ചേതന കഥ ഇതുവരെ അഥവാ ഇനിയും കഥ തുടരും

ചേതന കഥ ഇതുവരെ അഥവാ ഇനിയും കഥ തുടരും

രജതജൂബിലി ആഘോഷിക്കുന്ന നമ്മുടെ കൈരളിയെകുറിച്ചുള്ള ഓർമ്മകൾ, കൈരളിയുടെ അഭിമാനമായ ചേതനയെക്കുറിച്ചുള്ള ഒരു കുറിപ്പില്ലാതെ അപൂർണ്ണമാണെന്ന തിരിച്ചറിയലിൽ നിന്നാണ്   ഈ ലേഖനം പിറവിയെടുക്കുന്നത്. ഇന്നലെകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട്, നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമായി  മുന്നേറുന്ന ചേതനയുടെ കഴിഞ്ഞ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം. ഒപ്പം,  ഇ – എഡിഷനും  ഓൺലൈൻ എഡിഷനും ആയി, ആധുനിക സാങ്കേതിക വിദ്യയുടെ വിവിധ സാധ്യതകൾ  ഉപയോഗപ്പെടുത്തി മുന്നേറാൻ എല്ലാ വിധ ആശംസകളും.
 
ലക്ഷണമൊത്ത ഒരു കൂട്ടായ്മയുടെ, ഇച്ഛാശക്തിയുടെ സന്തതി ആയിട്ടാണ് ചേതനയുടെ ആദ്യ ലക്കം 1996 -ൽ പുറത്തിറങ്ങുന്നത്.  ആറ്‌ അംഗങ്ങൾ ഉണ്ടായിരുന്ന ആദ്യത്തെ മാഗസിൻ ഉപസമിതിയുടെ ഘടന താഴെ പറയും  പ്രകാരമായിരുന്നു.
 
Editor in Charge  – English      : Mrs.Jayasree Mohan
Editor in Charge – Malayalam : Mr. Vasudevan Mangalam
Editor                                      : Sathish Kumar
Desktop Publisher                  : Jeothish Babu
Photographer                          : Santha Surendran
Graphic Artist                          : Leena John
 
എടുത്തു പറയേണ്ട മറ്റൊരു വസ്തുത മാഗസിന് ഉചിതമായ ഒരു പേര് കണ്ടെത്താൻ നടത്തിയ മത്സരത്തിൽ വിജയി ആയത്‌,  ഇപ്പോൾ മെൽബണിൽ താമസിക്കുന്ന ശ്രീമതി ലളിത പ്രേമചന്ദ്രൻ ആയിരുന്നു എന്നതാണ്. അതുപോലെ കൗതുകമുളവാക്കുന്ന മറ്റൊരു കാര്യം, ചേതനയുടെ അണിയറ പ്രവർത്തങ്ങളിൽ നിതിൻ മംഗലത്തിൻറെ സഹായങ്ങൾ അന്നേ അംഗീകരിക്കപ്പെട്ടിരുന്നു എന്നുള്ളതാണ്. 
 
ഉള്ളടക്കത്തിലെ  വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഓരോ ചേതനയും. ചേതനയുടെ ക്രമാനുഗതമായ വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതാത്‌ കാലഘട്ടങ്ങളിൽ പ്രവർത്തിച്ചിരുന്ന കൈരളി / ചേതന കമ്മിറ്റികളുടെ അർപ്പണബോധവും കഠിനാധ്വാനവും വ്യക്തമായി കാണാൻ സാധിക്കും .
 
നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം, ചേതനയുടെ താളുകളിൽ നിറഞ്ഞു നിന്ന പ്രശസ്തരായ എഴുത്തുകാരുടെ നീണ്ട നിരയാണ്. സർവ്വശ്രീ എം.ജി.എസ് നാരായണൻ, പ്രൊ. എം.കെ. സാനു, കാവാലം നാരായണ പണിക്കർ, എം.പി. പരമേശ്വരൻ, സക്കറിയ, എൻ.പ്രഭാകരൻ,  ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്മനം ചാക്കോ, ജനാർദ്ദനൻ (സിനിമ നടൻ), മാടമ്പി കുഞ്ഞിക്കുട്ടൻ, ഡോ. ശശി തരൂർ , എം. മുകുന്ദൻ, സിവിക് ചന്ദ്രൻ, അഷ്ടമൂർത്തി, മധുപാൽ, അശോകൻ ചരുവിൽ, ജോൺ ബ്രിട്ടാസ് , ഡി.വിനയചന്ദ്രൻ, രാഹുൽ ദ്രാവിഡ്, മധുസൂദനൻ നായർ, രാവുണ്ണി, ജെ.ലളിതാംബിക ഐ.എ.എസ്, കെ ആർ. മീര, ശാരദക്കുട്ടി, നന്ദിത ദാസ്, കെ.പി.സുധീര, സിസിലിയമ്മ പെരുമ്പനാനി, ഡോ. സന്ധ്യ, ഗ്രേസി എന്നവർ അതിലെ ചില പേരുകൾ മാത്രം.
 
പെർത്തിലെ മലയാളി സമൂഹത്തിൽ നിന്നും, ചേതനയുടെ  നിരവധി ലക്കങ്ങളിലേക്ക് സന്തോഷപൂർവം തങ്ങളുടെ സൃഷ്ടികൾ നൽകിയിട്ടുള്ള  ശ്രീമതി പത്മാവതി ഇസഹാക്കിനെയും ശ്രീ കടമ്പോട്ട് സിദ്ദിഖിനേയും ശ്രീമതി സരള മധുസൂദനനെയും ജയരാജ് മേനോനെയും മറ്റും നന്ദിപൂർവം സ്മരിക്കുന്നു. കൂടാതെ, പാർക്കിലെ ഇളകുന്ന ചാരുബെഞ്ചിൽ ഇരുന്ന് ചേതനക്ക് എന്തെഴുതണം എന്ന് ആലോചിച്ചത് കഥയാക്കി മാറ്റിയും, സ്വന്തം കുട മറന്നു വച്ചത് കഥക്കുള്ള വിഷയമാക്കിയും, തലമുറകൾ തമ്മിലുള്ള വിടവ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചും, ആനുകാലിക സംഭവങ്ങൾ ലേഖനങ്ങളിലൂടെ നമ്മുടെ  മുന്നിലെത്തിച്ചും, യാത്രാവിവരണവും, ഫോട്ടോഗ്രാഫിയും, സിനിമ നിരൂപണവും, അഭിമുഖങ്ങളും, പുസ്തക നിരൂപണവും, കഥയും, കവിതയും, നാടകവും, നർമവും ഒക്കെ നമുക്ക് വഴങ്ങുമെന്ന്  തെളിയിച്ചും കൊണ്ട്  നമ്മെ അത്ഭുതപ്പെടുത്തിയ പ്രതിഭകൾ നമുക്കിടയിലുണ്ടെന്ന്‌ അറിഞ്ഞത് ചേതനയിലൂടെ ആയിരുന്നു. വൈവിധ്യമാർന്ന പാചകകുറിപ്പുകളും, വിജ്ഞാനപ്രദമായ ലേഖനങ്ങളും, ജീവൻ തുടിക്കുന്ന ചിത്രങ്ങളും സമ്മാനിച്ച് ചേതനയെ ജീവസ്സുറ്റതാക്കി മാറ്റിയത് നമുക്ക് ചിരപരിചിതരായ കൈരളി കുടുംബാംഗങ്ങളായിരുന്നു
 
കുട്ടികളുടെ രചനകളിലെ ആഴവും പരപ്പും, വൈവിധ്യവും ലാളിത്യവും, കുട്ടിത്തവും കാഠിന്യവും, പദസമ്പത്തും ആശയങ്ങളും, വിഷയങ്ങളെ സമീപിക്കുന്നതിലെ ധൈര്യവും നമുക്ക് അഭിമാനമേകുന്നതാണ്. കുരുന്നു പ്രതിഭകളിൽ, അടുത്ത തലമുറയിലെ എഴുത്തുകാരെ കണ്ടെത്താൻ അതാത് കാലങ്ങളിൽ പ്രവർത്തിച്ചിരുന്ന ചേതന കമ്മിറ്റികൾ പ്രതേക ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാം. ചേതനയിലൂടെ അവരുടെ രചനകളെ സഹൃദയ ലോകത്തേക്ക് എത്തിക്കാൻ സാധിച്ചതിൽ ചേതന കമ്മിറ്റികൾക്ക് അഭിമാനിക്കാം. വളരെക്കാലത്തിനു ശേഷം, കുട്ടിക്കാലത്തു എഴുതിയ / വരച്ച സ്വന്തം രചനകൾ വീണ്ടും കാണുന്നത് എത്ര രസകരമായ അനുഭവമായിരിക്കുമെന്ന് ഒന്ന് ആലോചിച്ചു നോക്കൂ .
 
മലയാളം ഫോണ്ട് തേടിപ്പിടിച്ച് ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിച്ച ആദ്യ ലക്കങ്ങൾ മുതൽ,  കറുപ്പും വെളുപ്പും നിറമുള്ള താളുകളിൽ മാത്രം ഒതുങ്ങി നിന്ന ഇടക്കാല ചേതനകളിലേക്കുള്ള മുന്നേറ്റവും,  ഇഷ്ടപ്പെട്ട നിറങ്ങളും ചിത്രങ്ങളും ആയി പുറത്തിറങ്ങുന്ന ഇന്നത്തെ ചേതനയിലേക്കുള്ള പ്രയാണവും അനവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന്‌ നമുക്ക് ഊഹിക്കാവുതാണ്. പെർത്തിന്റെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട്, ലഭ്യമായ സൗകര്യങ്ങളും, വിഭവങ്ങളും പരമാവധി ഉപയോഗപ്പെടുത്തി അതാത്‌ കാലത്തെ ഏറ്റവും മികച്ച ഒരു സ്മരണിക ആയി ചേതനയെ മാറ്റാൻ ശ്രമിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങൾ. പുതിയ പരീക്ഷണങ്ങളും ആശയങ്ങളുമായി മുന്നേറാൻ ഭാവിയിലെ ചേതന കമ്മിറ്റികൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *