രൊഡ്യൂസറും സമാധാനത്തോടെ
ശ്വാസം വിട്ടു.

അവർ  പോയ ശേഷം ദാസേട്ടൻ  ഭർത്താവായി: ശരീരവിറയൽ  വീണ്ടും വന്നു.

“കമലാ എന്ത് പണിയാ കാണിച്ചത്, അറ്റ്ലിസ്റ്റ് യു ക്യാൻ  ഫിക്സ് ഇറ്റ് ഓണ് ടെൻ  തൗസന്ഡ്”

അതിന് അവർ  പറഞ്ഞ മറുപടിയാണ് ഏറ്റവും രസകരം. “ആ പ്രൊഡ്യൂസർ  കുട്ടിയെ കണ്ടില്ലേ, നല്ല സുന്ദരൻല്ലേ  .
നല്ല വൃത്തിയുള്ള മുണ്ടും ഷർട്ടുമൊക്കെ, ഏതോ നല്ല വീട്ടിലെ കുട്ടിയാ 
കണ്ടാലറിയാം, പാവം ലാഭം നോക്കിട്ടല്ല

എന്റെ കഥ എടുക്കുന്നത്. അതോണ്ടുള്ള ഇഷ്ടം കൊണ്ടാന്ന് പറഞ്ഞില്ലലേ. ആ കുട്ടിക്ക് നഷ്ടം വന്നാ അത് കഷ്ടാവും.” 

ദാസേട്ടൻ പിന്നൊന്നും പറഞ്ഞില്ല. അദ്ദേഹം
തന്റെ കൈകൾ  പിൻവലിച്ചു  അകത്തേക്ക് പോയി.

മാധവിക്കുട്ടി ഞങ്ങളോട് പറഞ്ഞു:

ദാസേട്ടൻ  അങ്ങിനെയാ… എന്നിട്ടും എനിക്ക് തോന്നുന്നത് ഞാൻ  ചോദിച്ചത് അധികമായിപ്പോയോന്നാ, ഇല്ലലെ….”

അവരുടെ നോട്ടം എന്റെ തലയ്ക്ക് മുകളിലൂടെ അനന്തതയിലേക്ക് പോയി.

ഇറങ്ങാൻ   നേരത്ത് ഞാൻ
രഞ്ജിത്തിനോട് എന്റെ ഒരാഗ്രഹം പറഞ്ഞു.

“എനിക്കാ വിരലുകൾ  ഒന്ന് തൊടണമെന്നുണ്ടായിരുന്നു.”  

Leave a Reply

Your email address will not be published. Required fields are marked *