മകൾ

മകൾ

പെൺമക്കളില്ലാത്ത എനിക്ക് മകളായ എന്നെക്കുറിച്ചേ ഈ തലക്കെട്ടിൽ  എഴുതുവാൻ സാധിക്കുകയുള്ളു. ഒരുപാട് പ്രത്യേകതകൾ  ഉണ്ടായിരുന്ന ഞങ്ങളുടെ അച്ഛനും അമ്മയും ബാബുവിനെയും എന്നെയും വളർത്തിയപ്പോൾ  ആൺകുട്ടീ ,പെൺകുട്ടി എന്ന യാതൊരു വ്യത്യാസവും  കാണിച്ചിട്ടില്ല. അറുപത് കഴിഞ്ഞാലും കുഞ്ഞുനാളിൽ അച്ഛനമ്മമാർ  തന്ന സ്നേഹവും ലാളനയും അവരെക്കുറിച്ചുള്ള നല്ലതുമാത്രമായ  ഒരുപാട് ഓർമ്മകളും  ഒന്നും മറക്കുവാൻ  സാധിക്കുകയില്ല. അച്ഛൻ എന്നും വളരെ അടുത്ത ഒരു കൂട്ടുകാരൻ  എന്ന പോലെ ആയിരുന്നു എനിക്ക്. ഒരു പ്രായം വരെ അച്ഛൻ  എവിടെ ഇരുന്നാലും കസേരകൾ  ഒഴിഞ്ഞു കിടന്നാലും അച്ഛന്റെ മടിയിലേ ഞാൻ  ഇരിക്കൂമായിരുന്നുള്ളൂ. അമ്മ ഗൗരവക്കാരിയായിരുന്നില്ലെങ്കിലും വീട്ടിലെ ഒരു മുതിർന്ന വ്യക്തി എന്നാണ് ഞങ്ങൾക്ക് തോന്നിയിരുന്നത്. ഏതൊരു സംശയത്തിനും ഉത്തരവും സമാധാനവും ആശ്വാസവും ഉറപ്പും അച്ഛനും മക്കൾക്കും പരിചയക്കാർക്കും നാട്ടുകാർക്കും എല്ലാം അമ്മ പകർന്ന് നൽകി. അമ്മയെക്കാട്ടിലും അന്ന് ചെറുപ്പമായിരുന്ന സുഹൃത്തുക്കൾ  അമ്മ മരിച്ചിട്ട്  പന്ത്രണ്ട്  കൊല്ലം ആവുന്നെങ്കിലും “ദേവകിചേച്ചിയുടെ അഭിപ്രായം അതായിരുന്നു, സഖാവിന്റെ തീരുമാനം അങ്ങനെയായിരുന്നു” എന്നെല്ലാം ഇന്നും പല അവസരങ്ങളിലും പറയുന്നത് കേൾക്കുന്നു. മറ്റുള്ളവരെ സഹായിക്കുവാൻ  സമയം ഉഴിഞ്ഞുവെച്ച, സഹജമായി എല്ലാപേരെയും ആത്മാർത്ഥമായി  സ്നേഹിക്കുവാൻ  സിദ്ധിച്ചിരൂന്ന വ്യക്തികളെക്കുറിച്ചുള്ള ഓർമ്മകൾ  അവരെ അറിഞ്ഞിരുന്നവരുടെ മനസ്സുകളിൽ മങ്ങാതെ, മായാതെ നിലകൊള്ളും.

വീട്ടിലും സുഹൃത്തുക്കളുടെ ഇടയിലും എല്ലാം വളരെ സാധാരണക്കാരനായിരുന്നെങ്കിലും അച്ഛനെപ്പറ്റി കേട്ടറിവുമാത്രം  ഉള്ളവർക്കുപോലും അങ്ങേയറ്റം ബഹുമാനവും ആദരവും തോന്നുന്ന ഒരു വ്യക്തിത്വമായിരുന്നു അച്ഛന്റേത്. പേരുകേട്ട ഒരു സർജനും മെഡിക്കൽ  വിദ്യാർത്ഥികൾക്ക്  അവരുടെ പ്രിയപ്പെട്ട അധ്യാപകനും ആയിരുന്നു. സ്വന്തം വിശ്വാസങ്ങളെയും തീരുമാനങ്ങളേയും മുറുകെപ്പിടിച്ച് സധൈര്യം മുന്നേറിയിരുന്ന പ്രകൃതക്കാരനും, ചെയ്യുന്ന പ്രവർത്തികളോട്  അങ്ങേയറ്റം നീതിപുലർത്തിയിരുന്ന ഒരു വ്യക്തിയുമായിരുന്നു.

അച്ഛന് തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളോട്   ഒറ്റയാൾ പട്ടാളമായാലും അച്ഛൻ  പൊരുതിനിൽക്കുക തന്നെ ചെയ്യുമായിരുന്നു. ഈ അവസരങ്ങളിലെല്ലാം അച്ഛന്റെ മനസ്സിന് ആശ്വാസവും കരുത്തുമെല്ലാം അമ്മയായിരുന്നു. ഡോക്ടർമാർ  രോഗികളുടെ കൈയ്യില്നിന്ന് പണം വാങ്ങുന്നത് ഇന്നത്തെ തോതിൽ  ഇല്ലായിരുന്നെങ്കിലും അന്നും ഉണ്ടായിരുന്ന ഒരു പ്രവണതയാണ്. ചിലർ അച്ഛന്റെ അരികിലും കവറുമായി എത്തിയിട്ടുണ്ട്. ഈ അവസരങ്ങളിൽ  “have you come here to consult me or insult me”എന്ന് അച്ഛൻ  അലറി കലി തുള്ളുന്നത് കണ്ടിരുന്നപ്പോൾ  വന്നുനിൽക്കുന്ന വരുടെ ദേഹത്ത് അടി വിഴരുതേ എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത.

കോർപറേഷൻ കൗൺസിൽ  ഇലക്ഷന്  പണ്ട് അമ്മ ജയിച്ച വാർഡാണ് മെഡിക്കൽ  കോളേജ് വാർഡ് . രാവിലെ എട്ടുമണിമുതൽ  മിക്കദിവസങ്ങളിൽ  രാത്രിവരെയും ആശുപ്രതിയിൽ  വളരെ സൗമൃനായി രോഗികളെ അങ്ങേയറ്റം സ്നേഹത്തോടെ, ശുശ്രൂഷിച്ച് വീട്ടിൽ  മടങ്ങി എത്തുമ്പോൾ , രോഗികളുടെ ബന്ധുക്കൾ  കയറിവരുമ്പോൾ ഉള്ള അച്ഛന്റെ ബഹളം ഉദ്ദേശിച്ചായിരുന്നുവോ എന്ന് അറിയില്ല, എതിർ  സ്ഥാനാർത്ഥിയുടെ ആൾക്കാർ  പ്രചരണകാലത്ത് പറയുമായിരുന്നു  “ദേവകി വാരിയരുടെ വീട്ടിൽ  ഒരു അൽസേഷ്യൻ പട്ടിയുണ്ട്, അവിടെ ചെല്ലുന്നവർ  സൂക്ഷിക്കണം”, എന്ന്.

കാഴ്ചയിലോ പ്രകൃതത്തിലോ ഒരു രീതിയിലും അമ്മയെപോലെ അല്ല ഞാൻ എന്ന ദു.ഖം അന്നും ഇന്നും എനിക്ക് ഉണ്ട്. അച്ഛന് കിട്ടിയിരുന്ന ശമ്പളം കൊണ്ട് വീട്ടിലെ എല്ലാ ചിലവുകളും മാസാവസാനം വരെ എത്തിക്കുവാൻ  അമ്മ പാടുപെട്ടിരുന്നു. കോളേജിൽ  ഞാൻ  പഠിച്ചിരുന്ന കാലത്ത് സഹപാഠികൾ മിക്കവരും പുതിയ സാരികൾ  മാറിമാറി ഉടുത്താണ് കോളേജിലേക്ക് വരിക.വളരെ ലളിതമായ ജീവിതം താല്പ്പര്യപ്പെട്ടിരുന്നതുകൊണ്ടും അത്യാവശ്യസാധനങ്ങൾ  വാങ്ങുവാനുള്ള സാമ്പത്തികശേഷിയെ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ടും അമ്മക്കും എനിക്കും കൂടി നാലോ അഞ്ചോ സാരികളെ ഉണ്ടായിരുന്നുളു. ഞങ്ങൾ  അവ മാറിമാറി ഉടുക്കുകയാണ് പതിവ്. ഒരിക്കൽ  അമ്മ ഒരു ബസിൽ  കയറിയപ്പോൾ  ആദരവോടെ ഒരു കുട്ടി അടുത്തുചെന്ന് ചോദിച്ചുവത്രെ, “അനസൂയയുടെ അമ്മയാണോ”, എന്ന്. അമ്മക്ക് സന്തോഷം തോന്നിയത്രെ. അനസുവിന് ഛായ അച്ഛന്റെ ആണെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും അമ്മയുടെ കൂടി ഛായ ഉണ്ടായതുകൊണ്ടാവുമല്ലോ ആ കുട്ടി അങ്ങിനെ ചോദിച്ചത് എന്ന് വിചാരിച്ചിട്ട്. അടുത്ത ദിവസം ഞാൻ  കോളേജിൽ  പോയപ്പോൾ നിർമ്മല  എന്നോട് പറഞ്ഞു, “അനസൂയ എപ്പോഴും ഉടുക്കാറുള്ള സാരി അമ്മ ഉടുത്തിരുന്നതുകൊണ്ട് അനസൂയയുടെ അമ്മയാവുമെന്ന് ഉറപ്പുതോന്നി ചെന്ന് കുശലം ചോദിച്ചു”, എന്ന്. വൈകുന്നേരം ബസ്സിൽ  കയറി വീട്ടിലേക്ക് മടങ്ങുന്ന വഴി ഞാൻ  തീരുമാനിച്ചു രാവിലെ നിർമ്മല പറഞ്ഞ കാര്യം അമ്മയോട് പറയണ്ടാ എന്ന്. അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് മറ്റു പല വിശേഷങ്ങളും വാതോരാതെ പറഞ്ഞുകേൾപ്പിച്ചും,  എങ്കിലും സാരിയെക്കുറിച്ചു മാത്രം ഞാൻ  മിണ്ടിയില്ല. അമ്മയുടെ സ്നേഹം അനുഭവിച്ച ആർക്കും  ഒരു രീതിയിലും അമ്മയുടെ മനസ്സിനു സന്തോഷം പകരുവാനല്ലാതെ മറിച്ചു തോന്നുകയില്ല.

2001 ഡിസംബർ  25-ാം തിയ്യതി അമ്മ അവസാനമായി കണ്ണുകൾ  അടച്ചു. അച്ഛൻ ഒറ്റപ്പെടാതെ ഇരിക്കുവാനുള്ള ചുമതല മക്കളായ ഞങ്ങള്ക്ക് കൈമാറിയിട്ട്. കൂട്ടത്തിലുള്ള ഒരാൾ  കൊഴിഞ്ഞുപോയാലും ജീവിതം തുടർന്നേ പറ്റൂ. അമ്മ ആയിരുന്നു ബാക്കി എല്ലാപേരുടെയും ശക്തി, പ്രത്യേകിച്ചും അച്ഛന്റെ. അമ്മ പോയ ശേഷം എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ട് എന്റെ കൂട്ടുകാരനെപോലെ ആയിരുന്ന അച്ഛൻ പതുക്കെ പതുക്കെഎന്റെ ഒരു മകനെപോലെ ആവുന്നോ എന്ന്. 2011 മാർച്ച്  26-ാം തിയ്യതി അച്ഛൻ പോയപ്പോൾ  കുറേകാലം എനിക്ക് പറയുവാൻ  പറ്റാത്ത ഒരു ശൂനൃത അനുഭവപ്പെട്ടു. ഉറ്റവർ  വിടവാങ്ങുമ്പോൾ  ഉള്ള ഈ അവസ്ഥയോട് പൊരുത്തപ്പെടുകയല്ലാതെ വേറെ മാർഗ്ഗമില്ലല്ലൊ. “അച്ഛൻകുട്ടീ “, എന്ന് ഞാൻ  നീട്ടിവിളിച്ചിരുന്നപ്പോൾ  ആ മുഖത്ത് ഉണ്ടായിരുന്ന ആ പ്രസന്നതയും പുഞ്ചിരിയും മനസ്സിൽ  ഒരു കുളിർമ്മയായി ഇന്നും ഓടി എത്തും. എന്റെ ഭാഗ്യമാണ് ഇങ്ങനെ ഒരു അച്ഛന്റെയും അമ്മയുടെയും മകളായതിൽ  എന്നതിന് യാതൊരു സംശയവുമില്ല. 

Leave a Reply

Your email address will not be published. Required fields are marked *