ഊണ് മുറി ഒരു ശ്രീകോവിൽ

ഊണ് മുറി ഒരു ശ്രീകോവിൽ

അവിടേയ്ക്ക് പൂജാദ്രവ്യങ്ങൾ ഒരുക്കുന്ന ഒരു  അമ്മയുണ്ട് വീട്ടിൽ.  എത്ര പ്രാവശ്യം രുചിച്ചു നോക്കിയിട്ടാണ് ഈ ശബരി ഓരോന്നും ഒരുക്കി പാത്രങ്ങളിലാക്കി മേശമേൽ  വയ്ക്കുന്നത്. ആ കുടുംബവിളക്കിൽ  നിന്നു പുറപ്പെടുന്ന ചൂടും വെളിച്ചവുമാണ് ഒരു ഭവനത്തിനു ജീവന് പകരുന്നത്.ആ ദീപത്തിൽ  എണ്ണ പകരാനും തിരി തെളിഞ്ഞു കത്താനും ഒപ്പം നില്ക്കുന്ന കുടുംബനാഥന്മാരുണ്ട്. പക്ഷേ പ്രധാന പങ്കു വഹിക്കുന്നത് അമ്മ തന്നെ. ആ മഹത്തായ പുണ്യകർമ്മം നടത്തുന്നവർ  ഒരുക്കിത്തരുന്നതു നന്ദിപൂർവ്വം  സ്വീകരിക്കാൻ  വീട്ടിലുള്ളവർക്ക് ധാർമ്മികമായ കടമയുണ്ട്. ഓരോ ഭക്ഷണസമയവുംഒരു സദ്വനുഭവമാക്കി മാറ്റാൻ  കുടുംബാംഗങ്ങൾക്ക് കഴിയണം. 

ഈ അനുഭൂതി സൃഷ്ടിച്ചെടുക്കാൻ കുട്ടിക്കാലം മുതല്‍ക്കേ കുഞ്ഞുങ്ങൾ പരിശീലിക്കേണ്ടിയിരിക്കുന്നു. മേശയ്ക്കുചുറ്റും ഒത്തുചേരുന്ന കുടുംബം ആസ്വദിക്കുന്നത്‌ ആഹാരത്തിന്റെ രുചി, സംഭാഷണത്തിന്റെ മാധുര്യം പങ്കുവെയ്ക്കലിന്റെ ആനന്ദം ഇവയൊക്കെയാണ്‌. അപ്പോള്‍ അവിടെ ദൈവപ്രസാദം സംജാതമാകുകയായി.

നമുക്കിന്നു ഭവിച്ചിരിക്കുന്ന ഒരു ച്യുതിയാണ്‌ ഒന്നിച്ചിരുന്ന്‌ ആഹാരം കഴിക്കാൻ സാധിക്കുന്നില്ല എന്നത്. ധാരാളം കാരണങ്ങൾ: വേലത്തിരക്ക്, വ്യത്യസ്തമായ ജോലിസമയങ്ങൾ , ഉറക്കംപോലെയുള്ള വ്യക്തിപരമായ തഴക്കങ്ങൾ  അങ്ങനെ പലതും. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും എത്ര പാടുപെട്ടായാലും ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും എല്ലാവരും ഭക്ഷണത്തിനുവേണ്ടി ഒത്തുകൂടുക എന്നത് അലിഖിത നിയമമായി അംഗീകരിച്ചാൽ  ഒരുപാടുമാറ്റമുണ്ടാകും. ഒഴിവാക്കാൻ  പറ്റാത്ത ആശുപത്രി ജോലിക്കാരും മറ്റും ഒഴിവായേ പറ്റൂ. ഒരേ മേശ പങ്കിടുന്നത് ഭാഗ്യമായി കരുതണം.

ഫോണും കമ്പ്യൂട്ടറും  പഠനോപാധികളും ഓഫീസ് പ്രശ്നങ്ങളും എല്ലാം ഉപേക്ഷിച്ച് ലളിതമായ സംഭാഷണങ്ങളും ഹൃദ്യമായ പൊട്ടിച്ചിരികളും സ്വാദുള്ള ഭക്ഷണവും മാത്രമായി എല്ലാം മറന്ന് ആസ്വദിക്കാൻ  പറ്റിയ ഒരു ചിട്ടയും ക്രമവും ഉണ്ടാക്കിയെടുത്താൽ  എന്തൊരു മാറ്റമായിരിക്കും അത്! ടെൻഷൻ  കുറയ്ക്കാനും റീ ചാർജ്ജുചെയ്യാനും ഇതിലും നല്ല അവസരമേത്? കൗൺസില്ലേർസിനേയും മന:ശാസ്ത്ര ഡോക്ടർമാരെയും  തേടി പ്പോകുന്നതൊഴിവാക്കാമല്ലോ.

ഒരേ ഉദരം പങ്കുവെച്ച മക്കൾ  മേശയ്ക്കു ചുറ്റുമിരുന്ന് അവരുടെ അനുഭവങ്ങൾ , പാളിച്ചകൾ, പ്രേമബന്ധങ്ങൾ, ജാള്യതകൾ , നേട്ടങ്ങൾ , കോട്ടങ്ങൾ തുടങ്ങിയവയെല്ലാം പങ്കുവെക്കുമ്പോൾ  അവ വീട്ടിലുള്ള എല്ലാവരുടെയും ചുമതലയായി മാറുന്നു.ഭാണ്ഡങ്ങൾ  അഴിച്ച് ഭാരമിറക്കാൻ  ഭവനമല്ലാതെ മറ്റെവിടമാണു ഉചിതമായിട്ടുള്ളത് ആഹാരസമയത്തു തന്നെ വേണമോ ഇതെന്നു ചോദിച്ചേക്കാം. പരസ്പരം തുറവി ഉണ്ടാകാനും ആത്മബന്ധം വളർത്തിയെടുക്കാനും ഭക്ഷണമേശയിലെ കൂടിച്ചേരലുകൾ  ഏറെ സഹായിക്കും. ഗൗരവമുള്ള പ്രശ്നങ്ങൾ  വേറെ അവസരത്തിൽ  ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യാം. ശങ്കകൊണ്ടോ സംസാരിക്കാൻ അവസരംലഭിക്കാഞ്ഞിട്ടോ ഒന്നും ആരെയും അറിയിക്കാതെ ഉള്ളിലടക്കി കഴിയുന്ന കുട്ടികൾ  നീങ്ങുന്നത് അപകടത്തിലേക്കാണ്.

 ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുമ്പോൾ  സംജാതമാകുന്നത് ക്രമവും ചിട്ടയുമാണ്. വെടിപ്പാക്കൽ, കഴുകിവെക്കൽ, മിച്ചംവരുന്നതു സൂക്ഷിക്കൽ  അടുത്തനേരത്തേക്കു പ്ലാൻ  ചെയ്യൽ  ഇവയെല്ലാം കൂട്ടുത്തരവാദിത്തത്തിൽകൂടി എളുപ്പമുള്ള പ്രക്രിയകും.ഉപയോഗ ശൂന്യമാകുന്ന  ഭക്ഷണത്തിന്റെ അളവും കുറയും.

 അമ്മമാർക്കു  പറ്റുന്ന ഒരു അമളിയുണ്ട്. മക്കൾക്ക് ഇഷ്ടഭക്ഷണം തന്നെ കൊടുത്തു ശീലിപ്പിക്കുന്നു. അതു കഷ്ടകാലത്തിനാണ്. അലങ്കാരഭക്ഷണം(ഐസ്ക്രീം, മധുരപലഹാരങ്ങൾ, ചിപ്സ് തുടങ്ങിയവതന്നെ വേണമെന്നു ശാഠ്യം പിടിക്കുന്ന കുട്ടിയെഅതിൽനിന്നും തിരിച്ചുവിട്ട്  ആവശ്യഭക്ഷണം കഴിക്കാൻ  പ്രേരിപ്പിക്കും വിവേകമതികൾ. കുട്ടി രാജാക്കളായി മക്കളെ വളർത്തിയാൽ അവർ  ത്യാഗമനഃസ്ഥിതിയും പങ്കുവെയ്ക്കലും ഇല്ലാത്ത സ്വാർത്ഥരായി വളരും.

 എനിക്കൊരിക്കൽ  രസകരമായ ഒരനുഭവം ഉണ്ടായി. ഒരു സഹപ്രവർത്തകയുടെ വീട്ടിൽ  പോയതാണ്. കുട്ടികൾക്കായി ഓംലെറ്റ് ഉണ്ടാക്കുന്ന തെരക്കിലാണവർ. ചൂടുചൂടായി അവർ  അതു മേശപ്പുറത്തുവെച്ചപ്പോൾ  എട്ടാം ക്ലാസുകാരൻ  ചിക്കിപ്പൊരിച്ച മുട്ടമതി!മണത്തിലും ഗുണത്തിലും രുചിയിലും വ്യത്യാസമില്ലെങ്കിലും അവന് അതുതന്നെ വേണം. ഞാൻ  സ്നേഹിതയെ വിലക്കിയപ്പോൾ അവർ  പറഞ്ഞത് ഇതു കിട്ടിയില്ലെങ്കിൽ  അവൻ  ഉണ്ണാതെ പൊയ്ക്കളയും എന്നാണ്. ആ കുട്ടിയെ അങ്ങനെ പീഠത്തിൽ  പ്രതിഷ്ഠിക്കാതെയിരുന്നാൽ  ഭാവിയിൽ  പൊതുജീവിതത്തിലേക്കിറങ്ങുമ്പോൾ  ഹോസ്റ്റലിലും മറ്റും അവനു ജീവിതം സുഖകരമാകും. പഴങ്ങളും മറ്റും എടുത്തു വെക്കുമ്പോൾ  വലുതും നല്ലതും തെരഞ്ഞുപിടിച്ച് എടുക്കുന്നവരും ബിരിയാണിയിൽനിന്ന്   അണ്ടിപ്പരിപ്പു പെറുക്കി എടുക്കുന്നവരും വീട്ടിലെ “ശ്രീകോവിലിൽ ‘നല്ല പരിശീലനം ലഭിക്കാത്ത നിർഭാഗ്യരാണ്.

 ജീവിതത്തെ നേരിടാനായിട്ടാണു കുഞ്ഞുങ്ങളെ നാം ഒരുക്കുന്നതെങ്കില്‍ എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കാനുള്ള മനോഭാവം അവരിൽ വളർത്തിയെടുക്കണം. ഇഷ്ടമുള്ളതേ കഴിക്കൂവെന്ന് കുട്ടികൾ  ശഠിച്ചാൽ  ഓരോരുത്തര്ക്കും ഓരോ ഇഷ്ടമായിരിക്കും സാധിച്ചുകൊടുക്കേണ്ടിവരിക.ഫലമോ? അടുക്കള അടർകളമാകും. വേണ്ടതിലേറെ ആഹാരസാധനങ്ങൾകൊണ്ട്  റീഫ്രജനറേറ്റർ  നിറയും.  നിയന്ത്രിതമായും ചിട്ടയായും പോകണമെങ്കിൽ ഓരോ നേരവും ഒരേതരം ആഹാരം കഴിയുമെങ്കിൽ ഒന്നിച്ചിരുന്ന്‌ കഴിക്കുന്ന രീതി കൈവരണം. “പത്തായം പെറും, ചക്കികുത്തും, അമ്മ വയ്ക്കും ഉണ്ണി ഉണ്ണും” എന്ന മട്ടിൽ ഫ്രിഡ്ജ്‌ തുറന്ന്‌ ഇഷ്ടഭക്ഷണം തെരഞ്ഞെടുത്ത്‌ മൈക്രോവേവില്‍ വെച്ച്‌ തനിച്ചിരുന്ന്‌ കഴിക്കുന്ന “സംസ്കാരം മാത്രം സ്വാംശീകരിച്ചു വളരുന്ന കുഞ്ഞുങ്ങൾ  പതുക്കെപ്പതുക്കെ ഒറ്റപ്പെട്ട തുരുത്തുകളായി മാറും. ജീവിതപങ്കാളിയുമായി ചേർന്ന  ഒരു നല്ല കുടുംബം കെട്ടിപ്പടുക്കാൻ  അവർക്കു  കഴിയാതെ പോകും. പെറുന്ന പത്തായങ്ങളും കുത്തുന്ന ചക്കിമാരും ഇല്ലാതെ ജീവിക്കാൻ  മനുഷ്യൻ  ബാധ്യസ്ഥനായിക്കൊണ്ടിരിക്കുമ്പോൾ  കുടുംബത്തിലുള്ളവർ പരസ്പരം പുണർന്ന്  മുന്നേറുകയാണ് കരണീയം. ഏറിയകൂറും ജനങ്ങൾ  കൊറോണമൂലമുള്ള വറുതി അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ  എന്തിനേയും നേരിടാനുള്ള ഉൾക്കരുത്താണ് കുട്ടികളിൽ  സൃഷ്ടിക്കേണ്ടത്. ശരീരം പുഷ്ടിക്കാനുള്ള മേന്മയുള്ള ഭക്ഷണം ഇഷ്ടംപോലെ കൊടുത്താൽ  പോരാ, സമൂഹത്തോട്  സൽമനോഭാവം  വളർത്താനുള്ള ആശയങ്ങളും കുട്ടികൾ ക്കു നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളോ സർക്കാരോ  ഈ ചുമതല ഏറ്റെടുക്കുമെന്ന് കരുതി കയ്യൊഴിയാൻ  പറ്റില്ല. കുടുംബമായിരിക്കട്ടെ, കുഞ്ഞുങ്ങളുടെ അത്താണി. ഇളംതൈകൾ  മാതാപിതാക്കളാകുന്ന തണൽമരങ്ങളുടെ കീഴിൽ  വളർന്നുവലുതാകട്ടെ. അത്യന്താധുനിക പരിഷ്ക്കാരങ്ങളുടെ ചൂടേൽക്കുമ്പോൾ   അവ വാടുകയില്ല!

ഒരുമിച്ച് ഉണ്ണാം. ഒന്നായി ഈശ്വരഭജന നടത്താം. ഒരേ കൂരയ്ക്കു താഴെ ഉറങ്ങാം. പറക്കമുറ്റുമ്പോഴേക്കും കുട്ടികൾ  നമ്മുടെ മഹത്തരമായ പൈതൃകസംസ്ക്കാരത്തിന്റെ ശക്തിയാർജിച്ചു  പറന്നുയരട്ടെ.

കേരളപൈതൃകത്തിന്റെ കൈത്തിരി അണയാതെ ഈ  മണ്ണിത് കാത്തുസ്സുക്ഷിക്കുന്ന ‘കൈരളി’ക്ക്  സ്നേഹോഷ്മളമായ അഭിനന്ദനം.

 

Leave a Reply

Your email address will not be published. Required fields are marked *