പൂണരുന്നു സാഗരം കരയെ നിരന്തരം,
പുണരുന്നു കൈകളാം തിരകളാലെ
ഒരു തിരയെത്തുമ്പോൾ കോരിത്തരിക്കുന്നു
കര പരിരംഭണ നിർവൃതിയിൽ
അലിയുന്ന ചിത്തമായ് ആലിംഗനത്തിന്റെ
ചടൂല വികാരത്തിൽ മുങ്ങി മുങ്ങി
അലയടിച്ചെത്തുമാത്തിരമാലയെത്തുമ്പോൾ
അലിയുന്ന ചിത്തവുമായി മുന്നിൽ
പ്രണയ പരവശയായിക്കര തന്റെ
പ്രണയക്കടലിനെ നെഞ്ചിലേറ്റും
അറിയുന്നതില്ലവൾ ആ പരിരംഭണം
അറിയാതെ തന്നെ, അടിമയാക്കും.
ചടുല വികാരങ്ങൾ മാത്രമെന്നിപോയും
അടിയറ വച്ചവൾ തന്റെ ചിത്തം
തിരയിലലിഞ്ഞലിഞ്ഞൊരുദിനമക്കര
ഒരു പഴങ്കഥയായിത്തന്നെ മാറാം
കരയും കടലും മാനവ ചിത്തവും
ഒരു പോലെയാണെന്നതല്ലെ സത്യം
മതി മതിയില്ലിനിയൊന്നും പറയുവാൻ
മതിയെന്റെ കണ്ണിൽപ്പെടുന്നതെല്ലാം
ഇതുവിധം ജീവിതസത്യത്തിൻ ഭാഗമായ്
അതിനെയെൻ ഭാവനയുറ്റുനോക്കും.